IPL 2025: കോലിയല്ല, ആര്‍സിബിയുടെ ഇത്തവണത്തെ തുറുപ്പുചീട്ട് അവന്‍; ചൂണ്ടിക്കാട്ടി ആകാശ്
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ഇന്ന് ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെയാണ് നേരിടാന്‍ പോകുന്നത്. ആദ്യ മത്സരത്തിന് മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ വിരാട് കോലിയുടെ തകര്‍പ്പന്‍ പ്രകടനമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ മഴ പ്രതീക്ഷ തെറ്റിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ആര്‍സിബി വരുന്നത്. പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും കപ്പിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിച്ചിട്ടില്ല. ഇത്തവണ രജത് പാട്ടീധാറിന് കീഴില്‍ മികച്ച താരനിരയോടെയാണ് ആര്‍സിബിയുടെ വരവ്. കപ്പുണ്ടെങ്കിലും ഇല്ലെങ്കിലും ആര്‍സിബിയെ ശക്തമായി പിന്തുണക്കുന്ന വലിയ ആരാധക കൂട്ടായ്മയാണ് ടീമിന്റെ കരുത്ത്. ഇത്തവണ ആര്‍സിബിക്ക് കിരീടത്തിലേക്കെത്താന്‍ സാധിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഇത്തവണയും വിരാട് കോലിയുടെ ബാറ്റിലേക്കാണ് പ്രധാനമായും ആര്‍സിബി ഉറ്റുനോക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ആര്‍സിബിയുടെ ഇത്തവണത്തെ തുറുപ്പുചീട്ട് കോലിയല്ലെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.
രജത് പാട്ടീധാറാണ് ഇത്തവണത്തെ ഹീറോ
ഇത്തവണ ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ ടീമാണ് ആര്‍സിബി. വിരാട് കോലിയുടെ പ്രകടനത്തെ അമിതമായി ആശ്രയിക്കുന്ന ടീം എന്നതിലുപരിയായി ഇത്തവണ ടീമെന്ന നിലയില്‍ കരുത്തുകാട്ടാനുള്ള താരസമ്പത്ത് ആര്‍സിബിക്ക് അവകാശപ്പെടാനാവും. എന്നാല്‍ നിര്‍ഭാഗ്യം വേട്ടയാടുന്ന ടീമാണ് ആര്‍സിബി. പലകുറി ഫൈനലിലെത്തിയെങ്കിലും കപ്പിലേക്കെത്താന്‍ പല കാരണങ്ങളാല്‍ സാധിക്കാതെ പോയി. ഇത്തവണ രജത് പാട്ടീധാറിന് കീഴില്‍ കപ്പിലേക്കെത്താന്‍ ആര്‍സിബിക്കാവുമോയെന്നതാണ് അറിയേണ്ടത്.
' ഇത്തവണത്തെ ആര്‍സിബിയുടെ പ്രധാന താരം വിരാട് കോലിയല്ല. അത് രജത് പാട്ടീധാറാണ്. അവന്റെ പ്രകടനമാവും നിര്‍ണ്ണായകമാവുക. കെകെആര്‍ കൈവിട്ട ഫില്‍ സാള്‍ട്ടിനെ കൊണ്ടുവന്നത് മികച്ച നീക്കമാണ്. എന്നാല്‍ രജത്തിന്റെ പ്രകടനത്തിലേക്കാണ് ഉറ്റുനോക്കേണ്ടത്. ഈ സീസണില്‍ ആര്‍സിബിയുടെ തലവര മാറ്റാന്‍ രജത്തിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്' ആകാശ് ചോപ്ര പറഞ്ഞു. നായകനായുള്ള പ്രഥമ സീസണില്‍ത്തന്നെ ആര്‍സിബിയെ കപ്പിലേക്കെത്തിക്കാന്‍ രജത്തിന് സാധിക്കുമോയെന്നത് കണ്ടറിയാം.

രജത് മികച്ച റെക്കോഡുള്ള താരം
ഇതിനോടകം ഇന്ത്യക്കായടക്കം കളിക്കാന്‍ രജത് പാട്ടീധാറിന് സാധിച്ചിട്ടുണ്ട്. കടന്നാക്രമിച്ച് കളിക്കുന്ന താരമാണ് രജത്. നായകനെന്ന നിലയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. പ്രതിസന്ധികളില്‍ തളരുന്ന നായകനല്ല രജത്. സമ്മര്‍ദ്ദ സാഹചര്യത്തിലും തിളങ്ങാന്‍ ശേഷിയുണ്ട്. ഐപിഎല്ലില്‍ ഇതിനോടകം സെഞ്ച്വറി പ്രകടനങ്ങളടക്കം നടത്താന്‍ രജത്തിന് സാധിച്ചിട്ടുണ്ട്. ഈ മികവാണ് ഇത്തവണ ആര്‍സിബി പ്രതീക്ഷിക്കുന്നതും.
രജത്തും കോലിയും തിളങ്ങിയാല്‍ ഇത്തവണ ആര്‍സിബിക്ക് വലിയ കിരീട സാധ്യതയാണുള്ളത്. ഫില്‍ സാള്‍ട്ട്, ജിതേഷ് ശര്‍മ, ദേവ്ദത്ത് പടിക്കല്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബാറ്റിങ് നിരയാണ് ആര്‍സിബിയുടേത്. ഇത്തവണ മികച്ച ഓള്‍റൗണ്ടര്‍മാരെ ഒപ്പം കൂട്ടാന്‍ ആര്‍സിബിക്കായി എന്നതാണ് എടുത്തു പറയേണ്ടത്. ലിയാം ലിവിങ്സ്റ്റണ്‍, ക്രുണാല്‍ പാണ്ഡ്യ, റൊമാരിയോ ഷിഫേര്‍ഡ്, ജേക്കബ് ബദല്‍ എന്നിവരെല്ലാം ആര്‍സിബിക്ക് മുതല്‍ക്കൂട്ടാവുന്ന താരങ്ങളാണ്.
ഇത്തവണ ബൗളിങ് നിര ശക്തം
എല്ലാ സീസണിലും ആര്‍സിബി പിന്നോട്ട് പോവാനുള്ള പ്രധാന കാരണം ടീമിന്റെ ബൗളിങ് കരുത്തായിരുന്നു. എന്നാല്‍ ഇത്തവണ ടീം ഈ പ്രശ്‌നം പരിഹരിച്ചിട്ടുണ്ട്. മുഹമ്മദ് സിറാജിനെ ഒഴിവാക്കി പകരം ജോഷ് ഹെയ്‌സല്‍വുഡ്, ഭുവനേശ്വര്‍ കുമാര്‍, നുവാന്‍ തുഷാര എന്നിവരെയെല്ലാം ഒപ്പം കൂട്ടാന്‍ ആര്‍സിബിക്കായിട്ടുണ്ട്. ഇത് ആര്‍സിബിയുടെ കിരീട സാധ്യത ഉയര്‍ത്തുന്നുണ്ട്. ഇത്തവണ ബാറ്റിങ് നിര കരുത്തുകാട്ടിയാല്‍ ആര്‍സിബി കിരീടം നേടാന്‍ സാധ്യത കൂടുതലാണെന്ന് വിലയിരുത്താം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications