മുല്ലാന്‍പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് വിജയ വഴിയിലേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്. ആദ്യ രണ്ട് മത്സരവും തോറ്റ രാജസ്ഥാന്‍ പിന്നീട് കളിച്ച രണ്ട് മത്സരത്തിലും തകര്‍പ്പന്‍ ജയം നേടിയെടുത്തിരിക്കുകയാണ്. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ 50 റണ്‍സിനാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നാല് വിക്കറ്റിന് 205 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബിന് ഒമ്പത് വിക്കറ്റിന് 155 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
നായകനായി തിരിച്ചെത്തിയ സഞ്ജു സാംസണിന്റെ പ്രകടനവും ബൗളിങ് നിരയുടെ തകര്‍പ്പന്‍ പ്രകടനവുമാണ് പഞ്ചാബിനെ തകര്‍ക്കാന്‍ രാജസ്ഥാനെ സഹായിച്ചത്. രാജസ്ഥാന്റെ വിജയത്തില്‍ സഞ്ജു സാംസണും യശ്വസി ജയ്‌സ്വാളുമെല്ലാം കൈയടി നേടുന്നുണ്ട്. എന്നാല്‍ മത്സരത്തില്‍ രാജസ്ഥാന്റെ ശരിയായ ഹീറോ ജോഫ്രാ ആര്‍ച്ചറാണെന്ന് പറയാം. ആര്‍ച്ചര്‍ തുടക്കത്തിലേ ഏല്‍പ്പിച്ച പ്രഹരമാണ് പഞ്ചാബിനെ തളര്‍ത്തി കളഞ്ഞത്. ആര്‍ച്ചര്‍ എങ്ങനെയാണ് പഞ്ചാബിനെ തകര്‍ത്തതെന്ന് പരിശോധിക്കാം.
ആദ്യ ഓവറില്‍ത്തന്നെ രണ്ട് വിക്കറ്റുകള്‍
മുല്ലാന്‍പുറില്‍ ആദ്യമായാണ് ഒരു ടീം 200ലധികം റണ്‍സ് നേടുന്നത്. അതുകൊണ്ടുതന്നെ പഞ്ചാബിനെ സംബന്ധിച്ച് വിജയമെന്നത് ഏറെക്കുറെ ദുഷ്‌കരമായ കാര്യമായിരുന്നു. ഇതിനിടെയാണ് ആദ്യ ഓവറില്‍ത്തന്നെ രണ്ട് നിര്‍ണ്ണായക വിക്കറ്റുകള്‍ പഞ്ചാബിന് നഷ്ടമാവുന്നത്. ആദ്യ പന്തില്‍ത്തന്നെ യുവ ഓപ്പണര്‍ പ്രിയന്‍ഷ് ആര്യയെ ആര്‍ച്ചര്‍ പുറത്താക്കി. ആര്‍ച്ചറുടെ മിന്നും പന്ത് ആര്യയുടെ സ്റ്റംപ് പിഴുതെടുക്കുകയായിരുന്നു. പഞ്ചാബ് നിരയില്‍ ഏറ്റവും മികച്ച ഫോമിലുള്ളത് നായകന്‍ ശ്രേയസ് അയ്യരായിരുന്നു. ആദ്യ രണ്ട് മത്സരത്തിലും ശ്രേയസ് വിക്കറ്റ് നഷ്ടപ്പെടുത്തിയിരുന്നില്ല.
എന്നാല്‍ ആദ്യ ഓവറില്‍ത്തന്നെ ആര്‍ച്ചര്‍ ശ്രേയസിനേയും പുറത്താക്കി. ആര്‍ച്ചറുടെ ലൈന്‍ മനസിലാക്കാനാവാതെ ശ്രേയസ് കാട്ടിയ മണ്ടത്തരം സ്റ്റംപ് തെറിക്കാന്‍ കാരണമാവുകയായിരുന്നു. ആദ്യ ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടമായതാണ് പഞ്ചാബിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. ആദ്യ ഓവറില്‍ ആര്‍ച്ചര്‍ ഏല്‍പ്പിച്ച പ്രഹരത്തില്‍ നിന്ന് കരകയറാന്‍ പിന്നീട് പഞ്ചാബിന് സാധിച്ചില്ല. ആര്‍ച്ചറുടെ മിന്നും പ്രകടനമാണ് പഞ്ചാബിനെ തകര്‍ത്തടുക്കാന്‍ രാജസ്ഥാനെ സഹായിച്ചത്.

