ഐപിഎല്ലിന്റെ 18ാം സീസണിലെ പോരാട്ടങ്ങള്‍ ആവേശകരമായ രണ്ടാംപകുതിയിലിക്കു കടന്നിരിക്കുകയാണ്. പ്ലേഓഫ് ബെര്‍ത്തിനായുള്ള പോരാട്ടങ്ങളാണ് ഇപ്പോള്‍ മുറുകുന്നത്. ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്യുകയെന്ന ലക്ഷ്യവുമായി നിരവധി ടീമുകളാണ് ഇഞ്ചോടിഞ്ച് പോരടിക്കുന്നത്.
വിവിധ ഫ്രാഞ്ചൈസികള്‍ക്കായി തകര്‍പ്പന്‍ പ്രകടനങ്ങളാണ് ചില ബാറ്റര്‍മാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്ലേഓഫ് ബെര്‍ത്തിന വേണ്ടി മാത്രമല്ല, ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനായും പിടിവലി മുറുകുകയാണ്. അവരില്‍ നിന്നും ഏറ്റവും മികച്ച ബാറ്ററെ തിരഞ്ഞെടുത്തിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളറും ക്യാപ്റ്റനുമായിരുന്ന ഷോണ്‍ പൊള്ളോക്ക്.

ഏറ്റവും ബെസ്റ്റാര്?
ക്രിക്ക്ബസിന്റെ (cricbuzz) ദിസ് ഓര്‍ ദാറ്റ് എന്ന ഷോയില്‍ സംസാരിക്കവെയാണ് ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്റര്‍ ആരാണെന്നു ഷോണ്‍ പൊള്ളോക്ക് തിരഞ്ഞെടുത്തത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇന്ത്യന്‍ യുവതാരം സായ് സുദര്‍ശന്‍, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു റണ്‍മെഷീന്‍ വിരാട് കോലി, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ വെടിക്കെട്ട് താരം നിക്കോളാസ് പൂരന്‍ എന്നിവരാണ് ഇപ്പോള്‍ റണ്‍വേട്ടയില്‍ ടോപ്പ് ത്രീയിലുള്ളത്. ഇവരില്‍ നിന്നും സായിയെയാണ് ഏറ്റവും കേമനായി പൊള്ളോക്ക് ചൂണ്ടിക്കാട്ടിയത്.
ഷോയില്‍ നിരവധി ബാറ്റര്‍മാരുടെ പേരുകള്‍ പൊള്ളോക്കിനു ഓപ്ഷനുകളായി നല്‍കിയിരുന്നു. ഇവരില്‍ നിന്നാണ് സായിയെ അദ്ദേഹം തിരഞ്ഞെടുത്തത്. രാജസ്ഥാന്‍ റോയല്‍സിന്റെ യശസ്വി ജയ്‌സ്വാള്‍, പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എന്നിവരായിരുന്നു പൊള്ളോക്കിനു നല്‍കിയ ആദ്യ ഓപ്ഷന്‍.
ഇവരില്‍ അദ്ദേഹം തിരഞ്ഞെടുത്തത് ജയ്‌സ്വാളിനെയാണ്. അതിനു ശേഷം ജയ്‌സ്വാള്‍, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മിച്ചെല്‍ മാര്‍ഷ് എന്നിവരില്‍ ബെസ്റ്റ് ആരെന്നായിരുന്നു. അവിടെയും ജയ്‌സ്വാളിനെ പൊള്ളോക്ക് തിരഞ്ഞെടുത്തത്. തുടര്‍ന്നു താരതമ്യം ചെയ്യപ്പെട്ടത് ജയ്‌സ്വാളും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നിക്കോളാസ് പൂരനുമായിരുന്നു. അവിടെ പക്ഷെ പൂരന്റെ പേരാണ് പൊള്ളോക്ക് പറഞ്ഞത്.
അടുത്ത റൗണ്ടില്‍ പൂരന്‍, മുംബൈ ഇന്ത്യന്‍സ് ഇതിഹാസ ഓപ്പണര്‍ രോഹിത് ശര്‍മ ഇവരില്‍ ആരാണ് കേമനെന്നായിരുന്നു. പൂരനെ തന്നെ പൊള്ളോക്ക് വീണ്ടും തിരഞ്ഞെടുത്തു. അതിനു ശേഷം പൂരനും ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇംഗ്ലീഷ് സൂപ്പര്‍ താരം ജോസ് ബട്‌ലറുമാണ് പോരടിച്ചത്. അവിടെ വിജയം ബട്‌ലര്‍ക്കായിരുന്നു.
തുടരന്ന് ബട്‌ലറും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിരാട് കോലിയും കൊമ്പുകോര്‍ത്തു. ബട്‌ലര്‍ തന്നെയാണ് ബെസ്റ്റെന്നു പൊള്ളോക്ക് പറഞ്ഞു. അതിനു ശേഷം ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, മുംബൈ ഇന്ത്യന്‍സിന്റെ 360 ബാറ്ററായ സൂര്യകുമാര്‍ യാദവ് എന്നിവരും വന്നെങ്കിലും അവരെയെല്ലാം ബട്‌ലര്‍ പിന്തള്ളി. അവസാനം പോരടിച്ചത് ബട്‌ലറും ടീമംഗമായ സായ് സുദര്‍ശനും തമ്മിലായിരുന്നു. ഇത്തവണ പക്ഷെ പൊള്ളോക്കിന്റെ വോട്ട് സായിക്കായിരുന്നു.
തുടര്‍ന്ന് സായിയും പഞ്ചാബ് കിങ്‌സ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയുമാണ് കൊമ്പുകോര്‍ത്തത്. സായ് തന്നെയാണ് ബെസ്റ്റെന്നു പൊള്ളോക്ക് പറഞ്ഞു. പിന്നാലെ സായിയും ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്റ്റാര്‍ ബാറ്റര്‍ കെഎല്‍രാഹുലും മുഖാംമുഖം വന്നു. അവിടെയും സായി തന്നെയാണ് കേമനെന്നു പൊള്ളോക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.
സായിയുടെ പ്രകടനം
ഗുജറാത്ത് ടൈറ്റന്‍സിനായി വമ്പന്‍ റണ്‍വേട്ടയാണ് ഈ സീസണില്‍ സായ് സുദര്‍ശന്‍ കാഴ്ചവയ്ക്കുന്നത്. എട്ടു മല്‍സരങ്ങളില്‍ നിന്നും 52.13 എന്ന തകര്‍പ്പ്ന്‍ ശരാശരിയില്‍ 152.8 സ്‌ട്രൈക്ക്‌റേറ്റില്‍ ഇടംകൈയന്‍ ബാറ്റര്‍ 417 റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞു.
അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടുന്നു. ഈ സീസണില്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ ജിടിയുടെ വിജയക്കുതിപ്പിന് പ്രധാന കാരണങ്ങളില്‍ ഒന്നും സായിയുടെ റണ്‍വേട്ട തന്നെയാണ്.