ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലില്‍ ഏറ്റവും പ്രതീക്ഷ നല്‍കിയ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാനെ പരിശീലിപ്പിക്കാന്‍ രാഹുല്‍ ദ്രാവിഡ് കൂടി എത്തിയതോടെ ടീമിന്റെ കിരീട പ്രതീക്ഷ സജീവമായിരുന്നു. ഇത്തവണ രണ്ടാം കിരീടം രാജസ്ഥാന്‍ അലമാരയിലെത്തിക്കും എന്ന് എല്ലാവരും കരുതിയിരുന്നു. എന്നാല്‍ ടീമിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. സീസണിന്റെ തുടക്കം മുതല്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താന്‍ രാജസ്ഥാനായിട്ടില്ല.
സഞ്ജു സാംസണിന്റെ പരിക്കിനെത്തുടര്‍ന്ന് ആദ്യ മൂന്ന് മത്സരത്തില്‍ റിയാന്‍ പരാഗാണ് രാജസ്ഥാനെ നയിച്ചത്. ഇതില്‍ രണ്ട് മത്സരങ്ങള്‍ ടീം തോല്‍ക്കുകയും ചെയ്തു. തുടക്കത്തിലേ നേരിട്ട തകര്‍ച്ചയില്‍ നിന്ന് തിരിച്ചുവരാന്‍ രാജസ്ഥാന് സാധിച്ചില്ല. ഒമ്പത് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഏഴ് തോല്‍വി നേരിട്ട രാജസ്ഥാന്‍ എട്ടാം സ്ഥാനത്താണ്. ഇനി ടീമിന് പ്ലേ ഓഫിലേക്കെത്തുക പ്രയാസമാണെന്ന് തന്നെ പറയാം. രാജസ്ഥാന്റെ മോശം പ്രകടനത്തിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്.
ഇതില്‍ കൂടുതല്‍ വിമര്‍ശനങ്ങളും നേരിടുന്നത് പരിശീലകനായ രാഹുല്‍ ദ്രാവിഡാണ്. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്കെത്തിച്ച ശേഷമാണ് ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകനായത്. മിന്നിച്ച് നിന്ന രാജസ്ഥാന്‍ ദ്രാവിഡിന് കീഴില്‍ താഴോട്ട് പോയിരിക്കുകയാണെന്ന് പറയാം. അതുകൊണ്ടുതന്നെ ദ്രാവിഡിനെതിരേ വലിയ വിമര്‍ശനമുണ്ട്. എന്നാല്‍ ദ്രാവിഡിനെ വിമര്‍ശിക്കേണ്ടെന്നും കുറ്റം താരങ്ങളുടെയാണെന്നും അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സുനില്‍ ഗവാസ്‌ക്കര്‍.
ദ്രാവിഡിനെ ലഭിച്ചിട്ടും താരങ്ങള്‍ക്ക് നീതികാട്ടാനായില്ല
രാഹുല്‍ ദ്രാവിഡിനെപ്പോലൊരു മികച്ച പരിശീലകനെ ലഭിച്ചിട്ടും ബുദ്ധിയില്ലാത്ത കളിയാണ് താരങ്ങള്‍ കാഴ്ചവെക്കുന്നതെന്നാണ് സുനില്‍ ഗവാസ്‌ക്കര്‍ പറയുന്നത്. മത്സരത്തിന്റെ സാഹചര്യം മനസിലാക്കി അതിനനുസരിച്ച് കളിക്കാന്‍ ആരും തയ്യാറാവുന്നില്ല. ദ്രാവിഡ് തന്ത്രശാലിയായ പരിശീലകനാണ്. മികച്ച തന്ത്രങ്ങള്‍ മെനയാന്‍ ദ്രാവിഡിന് കഴിവുണ്ട്. എന്നാല്‍ അത് കളത്തില്‍ നടപ്പിലാക്കേണ്ടത് താരങ്ങളാണെന്നും അതില്‍ പരിശീലകനെ പഴിച്ചിട്ട് കാര്യമില്ലെന്നുമാണ് സുനില്‍ ഗവാസ്‌ക്കര്‍ പറയുന്നത്.
