കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിലെ മെഗാ താരലേലം പൂര്‍ത്തിയായതിനാല്‍ ഇടി പടയൊരുക്കത്തിന്റെ സമയമാണ്. പല ടീമുകളും ഇതിനോടകം നായകനെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ചില പ്രധാന ടീമുകളുടെ നായകന്മാരെ ഇനിയും പ്രഖ്യാപിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. സീനിയര്‍ താരം അജിന്‍ക്യ രഹാനെയാവും നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പുതിയ നായകനെന്നാണ് ആദ്യം പുറത്തുവന്ന വിവരം.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലടക്കം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാന്‍ അജിന്‍ക്യ രഹാനെക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കെകെആറിന്റെ നായകസ്ഥാനത്തേക്ക് രഹാനെ എത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ഇപ്പോഴിതാ സര്‍പ്രൈസ് നീക്കത്തിനെ കെകെആര്‍ തയ്യാറെടുക്കുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. വെങ്കടേഷ് അയ്യരെ റെക്കോഡ് പ്രതിഫലത്തില്‍ ടീമിലെത്തിച്ചെങ്കിലും കെകെആര്‍ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നില്ല.
എന്നാല്‍ ഏറ്റവും പുതിയ വിവരം അനുസരിച്ച് റിങ്കു സിങ്ങിനെയാണ് കെകെആര്‍ നായകനാക്കാന്‍ പദ്ധതിയിടുന്നത്. ഇത്തവണ കെകെആര്‍ നിലനിര്‍ത്തിയ താരങ്ങളിലൊരാളാണ് റിങ്കു സിങ്. നായകനായി വലിയ അനുഭവസമ്പത്തില്ലെങ്കിലും റിങ്കുവിന്റെ മികവില്‍ വിശ്വസിക്കാന്‍ കെകെആര്‍ തയ്യാറായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

ഉത്തര്‍ പ്രദേശ് നായകനായി റിങ്കു സിങ്
കെകെആറിന്റെ നായകനായി റിങ്കു സിങ് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമാകവെ റിങ്കു സിങ്ങിനെ വിജയ് ഹസാരെ ട്രോഫിയില്‍ നായകനാക്കിയിരിക്കുകയാണ് ഉത്തര്‍ പ്രദേശ്. ഭുവനേശ്വര്‍ കുമാര്‍, നിതീഷ് റാണ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഉത്തര്‍ പ്രദേശിനെ ടീമിനെ നയിക്കാനുള്ള അവസരമാണ് റിങ്കുവിന് ലഭിച്ചിരിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ മികവ് കാട്ടാന്‍ സാധിച്ചാല്‍ റിങ്കുവിന് കെകെആറിന്റെ നായകസ്ഥാനത്തേക്കെത്തുക താരത്തിന് പ്രയാസമാവില്ല. 2018ല്‍ കെകെആറിലേക്കെത്തിയ റിങ്കു ടി20യില്‍ മാത്രമാണ് തിളങ്ങുന്നത്. ഇന്ത്യക്കായി ഒരു ഏകദിനം മാത്രമാണ് അദ്ദേഹം കളിച്ചത്.
എന്തായാലും കെകെആര്‍ നായകസ്ഥാനത്തേക്ക് റിങ്കുവിനെ പരിഗണിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പുതിയൊരാളെ ക്യാപ്റ്റനാക്കാന്‍ കെകെആര്‍ ആഗ്രഹിക്കുന്നു. റിങ്കു സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ശേഷിയുള്ള താരമാണ്. ഫിനിഷര്‍ റോളില്‍ ഒറ്റക്ക് ടീമിനെ ചുമലിലേറ്റുന്ന റിങ്കു ഏത് സാഹചര്യത്തിലും ഏത് പൊസിഷനിലും മികവ് കാട്ടുന്ന ബാറ്റ്സ്മാനാണ്. ഈ സാഹചര്യത്തില്‍ നായകസ്ഥാനം നല്‍കുന്നത് മികച്ച തീരുമാനമായിരിക്കും.
രഹാനെയെ ക്യാപ്റ്റനാക്കുന്നത് മണ്ടത്തരം
സീനിയര്‍ താരമായ അജിന്‍ക്യ രഹാനെയുടെ സമീപകാല പ്രകടനം മികച്ചതാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അത്യുജ്ജ്വല പ്രകടനം കാഴ്ചവെക്കാന്‍ രഹാനെക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇതേ മികവ് ഐപിഎല്ലില്‍ നടത്തുമെന്ന് പറയാനാവില്ല. അവസാന സീസണില്‍ രഹാനെക്ക് കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ 2023ല്‍ അപ്രതീക്ഷിതമായി മിന്നിക്കാന്‍ രഹാനെക്ക് സാധിച്ചിരുന്നു. പക്ഷെ ഈ പ്രകടനംകൊണ്ട് രഹാനെയെ നായകനാക്കുന്നത് മണ്ടത്തരമാവും.
നേരത്തെ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായിരുന്നു രഹാനെ. ടീമിനെ കപ്പിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. പ്രായം രഹാനെയെ പിന്നോട്ടടിക്കുന്ന ഘടകം തന്നെയാണ്. സൂപ്പര്‍ താരങ്ങളെല്ലാം കളിക്കുന്ന ഐപിഎല്ലില്‍ വലിയ സ്‌കോര്‍ നേടി മുന്നില്‍ നിന്ന് നയിക്കാന്‍ രഹാനെക്ക് സാധിക്കുമെന്ന് കരുതാനാവില്ല. അതുകൊണ്ടുതന്നെ രഹാനെയെ നായകനാക്കാതെ യുവതാരത്തെ വളര്‍ത്താനാവും കെകെആര്‍ ശ്രമിക്കുകയെന്നുറപ്പ്.
കിരീടം നിലനിര്‍ത്തണം
കെകെആറിന് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളത്. നിലവിലെ ചാമ്പ്യന്മാരായ കെകെആറിന് ഇത്തവണ കിരീടം നിലനിര്‍ത്താന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അവസാന സീസണില്‍ കെകെആറിനെ നയിച്ചത് ശ്രേയസ് അയ്യരായിരുന്നു. എന്നാല്‍ ഇത്തവണ ശ്രേയസിനെ കെകെആര്‍ നിലനിര്‍ത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ കെകെആര്‍ കിരീടം നിലനിര്‍ത്തുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് ഗൗതം ഗംഭീറും പോന്നതിനാല്‍ കെകെആറിന് കാര്യങ്ങള്‍ പ്രയാസമാണെന്ന് തന്നെ പറയാം.