മറ്റ് ബൗളര്‍മാരുടെ ജോലി എളുപ്പമാക്കി
ജോഫ്രാ ആര്‍ച്ചര്‍ നല്‍കിയ മികച്ച തുടക്കമാണ് പിന്നീടെത്തിയ രാജസ്ഥാന്‍ റോയല്‍സ് ബൗളര്‍മാര്‍ മുതലാക്കിയത്. ആദ്യ ഓവറില്‍ത്തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ആര്‍ച്ചര്‍ നല്‍കിയ മികച്ച തുടക്കം പിന്നാലെ എത്തിയ സന്ദീപ് ശര്‍മയും കുമാര്‍ കാര്‍ത്തികേയയും മുതലാക്കി. മധ്യ ഓവറുകളില്‍ വനിന്‍ഡു ഹസരങ്കയും മഹേഷ് തീക്ഷണയുമെല്ലാം മികച്ച ബൗളിങ് പ്രകടനത്തോടെ കൈയടി നേടി. ഇവര്‍ക്കെല്ലാം ആത്മവിശ്വാസം നല്‍കിയത് ആര്‍ച്ചര്‍ നല്‍കിയ മികച്ച തുടക്കമാണ്.
അതിവേഗത്തിലാണ് ആര്‍ച്ചര്‍ പന്തെറിഞ്ഞത്. മിക്ക പന്തുകളും 145ന് മുകളിലായിരുന്നു. അതുകൊണ്ടുതന്നെ പഞ്ചാബ് ബാറ്റിങ് നിര ആര്‍ച്ചറെ നേരിടാന്‍ നന്നായി പ്രയാസപ്പെട്ടു. ആദ്യ രണ്ട് മത്സരത്തിലും ആര്‍ച്ചറുടെ ബൗളിങ് പ്രകടനം പ്രതീക്ഷിച്ചപോലെ ആയിരുന്നില്ല. അതുകൊണ്ടുതന്നെ വലിയ വിമര്‍ശനവും താരം കേട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരത്തിലും ആര്‍ച്ചര്‍ നടത്തിയ മിന്നും ബൗളിങ് പ്രകടനം രാജസ്ഥാന് കരുത്തായി മാറിയെന്ന് നിസംശയം പറയാം.
സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സി കരുത്തായി
ആദ്യ മൂന്ന് മത്സരങ്ങളിലും നായകനെന്ന നിലയില്‍ കളിക്കാന്‍ സഞ്ജു സാംസണിന് സാധിച്ചിരുന്നില്ല. പരിക്കിനെത്തുടര്‍ന്നാണ് സഞ്ജു സാംസണ്‍ ക്യാപ്റ്റനാവാതിരുന്നത്. ഇപ്പോള്‍ നായകനായുള്ള തിരിച്ചുവരവില്‍ സഞ്ജു കിടിലന്‍ നീക്കങ്ങളുമായി ഞെട്ടിച്ചിരിക്കുകയാണ്. ബാറ്റിങ് നിരയെ ഫോമിലേക്കെത്തിച്ച് രാജസ്ഥാനെ മികച്ച സ്‌കോറിലേക്കെത്തിച്ച സഞ്ജു ബൗളിങ് നിരയെ ഫലപ്രദമായി ഉപയോഗിച്ച് പഞ്ചാബിനെ എറിഞ്ഞൊതുക്കുകയും ചെയ്തു. നായകനെന്ന നിലയിലെ സഞ്ജുവിന്റെ നീക്കങ്ങളെല്ലാം രാജസ്ഥാന് കരുത്തായി മാറിയെന്ന് തന്നെ പറയാം.