മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ ത്രില്ലറില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയിരിക്കുകയാണ് ആര്‍സിബി. അവസാന ഓവറിലേക്ക് നീണ്ട ത്രില്ലറില്‍ 12 റണ്‍സിനാണ് ആര്‍സിബി ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി അഞ്ച് വിക്കറ്റിന് 221 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് ഒമ്പത് വിക്കറ്റിന് 209 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 10 വര്‍ഷത്തിന് ശേഷമാണ് ആര്‍സിബി മുംബൈയുടെ തട്ടകത്തില്‍ ജയിക്കുന്നത്.
അവസാന ഓവര്‍ എറിഞ്ഞ ക്രുണാല്‍ പാണ്ഡ്യ വിജയം മുംബൈയില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നുവെന്ന് പറയാം. മൂന്ന് വിക്കറ്റുകളാണ് അവസാന ഓവറില്‍ ക്രുണാല്‍ വീഴ്ത്തിയത്. മുന്‍ മുംബൈ ഇന്ത്യന്‍സ് താരമായ ക്രുണാല്‍ പാണ്ഡ്യക്ക് വാംഖഡെയിലെ പിച്ചിനെക്കുറിച്ച് നന്നായി അറിയാം. ഈ അനുഭവസമ്പത്ത് മാച്ച് വിന്നിങ് പ്രകടനം നടത്താന്‍ ക്രുണാലിനെ സഹായിച്ചിട്ടുണ്ട്. ആര്‍സിബിയുടെ ജയത്തിന് പിന്നാലെ ക്രുണാലിന്റ ബൗളിങ്ങിനെയാണ് എല്ലാവരും വാഴ്ത്തുന്നത്.
എന്നാല്‍ മത്സരത്തില്‍ ആര്‍സിബി വിജയവഴിയിലേക്ക് തിരിച്ചെത്തിയത് 19ാം ഓവറിലാണെന്ന് നിസംശയം പറയാം. ജോഷ് ഹെയ്‌സല്‍വുഡിന്റെ ഈ ഓവറാണ് മുംബൈയുടെ പ്രതീക്ഷകള്‍ തകര്‍ത്തത്. ഇത് എങ്ങനെയാണെന്ന് പരിശോധിക്കാം.
ഹാര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റ് കളി മാറ്റി
മുംബൈയ്ക്കായി നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഗംഭീര പ്രകടനമാണ് നടത്തിയത്. നേരിട്ട ആദ്യ പന്ത് മുതല്‍ ആക്രമിച്ച് ഹാര്‍ദിക് മുംബൈക്ക് വിജയ പ്രതീക്ഷ നല്‍കിയിരുന്നു. കടന്നാക്രമിച്ച് കളിച്ച ഹാര്‍ദിക് 15 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 42 റണ്‍സാണ് നേടിയത്. 19ാം ഓവറില്‍ ഹെയ്‌സല്‍വുഡ് എത്തുമ്പോള്‍ ഹാര്‍ദിക്കിന്റെ വിക്കറ്റായിരുന്നു ആര്‍സിബിയുടെ ലക്ഷ്യം. ആദ്യ പന്തില്‍ത്തന്നെ ഈ വിക്കറ്റ് നേടിയെടുക്കാന്‍ ഹെയ്‌സല്‍വുഡിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. മത്സരം ആര്‍സിബി പിടിച്ചെടുത്തത് ഈ വിക്കറ്റിലൂടെയാണ്.
തിലക് വര്‍മക്ക് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യ പുറത്തായതോടെ മുംബൈ പതറുകയായിരുന്നു. നമാന്‍ ധിര്‍ ക്രീസിലുണ്ടായിരുന്നെങ്കിലും സമ്മര്‍ദ്ദത്തെ മറികടന്ന് ടീമിനെ ജയിപ്പിക്കാനായില്ല. 19ാം ഓവറില്‍ വെറും 9 റണ്‍സാണ് ഹെയ്‌സല്‍വുഡ് വിട്ടുകൊടുത്തത്. ഇൗ ഓവര്‍ മുംബൈയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. നാല് ഓവറില്‍ 37 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളാണ് ഹെയ്‌സല്‍വുഡ് കാഴ്ചവെച്ചത്. മത്സരത്തിന്റെ വഴിത്തിരിവ് ഹാര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റ് ഹെയ്‌സല്‍വുഡ് നേടിയതാണെന്ന് പറയാം.
