ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ 18ാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ നേരിടാന്‍ പോവുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ആദ്യത്തെ മൂന്ന് മത്സരത്തില്‍ നിന്ന് ഒരു ജയം മാത്രമാണ് രാജസ്ഥാന്‍ നേടിയത്. ആദ്യത്തെ മൂന്ന് മത്സരത്തിലും റിയാന്‍ പരാഗാണ് രാജസ്ഥാനെ നയിച്ചത്. എന്നാല്‍ പഞ്ചാബിനെതിരായ മത്സരത്തിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുത്ത സഞ്ജു രാജസ്ഥാന്റെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
സഞ്ജുവിന്റെ മടങ്ങിവരവോടെ രാജസ്ഥാന്‍ റോയല്‍സ് ആത്മവിശ്വാസത്തിലേക്ക് എത്തിയിരിക്കുകയാണ്. തുടര്‍ ജയങ്ങളോടെ ശക്തമായ തിരിച്ചുവരവ് നടത്താന്‍ രാജസ്ഥാന് സാധിക്കുമെന്നാണ് ഇപ്പോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. രാജസ്ഥാന്‍ മികച്ച താരങ്ങളുടെ നിരയാണെങ്കിലും ഫോമിലുള്ളവര്‍ കുറവാണെന്നതാണ് പ്രശ്‌നം. ആരേയും വിശ്വസിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് രാജസ്ഥാനുള്ളത്. അതുകൊണ്ടുതന്നെ ജയത്തിലേക്കെത്തുക പ്രയാസമായിരിക്കുമെന്ന് പറയാം.
സഞ്ജു നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോള്‍ തുടര്‍ തോല്‍വി നേരിട്ടാല്‍ അത് താരത്തെ പ്രതികൂലമായി ബാധിക്കും. എന്നാല്‍ പഞ്ചാബിനെതിരായ മത്സരത്തിന് മുമ്പ് ആത്മവിശ്വാസം പ്രകടിപ്പിച്ച് സഞ്ജും രംഗത്തെത്തിയിരിക്കുകയാണ്. മോശം ഫോമിലുള്ള ആ താരം ടീമിന്റെ വജ്രായുധമാകുമെന്നാണ് സഞ്ജു പറയുന്നത്.
ജയ്‌സ്വാള്‍ മാച്ച് വിന്നറായി മാറും
രാജസ്ഥാന്‍ റോയല്‍സിന് വലിയ തലവേദനയായിരിക്കുന്നത് യശ്വസി ജയ്‌സ്വാളിന്റെ മോശം ഫോമാണ്. ഇടം കൈയന്‍ വെടിക്കെട്ട് ഓപ്പണറായ ജയ്‌സ്വാള്‍ ആദ്യത്തെ മൂന്ന് മത്സരത്തിലും ഫ്‌ളോപ്പാണ്. ജയ്‌സ്വാളിന് മികവ് കാട്ടാന്‍ സാധിക്കാത്തത് സഞ്ജു സാംസണിനേയും കാര്യമായി ബാധിക്കുന്നുണ്ട്. ജോസ് ബട്‌ലറുടെ അഭാവത്തില്‍ ജയ്‌സ്വാളില്‍ രാജസ്ഥാന്‍ വലിയ പ്രതീക്ഷവെക്കുന്നുണ്ടെങ്കിലും താരത്തിന് മികവ് കാട്ടാനാവുന്നില്ല. എന്നാല്‍ പഞ്ചാബിനെതിരേ ജയ്‌സ്വാള്‍ മിന്നിക്കുമെന്നാണ് സഞ്ജു പറയുന്നത്.
ടീമിന്റെ ഹീറോയായി ജയ്‌സ്വാള്‍ മാറുമെന്ന പ്രതീക്ഷയാണ് സഞ്ജു മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്. 'അവന്‍ വളരെയധികം കഠിനാധ്വാനം ചെയ്യുന്നുണ്ട്. എല്ലാ പരിശീല സെക്ഷനിലും അവന്‍ പങ്കെടുക്കുന്നുണ്ട്. കൂടുതല്‍ മണിക്കൂര്‍ അവന്‍ നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നുണ്ട്. അവനെ പുറത്താക്കാന്‍ നെറ്റ്‌സില്‍ ഏറെ നേരം ശ്രമിച്ചിട്ടാണ് സാധ്യമായത്. ഫോമിലേക്കെത്താന്‍ സാധ്യമായതെല്ലാം അവന്‍ ചെയ്യുന്നുണ്ട്. എല്ലാവര്‍ക്കും അറിയാവുന്നത് പോലെ ഐപിഎല്‍ വളരെ വെല്ലുവിളി നിറഞ്ഞതാണ്.
ഓപ്പണറെന്ന നിലയില്‍ അവന്‍ ആക്രമിച്ച് കളിക്കേണ്ടതായുണ്ട്. പോസിറ്റീവായ തുടക്കം നല്‍കാനാണ് ശ്രമിക്കുന്നത്. സിക്‌സിനും ബൗണ്ടറിക്കുമായി ശ്രമിക്കുമ്പോള്‍ വിക്കറ്റും നഷ്ടമാവുന്നത് സ്വാഭാവികമാണ്. അവന്‍ ആവശ്യമുള്ള സമയത്ത് ഏറ്റവും മികച്ച പ്രകടനത്തോടെ ഉയര്‍ന്ന് വരുമെന്ന് തന്നെ വിശ്വസിക്കുന്നു. അവന്റെ കരുത്ത് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ക്കുവേണ്ടി അവന്‍ കളി ജയിപ്പിക്കും. എല്ലാം മികച്ച രീതിയിലാണ് അവന്‍ ചെയ്യുന്നത്' സഞ്ജു പറഞ്ഞു.

സഞ്ജുവിന്റെ ഫോം നിര്‍ണ്ണായകം
രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിങ് നിരയില്‍ സഞ്ജു സാംസണിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്. സഞ്ജു നിരാശപ്പെടുത്തിയാല്‍ രാജസ്ഥാന്റെ പ്രകടനത്തെയത് കാര്യമായിത്തന്നെ ബാധിക്കും. ആദ്യ മത്സരത്തില്‍ മികവ് കാട്ടിയ സഞ്ജു പിന്നീട് കളിച്ച രണ്ട് മത്സരത്തിലും ഫ്‌ളോപ്പാണ്. ജയ്‌സ്വാളിന്റെ മോശം ഫോം സഞ്ജുവിനെയും സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുകയാണ്. സഞ്ജുവിന് സ്ഥിരത കാട്ടാനാവുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം.
സഞ്ജുവിന് പഞ്ചാബിനെതിരായ മത്സരം വളരെ പ്രധാനപ്പെട്ടതാണ്. ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സ് തോല്‍വി അറിയാതെയാണ് എത്തുന്നത്. മിന്നും ഫോമില്‍ കളിക്കുന്ന പഞ്ചാബിനെ വീഴ്ത്താന്‍ രാജസ്ഥാന് എളുപ്പമാവില്ലെന്നുറപ്പ്. ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ സാധിക്കാത്ത പക്ഷം രാജസ്ഥാന് വിജയം പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം. ജോഫ്രാ ആര്‍ച്ചറുടെ ന്യൂബോളിലെ പ്രകടനം വളരെ നിര്‍ണ്ണായകമാവും. സഞ്ജുവിന്റെ ക്യാപ്റ്റനായുള്ള മടങ്ങിവരവില്‍ ജയിച്ച് തുടങ്ങാന്‍ രാജസ്ഥാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.