Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഇഷാനെ കുറ്റപ്പെടുത്തരുത്, സംഭവിച്ചത് ഇതാണ്; വിവാദ വിക്കറ്റിന്റെ കാരണം പറഞ്ഞ് റായുഡു

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി മുന്നോട്ട് പോവുകയാണ്. ടൂര്‍ണമെന്റ് പ്ലേ ഓഫിലേക്കടുക്കവെ പോരാട്ടം ഇഞ്ചോടിഞ്ചാണെന്ന് പറയാം. ഇത്തവണ ആദ്യ പാദത്തില്‍ പതറിയ മുംബൈ രണ്ടാം പാദത്തിലേക്ക് കടക്കുമ്പോള്‍ ശക്തമായ തിരിച്ചുവരവ് നടത്തുന്നതാണ് കാണാനാവുന്നത്. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയരാന്‍ മുന്‍ ചാമ്പ്യന്മാര്‍ക്ക് സാധിച്ചിരിക്കുകയാണ്. അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിനാണ് മുംബൈ തോല്‍പ്പിച്ചത്.

26 പന്തുകള്‍ ബാക്കിയാക്കിയാണ് ഹൈദരാബാദിനെ അവരുടെ തട്ടകത്തില്‍ മുംബൈ തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് എട്ട് വിക്കറ്റിന് 143 റണ്‍സെടുത്തപ്പോള്‍ രോഹിത് ശര്‍മയുടേയും (70) സൂര്യകുമാര്‍ യാദവിന്റേയും (40*) ബാറ്റിങ് മികവിലാണ് മുംബൈ ജയിച്ച് കയറിയത്. പേരുകേട്ട ഹൈദരാബാദിന്റെ ബാറ്റിങ് നിര വലിയ തകര്‍ച്ചയാണ് നേരിട്ടത്. 35 റണ്‍സിനിടെ അഞ്ച് വിക്കറ്റുകളാണ് ഹൈദരാബാദിന് നഷ്ടമായത്.

ഇതില്‍ ഇഷാന്‍ കിഷന്റെ പുറത്താകല്‍ വലിയ വിവാദമായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ ഇഷാന്‍ ദീപക് ചഹാറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ലെഗ് സൈഡില്‍ എത്തിയ പന്തില്‍ ബാറ്റുവെച്ച ഇഷാന്‍ മടങ്ങുകയായിരുന്നു. എന്നാല്‍ മുംബൈ താരങ്ങള്‍ അപ്പീല്‍ ചെയ്യാതെ തന്നെ ഇഷാന്റെ വിക്കറ്റ് അംപയര്‍ വിളിക്കുകയായിരുന്നു. റിവ്യൂ ചെയ്യാന്‍ തയ്യാറാകാതെ ഇഷാന്‍ കളം വിടുകയും ചെയ്തു. ഇത് ഒത്തുകളിയാണെന്ന തരത്തില്‍ വലിയ വിമര്‍ശനമാണ് ഇഷാനെതിരേ ഉയര്‍ന്നത്.

ഇഷാനെ പിന്തുണച്ച് റായുഡു

ഇഷാന്‍ കിഷനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. മുന്‍ മുംബൈ ഇന്ത്യന്‍സ് താരമായ ഇഷാന്‍ അംബാനിയോട് നന്ദി കാട്ടിയതാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അപ്പീല്‍ പോലും ചെയ്യാതെ അംപയര്‍ ഔട്ട് വിളിച്ചുവെന്നതാണ് വിചിത്രമായ കാര്യം. ആദ്യം വൈഡിനായി കൈ നീട്ടിയ അംപയര്‍ പെട്ടെന്ന് ഔട്ട് വിധിക്കുകയായിരുന്നു. ആശയക്കുഴപ്പം അംപയറുടെ വിധിയില്‍ത്തന്നെ വ്യക്തം. എന്നാല്‍ റിവ്യൂ ചെയ്യാന്‍ ഇഷാന്‍ തയ്യാറാവാതെ ഇരുന്നതാണ് വലിയ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്.

