ഐപിഎല്ലിന്റെ 18ാം സീസണ്‍ ഒരു ബ്രേക്കിനു ശേഷം പുനരാരംഭിക്കവെ ആരാവും ഇത്തവണ കിരീടമുയര്‍ത്തുകയെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ ചിന്നത്തലയെന്നു വിശേഷിപ്പിക്കുന്ന റെയ്‌നയുടെ വമ്പന്‍ പ്രവചനം.
ടൂര്‍ണമെന്റില്‍ 57 മല്‍സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞെങ്കിലും 10 ഫ്രാഞ്ചൈസികില്‍ ഒരു ടീം പോലും ഔദ്യോഗികമായി പ്ലേഓഫിലേക്കു യോഗ്യത നേടിയിട്ടില്ല. ഏഴു ടീമുകളാണ് പ്ലേഓഫ് യോഗ്യത്ക്കായി ഇപ്പോള്‍ മല്‍സരരംഗത്തുള്ളത്. മൂന്നു ടീമുകള്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയും ചെയ്തു. ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരാണിത്.

കിരീടമാര്‍ക്ക്?
ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ ഇതുവരെയുള്ള 17 സീസണുകളിലും കളിച്ചിട്ടും ഒരിക്കല്‍പ്പോലും കിരീടഭാഗ്യമുണ്ടായിട്ടില്ലാത്ത റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ഇത്തവണ ചാംപ്യന്മാരാവുകയെന്നാണ് സുരേഷ് റെയ്‌നയുടെ പ്രവചനം. ആര്‍സിബി ടീം മൂന്നു തവണ ഫൈനല്‍ വരെയെത്തിയെങ്കിലും കിരീടമെന്ന സ്വപ്‌നം അവസാന കടമ്പയില്‍ തട്ടി വീഴുകയായിരുന്നു.
ഈ സീസണിലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീം വ്യത്യസ്ത ലീഗിലുള്ള കളിയാണ് കാഴ്ചവയ്ക്കുന്നത്. അതുകൊണ്ടു തന്നെ അവര്‍ ഇത്തവണ കിരീടം നേടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 150, 136 പോലെയുള്ള സ്‌കോറുകള്‍ പോലും പ്രതിരോധിക്കാന്‍ ആര്‍സിബിക്കായിട്ടുണ്ട്.
അവരുടെ ബൗളിങ് യൂണിറ്റും മുന്നോട്ടു വന്നു കഴിഞ്ഞു. ആര്‍സിബിയുടെ പുതിയ ക്യാപ്റ്റനായ രജത് പാട്ടിധാര്‍ രണ്ടു തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഈ സീസണില്‍ തോല്‍പ്പിക്കുകയും ചെയ്തു. ആദ്യം ചെന്നൈയിലാണെങ്കില്‍ പിന്നീട് സ്വന്തം ഗ്രൗണ്ടിലുമാണ്. ഇതു വലിയ നേട്ടമാണെന്നും റെയ്‌ന വിലയിരുത്തി.
കോലിയുടെ വര്‍ഷം
ഐപിഎല്‍ ട്രോഫിക്കായുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ ദാഹവും വിശ്വാസവുമെല്ലാം മികച്ചതാണെന്നും സുരേഷ് റെയ്‌ന ചൂണ്ടിക്കാട്ടി. ആര്‍സിബി ഡ്രസിങ് റൂമിലെ ഐക്യത്തെ പുകഴ്ത്തിയ അദ്ദേഹം ഇതു അവരെ കിരീടമെന്ന അന്തിമ ലക്ഷ്യത്തിലെത്തിക്കാന്‍ സഹായിക്കുമെന്നും അഭിപ്രായപ്പെട്ടു.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ ഡ്രസിങ് റൂം വളരെയധികം പോസിറ്റീവായിട്ടാണ് കാണപ്പെടുന്നത്. ഇത്തവണ അവര്‍ എല്ലാ തടസ്സങ്ങളും മറികടന്ന് ഐപിഎല്‍ ട്രോഫിയലേക്കു നീങ്ങുമെന്ന സൂചനകളുമുണ്ടെന്നും റെയ്‌ന നിരീക്ഷിച്ചു. ആര്‍സിബിയെ പ്രശംസിക്കുമ്പോഴും മറ്റു ചില ടീമുകളുടെ മികച്ച പ്രകടനത്തെ കുറിച്ച് പരാമര്‍ശിക്കാനും അദ്ദേഹം മറന്നില്ല.
അഞ്ചു തവണ ചാംപ്യന്മാരായി റെക്കോര്‍ഡിട്ട മുംബൈ ഇന്ത്യന്‍സ്, മുന്‍ വിജയികളും ഇപ്പോള്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരുമായ ഗുജറാത്ത് ടൈറ്റന്‍സ്, തകര്‍പ്പന്‍ ഫോമിലുള്ള പഞ്ചാബ് കിങ്‌സ് എന്നിവരും കിരീടസാധ്യതയുള്ളവരാണെന്നു റെയ്‌ന പറഞ്ഞു.
മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിങ്‌സ് ടീമുകള്‍ നല്ല പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പക്ഷെ 18 വര്‍ഷങ്ങള്‍ക്കു ശേഷം വിരാട് കോലി ട്രോഫി ഉയര്‍ത്തിയേക്കാവുന്ന സീസണായിരിക്കും ഇത്തവണത്തേതെന്നും റെയ്‌ന വ്യക്തമാക്കി.
അതേസമയം, 11 മല്‍സരങ്ങളില്‍ നിന്നും 16 പോയിന്റോടെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീം ഇപ്പോള്‍ ലീഗില്‍ രണ്ടാംസഥാനത്തുണ്ട്. എട്ടു മല്‍സരങ്ങളിലും ജയിച്ച അവര്‍ മൂന്നെണ്ണത്തില്‍ മാത്രമേ തോറ്റിട്ടുള്ളൂ. ഇനിയുള്ള മൂന്നു കളിയില്‍ ഒന്നില്‍ ജയിച്ചാല്‍ ആര്‍സിബിക്കു പ്ലേഓഫിലേക്കു യോഗ്യത നേടാം.