ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ലൈനപ്പിലെ നിര്‍ണായക താരങ്ങളിലൊരാളാണ് ഇന്ത്യന്‍ മധ്യനിര ബാറ്ററായ രജത് പാട്ടിധാര്‍. കഴിഞ്ഞ മെഗാ ലേലത്തിനു മുമ്പ് ആര്‍സിബി നിലനിര്‍ത്തിയ മൂന്നു താരങ്ങളിലൊരാളും അദ്ദേഹമായിരുന്നു. മറ്റു രണ്ടു പേര്‍ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററായ വിരാട് കോലിയും പേസര്‍ യഷ് ദയാലുമായിരുന്നു. ശേഷിച്ച കളിക്കാരെയാണ് ലേലത്തില്‍ ആര്‍സിബി തങ്ങളുടെ ടീമിലേക്കു കൊണ്ടു വന്നിരിക്കുന്നത്.
മുന്‍ സീസണുകളെ അപേക്ഷിച്ച് കൂടുതല്‍ സന്തുലിതമായിട്ടുള്ള ഒരു ടീമിനെയാണ് അടുത്ത ഐപിഎല്ലിനായി ആര്‍സിബി തയ്യാറാക്കി നിര്‍ത്തിയിട്ടുള്ളത്. മികച്ച ബാറ്റിങ് നിരയ്‌ക്കൊപ്പം ശക്തമായ ബൗളിങ് ലൈനപ്പും ആര്‍സിബിക്കു ഇപ്പോഴുണ്ട്. വമ്പനടിക്കാരായ ചില ബാറ്റര്‍മാരുടെ സാന്നിധ്യം ആര്‍സിബിയെ അപകടകാരികളാക്കി മാറ്റുകയും ചെയ്യുന്നു.

അടുത്ത സീസണില്‍ ആര്‍സിബി നിരയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ സിക്‌സറുകളടിക്കാന്‍ ശേഷിയുള്ള മൂന്നു കളിക്കാരെ തിരഞ്ഞെടുത്തിരിക്കുകയാണ് പാട്ടിധാര്‍. കോലിയെ ഈ ലിസ്റ്റില്‍ നിന്നും തഴഞ്ഞ അദ്ദേഹം മറ്റു മൂന്നു കളിക്കാരുടെ പേരുകളാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സിക്‌സര്‍ വീരന്‍മാര്‍
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി അടുത്ത ഐപിഎല്ലില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ സിക്‌സറുകളടിക്കാന്‍ സാധിക്കുന്ന മൂന്നു താരങ്ങള്‍ ഓസ്‌ട്രേലിയയുടെ ടിം ഡേവിഡ്, ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണ്‍ എന്നിവരാണെന്നാണ് രജത് പാട്ടിധാറിന്റെ നിരീക്ഷണം.
മൂന്നു പേരും കഴിഞ്ഞ മെഗാ ലേലത്തില്‍ ടീമിനൊപ്പം ചേര്‍ന്നവരാണ്. ഇവരില്‍ ലിവിങ്സ്റ്റണും ഡേവിഡും മുന്‍ ഐപിഎല്‍ സീസണുകളില്‍ പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളോടൊപ്പം വമ്പന്‍ സിക്‌സറുകള്‍ പായിച്ച് ഞെട്ടിക്കുകയും ചെയ്തിട്ടുള്ള ബാറ്റര്‍മാരാണ്. ജിതേഷിന്റെയും പ്രഹരശേഷിയുടെ കാര്യത്തില്‍ സംശയമില്ല.
ആര്‍സിബി ടീമിലെ സഹതാരങ്ങളില്‍ ടിം ഡേവിഡ്. ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ എന്നിവരില്‍ ഒരാളായിക്കും അടുത്ത ഐപിഎല്‍ സീസണില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ സിക്‌സറടിക്കുകയെന്നാണ് എനിക്കു തോന്നുന്നത്. ഡികെ (ദിനേശ് കാര്‍ത്തിക്) ഭായി നിങ്ങള്‍ ഇതു കാണുന്നുണ്ടെങ്കില്‍ സിക്‌സറടിക്കുന്ന കാര്യത്തില്‍ ഒരു ചാലഞ്ച് നിങ്ങള്‍ക്കു വയ്ക്കാവുന്നതാണ്. ആരാവും ദൈര്‍ഘ്യമേറിയ സിക്‌സറടിക്കുകയെന്നു നമുക്കു കാണാമെന്നും പാട്ടിധാര്‍ പറഞ്ഞു.

സന്തുലിതമായ ടീം
ഐപിഎല്ലിന്റെ അടുത്ത സീസണിനെ വലിയ പ്രതീക്ഷയോടെയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു കാത്തിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ കിരീടമുയര്‍ത്താന്‍ ആര്‍സിബിക്കായിട്ടില്ല. മൂന്നു തവണ ഫൈനല്‍ വരെയെത്തിയെങ്കിലും കപ്പിനരികെ കാലിടറുകയായിരുന്നു.
അടുത്ത എഡിഷനിലെങ്കിലും ഈ ദുഷ്‌പേര് മായ്ക്കാനൊരുങ്ങുകയാണ് ആര്‍സിബി. ഇതിന്റെ ഭാഗമായിട്ടാണ് ടീമില്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്തി പുതിയ ലുക്കിലുള്ള ഒരു സംഘത്തെ അവര്‍ വാര്‍ത്തെടുത്തിരിക്കുന്നത്. പുതിയ ആര്‍സിബി ടീമില്‍ രജത് പാട്ടിധാറിനും വലിയ പ്രതീക്ഷകളാണുള്ളത്.
ഞങ്ങളുടേത് ഏറ്റവും മികച്ച ടീമുകളിലൊന്നായിട്ടാണ് എനിക്കു തോന്നുന്നത്. ടോപ് ഓര്‍ഡര്‍, മധ്യനിര, ഫിനിഷര്‍ തുടങ്ങി എല്ലാ ഏരിയകളും ഞങ്ങള്‍ കവര്‍ ചെയ്തു കഴിഞ്ഞു. ബൗളിങ് ഗ്രൂപ്പിലേക്കു നോക്കുകയാണെങ്കില്‍ അവിടെയും ഞങ്ങള്‍ എല്ലാം കവര്‍ ചെയ്തിട്ടുണ്ട്. ടീമിനു എവിടെയെങ്കിലും ഒരു പോരായ്മയുള്ളതായി തനിക്കു തോന്നിയിട്ടില്ലെന്നും പാട്ടിധാര്‍ വ്യക്തമാക്കി.
ആര്‍സിബിയുടെ ഫുള്‍ സ്‌ക്വാഡ്
വിരാട് കോലി, രജത് പാട്ടിധാര്‍, യഷ് ദയാല്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഫില്‍ സാള്‍ട്ട്, ജിതേഷ് ശര്‍മ, ജോഷ് ഹേസല്‍വുഡ്, ക്രുനാല്‍ പാണ്ഡ്യ, ടിം ഡേവിഡ്, ദേവ്ദത്ത് പടിക്കല്‍, ഭുവനേശ്വര്‍ കുമാര്‍, റാസിഖ് ദാര്‍, സുയാഷ് ശര്‍മ, സ്വപ്നില്‍ സിംഗ്, സ്വസ്തിക ചിക്കാര, റൊമാരിയോ ഷെപ്പേര്‍ഡ്, നുവാന്‍ തുഷാര, മനോജ് ഭണ്ഡാഗെ, ജേക്കബ് ബെഥെല്‍, ലുങ്കി എന്‍ഗിഡി, അഭിനന്ദന്‍ സിങ്, മോഹിത് റാത്തി.