സമ്മര്‍ദ്ദത്തെ മറികടന്ന് ക്രുണാല്‍
അവസാന ഓവറില്‍ ക്രുണാല്‍ പാണ്ഡ്യയെ പന്തേല്‍പ്പിക്കുമ്പോള്‍ ആര്‍സിബിക്ക് മുകളില്‍ വലിയ ചോദ്യമുണ്ടായിരുന്നു. അവസാന ഓവറില്‍ മുംബൈക്ക് ജയിക്കാന്‍ 19 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. നമാന്‍ ധിര്‍ ക്രീസില്‍ നില്‍ക്കുന്നതിനാല്‍ മുംബൈക്ക് ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആദ്യ പന്തില്‍ മിച്ചല്‍ സാന്റ്‌നറെ ക്രുണാല്‍ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ ദീപക് ചഹാറേയും പുറത്താക്കിയതോടെ മുംബൈയുടെ തോല്‍വി ഏറെക്കുറെ ഉറപ്പായി. അഞ്ചാം പന്തില്‍ മാന്‍ ധിറും വീണതോടെ ആര്‍സിബി ജയിച്ച് കയറുകയായിരുന്നു.

ആര്‍സിബിയുടെ ബൗളര്‍മാരെ കൃത്യമായി ഉപയോഗിക്കാന്‍ ക്യാപ്റ്റന്‍ രജത് പാട്ടീധാറിന് സാധിച്ചു. യഷ് ദയാലിന്റെ ബൗളിങ് പ്രകടനവും ആര്‍സിബിക്ക് നിര്‍ണ്ണായകമായി. ഓപ്പണര്‍ രോഹിത് ശര്‍മ വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. എന്നാല്‍ രോഹിത്തിനെ വലിയ സ്‌കോറിലേക്ക് പോകാതെ പിടിച്ചുകെട്ടിയത് ദയാലാണ്. സ്വിങ് ചെയ്ത സ്റ്റംപിലേക്കെത്തിയ പന്തില്‍ ഹാര്‍ദിക്കിന്റെ സ്റ്റംപ് തെറിക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവ് നിലയുറപ്പിച്ച് ആക്രമിക്കാനുള്ള പദ്ധതിയിലായിരുന്നു. 26 പന്തില്‍ 28 റണ്‍സെടുത്ത സൂര്യകുമാറിനേയും ദയാല്‍ പുറത്താക്കി. ഈ രണ്ട് വിക്കറ്റുകളും ആര്‍സിബിയുടെ വിജയത്തില്‍ വളരെ നിര്‍ണ്ണായകമായി മാറി.
കോലിയുടെ പ്രകടനം കരുത്തായി
കഴിഞ്ഞ മത്സരങ്ങളില്‍ ആര്‍സിബിക്ക് തലവേദനയായിരുന്നത് വിരാട് കോലിയുടെ മെല്ലപ്പോക്കായിരുന്നു. എന്നാല്‍ ഇത്തവണ അത് പരിഹരിക്കാന്‍ കോലിക്കായി. പവര്‍പ്ലേയില്‍ കടന്നാക്രമിച്ച കോലി 42 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 67 റണ്‍സാണ് നേടിയത്. ഇത് ആര്‍സിബിക്ക് അടിത്തറ പാകി. നായകന്‍ രജത് പാട്ടീധാറിന്റെ പ്രകടനവും ആര്‍സിബിക്ക് ശക്തി പകര്‍ന്നു. 32 പന്തില്‍ 64 റണ്‍സാണ് രജത് നേടിയത്. അഞ്ച് ഫോറും നാല് സിക്‌സും താരം നേടി. 19 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 40 റണ്‍സ് നേടിയ ജിതേഷ് ശര്‍മയും ആര്‍സിബിയുടെ ജയത്തില്‍ വലിയ പങ്ക് വഹിച്ചു.