മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിന് മുന്നോടിയായി മെഗാ താരലേലം വരാനിരിക്കുകയാണ്. ഇതിനോടകം ടീമുകളെല്ലാം അതിന്റെ പടയൊരുക്കം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണ വലിയ കൂടുമാറ്റങ്ങള്‍ ടീമുകളിലുണ്ടാവുമെന്നാണ് വിവരം. മുംബൈ ഇന്ത്യന്‍സില്‍ നിന്ന് രോഹിത് ശര്‍മയും ജസ്പ്രീത് ബുംറയും സൂര്യകുമാര്‍ യാദവുമെല്ലാം കൂടുമാറുമെന്നാണ് പുറത്തുവരുന്ന വിവരം. സൂര്യകുമാര്‍ മുംബൈ വിട്ട് കെകെആറിന്റെ നായകനാവുമെന്നാണ് വിവരം.
കെ എല്‍ രാഹുല്‍ ലഖ്‌നൗ വിട്ട് ആര്‍സിബിയുടെ നായകനായേക്കുമെന്നാണ് വിവരം. ജസ്പ്രീത് ബുംറ ഗുജറാത്ത് ടൈറ്റന്‍സിലേക്കും കൂടുമാറുമെന്നാണ് സൂചനകള്‍. മെഗാ ലേലത്തില്‍ വലിയ കൂടുമാറ്റങ്ങള്‍ നടക്കാനിരിക്കെ ഇതുവരെ ലേലത്തിലെത്താത്ത ഒരു സൂപ്പര്‍ താരമുണ്ട്. വരുന്ന മെഗാ ലേലത്തിലും എത്തിപ്പെടാന്‍ സാധ്യതയില്ലാത്ത ഈ താരം ആരാണെന്ന് അറിയാമോ?. അത് ധോണിയും രോഹിത് ശര്‍മയുമല്ല. വിരാട് കോലിയാണ് ആ താരം.
വിരാട് കോലി ലേലത്തിലെത്തിയേട്ടില്ല
2008ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് വിരാട് കോലിയെ ടീമിലെത്തിച്ചത്. ഇതിന് ശേഷം നടന്ന 2011ലെ ലേലത്തില്‍ വിരാട് കോലിയെ ആര്‍സിബി നിലനിര്‍ത്തി. ഇതിന് ശേഷം കോലിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2011, 2014, 2018, 2022 എന്നീ ലേലങ്ങളിലെല്ലാം ആര്‍സിബി വിരാട് കോലിയെ നിലനിര്‍ത്തി. 2013ല്‍ ആര്‍സിബിയുടെ നായകസ്ഥാനത്തേക്കെത്തിയ കോലി 2021ലാണ് നായകസ്ഥാനമൊഴിഞ്ഞത്.
2016ല്‍ ആര്‍സിബിയെ ഫൈനലിലെത്തിക്കാനും വിരാട് കോലിക്കായി. 17 കോടി പ്രതിഫലത്തില്‍ ആര്‍സിബിക്കായി കളിച്ച കോലിയെ അടുത്ത സീസണിലും ആര്‍സിബി നിലനിര്‍ത്തുമെന്ന കാര്യം ഉറപ്പാണ്. വിരാട് കോലിയാണ് ആര്‍സിബിയുടെ നട്ടെല്ല് എന്നതിനാല്‍ ഇത്തവണയും ടീമിന്റെ നെടുന്തൂണായി കോലി ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്.

ധോണി 2008ലെ ലേലത്തില്‍ പങ്കെടുത്തു
പ്രഥമ ഐപിഎല്‍ സീസണിലെ ലേലത്തില്‍ എംഎസ് ധോണി പങ്കെടുത്തിരുന്നു. അന്ന് ആറ് കോടി രൂപയ്ക്കാണ് ധോണിയെ സിഎസ്‌കെ സ്വന്തമാക്കിയത്. രോഹിത് ശര്‍മയെ 2008ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സാണ് ലേലത്തിലൂടെ സ്വന്തമാക്കിയത്. 2011ല്‍ വീണ്ടും ലേലത്തിലേക്കെത്തിയ രോഹിത്തിനെ മുംബൈ ഇന്ത്യന്‍സാണ് സ്വന്തമാക്കിയത്. ധോണി സിഎസ്‌കെയിലേക്കെത്തിയ ശേഷം തുടര്‍ച്ചയായി നായക റോളില്‍ കസറുകയും അഞ്ച് തവണ ടീമിനെ കപ്പടിപ്പിക്കുകയും ചെയ്തു.
അവസാന സീസണില്‍ നായകസ്ഥാനമൊഴിഞ്ഞ ധോണി വരുന്ന സീസണിലും സിഎസ്‌കെയ്ക്കായി കളിച്ചേക്കും. രോഹിത് ശര്‍മ മുംബൈയുടെ നായകസ്ഥാനത്തേക്കെത്തിയ ശേഷം പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മുംബൈയെ അഞ്ച് തവണ കപ്പിലേക്കെത്തിക്കാന്‍ രോഹിത് ശര്‍മക്ക് സാധിച്ചു. എന്നാല്‍ അവസാന സീസണില്‍ രോഹിത്തിനെ മുംബൈ നായകസ്ഥാനത്ത് നിന്ന് നീക്കി. ഇതോടെ വരുന്ന സീസണില്‍ രോഹിത് മുംബൈ വിട്ട് വേറൊരു ടീമിനായി കളിക്കാനാണ് സാധ്യത.
മറ്റൊരു താരത്തിനും ലഭിക്കാത്ത ഭാഗ്യം
വിരാട് കോലിയെപ്പോലെ ഭാഗ്യം മറ്റൊരു താരത്തിനും ലഭിച്ചിട്ടില്ല. ഐപിഎല്ലില്‍ പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും കപ്പിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിച്ചിരുന്നില്ല. എന്നിട്ടും ആര്‍സിബി കോലിയെ പിന്തുണച്ചു. ടീമിന്റെ നട്ടെല്ലായി ഇപ്പോഴും കോലി തുടരുന്നു. കപ്പിലേക്കെത്താന്‍ സാധിക്കാതിരുന്നിട്ടും ഇത്രയും പിന്തുണ കോലിക്ക് ലഭിച്ചത് വലിയ ഭാഗ്യം തന്നെയാണ്. ഇത്തരമൊരു പിന്തുണ മറ്റൊരു താരത്തിനും ഐപിഎല്‍ ചരിത്രത്തില്‍ ലഭിച്ചിട്ടില്ലെന്ന് തന്നെ പറയാം.