മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന്റെ മെഗാ താരലേലം വരാന്‍ പോവുകയാണ്. ഈ മാസം 24, 25 തീയ്യതികളിലായി ജിദ്ദയിലാണ് ഇത്തവണത്തെ താരലേലം നടക്കുന്നത്. ഇത്തവണത്തെ ലേലം വളരെ വാശിയേറിയതാവും. പല സൂപ്പര്‍ താരങ്ങളും ഇത്തവണ ലേലത്തിലേക്കെത്തിപ്പെട്ടിട്ടുണ്ട് എന്നതാണ് എടുത്തു പറയേണ്ടത്. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ജോസ് ബട്‌ലര്‍ എന്നിവരെല്ലാം ഇത്തവണ ലേലത്തിലേക്ക് എത്തിപ്പെട്ടവരാണ്.
ഇവരെല്ലാം കോടികള്‍ പ്രതിഫലം വാങ്ങി ഞെട്ടിക്കാന്‍ കെല്‍പ്പുള്ളവരാണ്. ഇതില്‍ ആരാവും ഇത്തവണ ലേലത്തിലെ റെക്കോഡുകളെല്ലാം ഭേദിച്ച് പ്രതിഫലത്തില്‍ ഒന്നാമനാവുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പല യുവതാരങ്ങളും ഇത്തവണയും വലിയ നേട്ടം കൊയ്യാന്‍ സാധ്യതയുണ്ട്. ഇതിലൊരാളായി അര്‍ജുന്‍ ടെണ്ടുല്‍ക്കറും മാറിയേക്കും. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനെന്ന നിലയില്‍ വലിയ വാര്‍ത്താ ശ്രദ്ധ ലഭിക്കുന്ന താരമാണ് അര്‍ജുന്‍.
മുംബൈക്കായി കളിച്ച് ഐപിഎല്‍ അരങ്ങേറ്റം നടത്തിയെങ്കിലും പ്രതീക്ഷിച്ചപോലെ സീറ്റുറപ്പിക്കാന്‍ അര്‍ജുവിനായിട്ടില്ല. സച്ചിന്റെ സ്വാധീനമാണ് അര്‍ജുന് മുംബൈയില്‍ സീറ്റ് നേടിക്കൊടുക്കുന്നതെന്ന ആക്ഷേപം നേരത്തെ മുതല്‍ ഉള്ളതാണ്. എന്നാല്‍ ഇത്തവണ അര്‍ജുനെ മുംബൈ നിരയില്‍ പ്രതീക്ഷിക്കേണ്ട. സച്ചിന്റെ മകന്‍ മറ്റൊരു സൂപ്പര്‍ ടീമിലേക്ക് പോയേക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
അര്‍ജുന്റെ സമീപകാല പ്രകടനം ഗംഭീരം
ഓള്‍റൗണ്ടറെന്ന നിലയില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ സമീപകാല പ്രകടനങ്ങള്‍ മികച്ചതാണ്. രഞ്ജി ട്രോഫിയില്‍ ഗോവക്കായി കളിക്കുന്ന അര്‍ജുന്‍ കഴിഞ്ഞ ദിവസം അഞ്ച് വിക്കറ്റ് പ്രകടനമടക്കം നടത്തി ഞെട്ടിച്ചിരുന്നു. ഇതിനോടകം സെഞ്ച്വറി പ്രകടനം നടത്തി കൈയടി നേടാനും അര്‍ജുനായിട്ടുണ്ട്. സച്ചിന്റെ മകനെന്ന അമിത സമ്മര്‍ദ്ദവും മുംബൈയിലെത്തിയത് അച്ഛന്റെ പിന്തുണകൊണ്ടാണെന്നുമുള്ള പരിഹാസങ്ങളും അര്‍ജുനെ മാനസികമായി തളര്‍ത്തിയിട്ടുണ്ടെന്ന് തന്നെ പറയാം.