ഇഷാനെതിരേ ഒത്തുകളി ആരോപണമടക്കം ഉയരവെ ഇഷാനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് അമ്പാട്ടി റായുഡു. സംഭവിക്കാവുന്ന ആശയക്കുഴപ്പം മാത്രമാണിതെന്നാണ് റായുഡു പറയുന്നത്. ' അല്‍ട്രാ എഡ്ജിന്റെ കാര്യത്തില്‍ ചില പിഴവ് സംഭവിച്ചു. ബാറ്റില്‍ ടെച്ചില്ലാതെ ഒരു ബാറ്റ്‌സ്മാന്‍ പുറത്താവുകയെന്നത് വിചിത്രമായ കാര്യമാണ്. ഇഷാന്‍ കരുതിയത് ബാറ്റില്‍ പന്ത് കൊണ്ടിട്ടുണ്ടെന്നതാണ്. പാഡിലും പന്തിലും പന്ത് തട്ടിയെന്നാണ് അവന്‍ കരുതിയത്.

ഇതാണ് ആശയക്കുഴപ്പമുണ്ടാവാന്‍ കാരണം. ഇത് ഇഷാന് മാത്രം സംഭവിക്കുന്ന കാര്യമല്ല. റിവ്യൂ ഇല്ലാതെ തന്നെ പരിശോധിക്കാമായിരുന്നു. സാങ്കേതികമായ പിഴവാണ് ഇഷാന്റെ പുറത്താകലിന് കാരണം' ജിയോ ഹോട്ട്‌സ്റ്റാറില്‍ സംസാരിക്കവെ റായുഡു പറഞ്ഞു. എന്നാല്‍ ഇഷാന്‍ സഹതാരത്തോട് ചര്‍ച്ച പോലും ചെയ്യാതെ വിക്കറ്റെന്നുറപ്പിച്ച് ക്രീസ് വിടുകയായിരുന്നു. ഇത് അദ്ദേഹത്തിന് സംഭവിച്ച വലിയ പിഴവാണെന്ന് നിസംശയം പറയാം.

rohit sharma

ഇഷാന്റെ സീസണിലെ പ്രകടനങ്ങളെല്ലാം മോശം

ടീമിന്റെ ഓപ്പണിങ് കൂട്ടുകെട്ട് തുടക്കത്തിലേ മടങ്ങിയതിനാല്‍ത്തന്നെ ഇഷാന്‍ തന്റെ വിക്കറ്റ് റിവ്യൂ ചെയ്യണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഇഷാന്‍ ഇതിന് തയ്യാറാവാത്തതിന് തന്റെ മോശം ഫോമും കാരണമായെന്ന് പറയാം. ആദ്യ മത്സരത്തിലെ സെഞ്ച്വറിക്ക് ശേഷം ഇഷാന്‍ കളിച്ച മത്സരങ്ങളിലെല്ലാം ഫ്‌ളോപ്പായിരുന്നു. അതുകൊണ്ടുതന്നെ മുംബൈക്കെതിരേ റിവ്യൂ ചെയ്യാന്‍ ഇഷാന് ധൈര്യമുണ്ടായില്ല. മോശം ഫോമിലായതിനാല്‍ റിവ്യൂ കൂടി പാഴാക്കിയാല്‍ അത് ടീമിനെ കൂടുതല്‍ ബാധിക്കുകയും വലിയ വിമര്‍ശനത്തിന് കാരണമാവുകയും ചെയ്യും.

ഇതും റിവ്യൂ ചെയ്യാന്‍ ഇഷാന്‍ മടിക്കാനുള്ള കാരണമാണെന്ന് പറയാം. ഹൈദരാബാദ് തകര്‍ന്നടിഞ്ഞ പിച്ചില്‍ മുംബൈ ബാറ്റ്‌സ്മാന്‍മാര്‍ വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. രോഹിത് ശര്‍മ 46 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 70 റണ്‍സെടുത്താണ് മടങ്ങിയത്. സൂര്യകുമാര്‍ യാദവ് 19 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 40 റണ്‍സോടെ പുറത്താവാതെ നിന്നു.

Story first published: Thursday, April 24, 2025, 6:25 [IST]
Other articles published on Apr 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+