ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ പോരാട്ടങ്ങള്‍ ആവേശകരമായി മുന്നോട്ട് പോവുകയാണ്. ഇതുവരെ കപ്പ് നേടാത്ത ടീമുകള്‍ ഇത്തവണ ശക്തമായ പോരാട്ടം പുറത്തെടുക്കവെ പോരാട്ടം തീപാറുകയാണ്. ആരാവും കിരീടത്തിലേക്ക് എത്തുകയെന്ന് പ്രവചിക്കാനാവാത്ത അവസ്ഥയാണുള്ളത്. ഇത്തവണ വലിയ പ്രതീക്ഷ വെച്ച ടീമുകളില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന നിര രാജസ്ഥാന്‍ റോയല്‍സാണെന്ന് പറയാം. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാനിലേക്ക് രാഹുല്‍ ദ്രാവിഡ് പരിശീലകനായി വന്നതോടെ പ്രതീക്ഷകളേറെയായിരുന്നു.
എന്നാല്‍ ഇപ്പോള്‍ സഞ്ജുവും ദ്രാവിഡും തമ്മിലുള്ള അഭിപ്രായ ഭിന്നത രാജസ്ഥാനെ പിന്നോട്ടടിക്കുകയാണ്. സഞ്ജുവിനോട് ചോദിക്കാതെ രാജസ്ഥാനിലെ തീരുമാനങ്ങള്‍ ദ്രാവിഡ് ഏകപക്ഷീയമായി എടുക്കുകയാണ്. ഇതില്‍ സഞ്ജുവിന് കടുത്ത അതൃപ്തിയുണ്ട്. രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടപ്പോള്‍ ടീമിന്റെ ചര്‍ച്ചയില്‍ നിന്ന് സഞ്ജു വിട്ടുനിന്നിരുന്നു. ഇത് ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നത വ്യക്തമാക്കുന്നതാണ്.
സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടാനുള്ള സാധ്യത കൂടുതലാണെന്ന് തന്നെ പറയാം. സഞ്ജു സാംസണ്‍ ഈ സീസണിന് ശേഷം രാജസ്ഥാന്‍ വിട്ടാല്‍ കൂടുമാറ്റം എങ്ങോട്ടാവും?. സഞ്ജുവിന് ഏറ്റവും അനുയോജ്യമായ ടീം ഏതാണെന്ന് പരിശോധിക്കാം.
സിഎസ്‌കെയിലേക്ക് പോകുന്നത് ഗുണം ചെയ്‌തേക്കില്ല
സഞ്ജു സാംസണ്‍ സിഎസ്‌കെയിലേക്ക് കൂടുമാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. എംഎസ് ധോണിക്ക് പകരക്കാരനായി സിഎസ്‌കെ കണ്ടുവെച്ചിരിക്കുന്നത് സഞ്ജുവിനെയാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഈ സീസണോടെ ധോണി വിരമിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ധോണി ടീം വിട്ടാന്‍ സിഎസ്‌കെയില്‍ പകരം വിക്കറ്റ് കീപ്പറുടെ റോളില്‍ സഞ്ജു സാംസണെ പരിഗണിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കളിക്കാരനായി കരിയര്‍ അവസാനിപ്പിച്ചാലും ധോണി ഉപദേഷ്ടാവിന്റെ റോളില്‍ സിഎസ്‌കെയില്‍ തുടര്‍ന്നേക്കും.

സിഎസ്‌കെയിലേക്ക് സഞ്ജു സാംസണിന് ഗുണം ചെയ്യില്ലെന്ന് പറയാം. സഞ്ജുവിന്റെ സ്വാഭാവിക ശൈലിയില്‍ കളിക്കാന്‍ സിഎസ്‌കെയില്‍ സാധിക്കില്ല. ടീമിന്റെ പദ്ധതികള്‍ക്കുള്ളില്‍ ഒതുങ്ങേണ്ടി വരുമെന്നുറപ്പാണ്. ധോണിയെന്ന വന്മരത്തിന്റെ കീഴിലാണ് സിഎസ്‌കെയെന്നതിനാല്‍ സിഎസ്‌കെയിലെ മറ്റ് താരങ്ങള്‍ക്ക് സ്വന്തമായൊരു സ്ഥാനം നേടിയെടുക്കുക കടുപ്പമാണെന്ന് പറയാം. അതുകൊണ്ടു തന്നെ സഞ്ജു സിഎസ്‌കെയിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്.
മുംബൈ ഇന്ത്യന്‍സിലേക്ക് പോയാല്‍ കസറും
അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സിന് സഞ്ജു സാംസണിനെപ്പോലൊരു താരത്തെ ആവശ്യമാണെന്ന് പറയാം. നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പര്‍ റിയാന്‍ റിക്കില്‍ട്ടനാണ്. ഇഷാന്‍ കിഷനെ കൈവിട്ട മുംബൈക്ക് മികച്ചൊരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ ആത്യാവശ്യമാണ്. ഈ സീസണോടെ രോഹിത് ശര്‍മ കളമൊഴിഞ്ഞേക്കും. ഇതോടെ മികച്ചൊരു ഓപ്പണറെക്കൂടി മുംബൈക്ക് ആവശ്യമാണ്. ഈ രണ്ട് റോളിലേക്കും പരിഗണിക്കാവുന്ന താരമാണ് സഞ്ജു സാംസണ്‍.
മുംബൈ ഇന്ത്യന്‍സില്‍ സഞ്ജുവിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കുമെന്നുറപ്പാണ്. മുംബൈ ഇന്ത്യന്‍സില്‍ കളിക്കുന്നത് സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയറിനും ഗുണം ചെയ്യുമെന്നുറപ്പാണ്. സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ തുടങ്ങിയ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെല്ലാം മുംബൈയിലുണ്ട്. ഇവരോടൊപ്പം കളിക്കുന്നത് സഞ്ജുവിന് മാനസികമായി ഗുണം ചെയ്യുമെന്നുറപ്പാണ്. സിഎസ്‌കെയെക്കാള്‍ സഞ്ജുവിന് ചേരുന്നത് മുംബൈയാണ്.
രാജസ്ഥാന്റെ പദ്ധതി എന്ത്?
സഞ്ജു സാംസണിനെ നായകനാക്കി മുന്നോട്ട് പോകാന്‍ രാജസ്ഥാന്‍ റോയല്‍സിന് പദ്ധതിയില്ലെന്ന് വ്യക്തം. റിയാന്‍ പരാഗിനെ നായകസ്ഥാനത്തേക്ക് വളര്‍ത്താനാണ് രാജസ്ഥാന്റെ പദ്ധതി. രാജസ്ഥാന്റെ ടീം മാനേജ്‌മെന്റിനും താല്‍പര്യം പരാഗിനെയാണ്. അതുകൊണ്ടുതന്നെ സഞ്ജുവിനെ തഴയുന്ന നിലപാടിലേക്കാണ് രാജസ്ഥാന്‍ ഇപ്പോള്‍ നീങ്ങുന്നത്. ഇത് കണ്ടറിഞ്ഞ് രാജസ്ഥാന്‍ വിടാന്‍ സഞ്ജു തയ്യാറാവാണ് സാധ്യത കൂടുതല്‍.