എന്നാല്‍ യുവതാരത്തിന്റെ സമീപകാല പ്രകടനങ്ങളില്‍ നിന്ന് അദ്ദേഹം തന്റെ കഴിവുകള്‍ തെളിയിക്കുന്നുണ്ട്. ഓള്‍റൗണ്ട് പ്രകടനത്തോടെ മിന്നിക്കുന്ന അര്‍ജുന്‍ തന്റെ പ്രതിഭ കാട്ടുന്നു. ഈ സാഹചര്യത്തില്‍ ഇനി മുംബൈയിലേക്ക് പോകാന്‍ അര്‍ജുന്‍ തയ്യാറായേക്കില്ല. എന്തായാലും ലേലത്തില്‍ അര്‍ജുന്‍ പുതിയ ടീമിലേക്കെത്തുമെന്ന കാര്യം ഉറപ്പാണ്. അര്‍ജുനെ ചില പ്രമുഖ ടീമുകള്‍ ഓള്‍റൗണ്ടര്‍ റോളില്‍ത്തന്നെ നോട്ടമിടുന്നുണ്ടെന്നാണ് വിവരം.

ആര്‍സിബിയിലേക്ക് പോകാന്‍ അര്‍ജുന്‍
മെഗാ ലേലത്തില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ നോട്ടമിടുന്ന പ്രധാന ടീം ആര്‍സിബിയാണെന്നാണ് വിവരം. വരുന്ന സീസണില്‍ വലിയ അഴിച്ചുപണി ആര്‍സിബി നടത്തും. മൂന്ന് താരങ്ങള മാത്രമാണ് ആര്‍സിബി നിലനിര്‍ത്തിയത്. അതുകൊണ്ടുതന്നെ നിരവധി താരങ്ങളെ ഇനിയും ആര്‍സിബിക്ക് ആവശ്യമാണ്. അര്‍ജുനെ ചെറിയ തുകയ്ക്ക് ടീമിലെത്തിച്ച് ഓള്‍റൗണ്ടറായി കളിപ്പിക്കാമെന്നാവും ആര്‍സിബി പദ്ധതിയിടുന്നത്. ആര്‍സിബിയിലേക്ക് പോകുന്നത് അര്‍ജുനും ഗുണം ചെയ്‌തേക്കും.
വിരാട് കോലി ഉള്‍പ്പെടുന്ന ആര്‍സിബിക്കൊപ്പം തിളങ്ങാനായാല്‍ അര്‍ജുന്റെ പ്രകടനം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടേക്കും. സച്ചിന്റെ മകനെന്ന അമിത പരിഗണന മുംബൈയില്‍ കളിക്കുമ്പോള്‍ അര്‍ജുന് ലഭിക്കുന്നുണ്ട്. ഇത് താരമെന്ന നിലയിലെ വളര്‍ച്ചക്ക് തടസമാണ്. ഈ സാഹചര്യത്തില്‍ ആര്‍സിബിയില്‍ നിന്ന് ഓഫര്‍ ലഭിച്ചാല്‍ അര്‍ജുന്റെ കരിയറിനത് വളരെയധികം ഗുണം ചെയ്‌തേക്കും. ലേലത്തില്‍ അര്‍ജുന് വലിയ പ്രതിഫലം ലഭിക്കാന്‍ സാധ്യത കുറവാണെങ്കിലും ആര്‍സിബിയില്‍ സീറ്റ് ലഭിക്കാന്‍ സാധ്യത കൂടുതലാണ്.
അര്‍ജുന്റെ കണക്കുകള്‍
ഇടം കൈയന്‍ പേസ് ഓള്‍റണ്ടറായ അര്‍ജുന്‍ 17 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 37 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ 15 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 21 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. 21 ടി20യില്‍ നിന്ന് 26 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. ടി20യില്‍ ഇക്കോണമി മോശമാണെന്നതാണ് അര്‍ജുന്റെ പ്രശ്‌നം. ഉയര്‍ന്ന കായിക ക്ഷമതയുള്ള അര്‍ജുന് അതിനൊത്ത വേഗം ബൗളിങ്ങില്‍ കണ്ടെത്താനാവുന്നില്ല. വരുന്ന സീസണില്‍ മെച്ചപ്പെട്ട പ്രകടനത്തോടെ കസറാന്‍ അര്‍ജുനാവുമെന്ന് തന്നെ കരുതാം.