'രാജസ്ഥാന്റെ കഴിഞ്ഞ കുറച്ച് മത്സരങ്ങള്‍ എനിക്ക് നേരിട്ട് കാണാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ചുള്ള കേട്ടറിവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് നേരിട്ട് കണ്ട് അനുഭവിച്ചിരിക്കുകയാണ്. എത്രത്തോളം മോശം ക്രിക്കറ്റാണ് കളിച്ചതെന്നാണ് നേരിട്ട്കണ്ടത്. രാഹുല്‍ ദ്രാവിഡിനെപ്പോലൊരു പരിശീലകനുണ്ടായിട്ടും ബുദ്ധി ശൂന്യമായ ക്രിക്കറ്റാണ് രാജസ്ഥാന്‍ കാഴ്ചവെക്കുന്നത്. ചില രാജസ്ഥാന്‍ താരങ്ങളുടെ പ്രകടനം വളരെ നിരാശപ്പെടുത്തുകയാണ്. ഇതൊരു വല്ലാത്ത ക്രിക്കറ്റാണ്' സുനില്‍ ഗവാസ്‌ക്കര്‍ പറഞ്ഞു.
ദ്രുവ് ജുറേലും ഷിംറോന്‍ ഹെറ്റ്‌മെയറും നടത്തുന്ന പ്രകടനമാണ് നിരാശപ്പെടുത്തുന്നത്. മിക്ക മത്സരങ്ങളിലും മികച്ച തുടക്കം രാജസ്ഥാന് ലഭിക്കുന്നു. എന്നാല്‍ ഇതിനെ വലിയ സ്‌കോറാക്കി മാറ്റാന്‍ രാജസ്ഥാന് സാധിക്കുന്നില്ല. മധ്യനിരയില്‍ ഷിംറോന്‍ ഹെറ്റ്‌മെയറും ദ്രുവ് ജുറേലും നടത്തുന്ന പ്രകടനമാണ് ടീമിനെ പിന്നോട്ടടിക്കുന്നത്. ഇവരെ പുറത്താക്കണമെന്ന ആവശ്യം ശക്തമായിത്തന്നെ ഇപ്പോള്‍ ഉയരുന്നുണ്ട്.

ദ്രാവിഡ് വിമര്‍ശനം അര്‍ഹിക്കുന്നു
രാജസ്ഥാന്‍ റോയല്‍സിന്റെ തകര്‍ച്ചയില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വിമര്‍ശനം അര്‍ഹിക്കുന്നുണ്ടെന്ന് തന്നെ പറയാം. കാരണം ഇത്തവണ ടീമിന്റെ തകര്‍ച്ചക്ക് കാരണമായ പ്രധാന തീരുമാനങ്ങളെല്ലാം ദ്രാവിഡ് എടുത്തതാണ്. ജോസ് ബട്‌ലറെ ടീമില്‍ നിലനിര്‍ത്തണമെന്ന് നായകന്‍ സഞ്ജു സാംസണ്‍ ആഗ്രഹിച്ചിരുന്നു. ഇത് പല തവണ സഞ്ജു തുറന്ന് പറഞ്ഞതാണ്. എന്നാല്‍ ദ്രാവിഡ് സഞ്ജുവിന്റെ അഭിപ്രായം മാനിക്കാതെ ബട്‌ലറെ കൈവിട്ടു. ഇത് തിരിച്ചടിയായി മാറുകയും ചെയ്തു.
ദ്രാവിഡ് നിലനിര്‍ത്തിയ ദ്രുവ് ജുറേലും ഷിംറോന്‍ ഹെറ്റ്‌മെയറുമെല്ലാം ലോക തോല്‍വികളായി മാറുകയാണെന്ന് പറയാം. ദ്രാവിഡിന് കീഴില്‍ മികവ് കാട്ടാന്‍ രാജസ്ഥാന് സാധിക്കുന്നില്ല. ടീമിലെ പ്രധാന താരങ്ങള്‍ക്കൊന്നും അവസരത്തിനൊത്ത് മികവ് കാട്ടാനാവുന്നില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ സൂപ്പര്‍ ഓവറില്‍ സഞ്ജുവിനെ മറികടന്ന് ദ്രാവിഡെടുത്ത തീരുമാനങ്ങള്‍ തിരിച്ചടിയായി മാറുന്നത് എല്ലാവരും കണ്ടതാണ്. ഇതെല്ലാം ദ്രാവിഡിനെതിരേ വിമര്‍ശനം ഉയരാന്‍ കാരണമായിട്ടുണ്ടെന്ന് തന്നെ പറയാം.