മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ കഴിയുമ്പോള്‍ ഇതുവരെ കപ്പ് നേടാത്ത ടീമുകളുടെ ആധിപത്യമാണ് കാണാനാവുന്നത്. ഇത് ടൂര്‍ണമെന്റിനെ കൂടുതല്‍ ആവേശകരമാക്കുകയാണ്. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ക്രിസ് ഗെയ്ല്‍. ഇത്തവണ അവതാരകന്റെ റോളില്‍ ഗെയ്‌ലുണ്ട്. ഐപിഎല്ലില്‍ നിരവധി തവണ വിസ്മയിപ്പിക്കുന്ന പ്രകടനത്തോടെ കൈയടി നേടാന്‍ ഗെയ്‌ലിനായിട്ടുണ്ട്.
ഗംഭീര റെക്കോടുകളുള്ള ഗെയ്ല്‍ ഇപ്പോഴിതാ ഐപിഎല്ലിലെ എക്കാലത്തേയും മികച്ച പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ്. എംഎസ് ധോണിയെ ക്യാപ്റ്റനാക്കിയ ഗെയ്ല്‍ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളേയും തന്റെ ഡ്രീം 11ലേക്ക് പരിഗണിച്ചിട്ടുണ്ട്. ഗെയ്‌ലിന്റെ ബെസ്റ്റ് 11 ഇടം പിടിച്ചിരിക്കുന്നത് ആരൊക്കെയാണെന്ന് പരിശോധിക്കാം.
ക്രിസ് ഗെയ്ല്‍-വിരാട് കോലി
ഓപ്പണര്‍മാരായി തന്നോടൊപ്പം വിരാട് കോലിയെയാണ് ക്രിസ് ഗെയ്ല്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഏറെക്കാലം ആര്‍സിബിയുടെ ഓപ്പണിങ് റോളില്‍ തിളങ്ങാന്‍ ഗെയ്‌ലിന് സാധിച്ചിരുന്നു. വിരാട് കോലിയും ഗെയ്‌ലും ചേര്‍ന്ന് നിരവധി മത്സരങ്ങളില്‍ ഓപ്പണറായി ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തന്റെ ഡ്രീം 11ന്റെ ഓപ്പണിങ് കൂട്ടുകെട്ടായി തനിക്കൊപ്പം കോലിയെ ഗെയ്ല്‍ തിരഞ്ഞെടുക്കുകയായിരുന്നു. കോലി ഐപിഎല്ലിലെ എക്കാലത്തേയും മികച്ച റണ്‍വേട്ടക്കാരനാണ്. ഇത്തവണയും ആര്‍സിബിയുടെ ഓപ്പണര്‍ റോളില്‍ കോലിയുണ്ട്. ആറ് സെഞ്ച്വറികള്‍ ഐപിഎല്ലില്‍ നേടിയിട്ടുള്ള ഗെയ്ല്‍ ടി20യിലെ ഇതിഹാസ താരമാണെന്ന് തന്നെ വിലയിരുത്താം.
സുരേഷ് റെയ്‌ന, എബി ഡിവില്ലിയേഴ്‌സ്, രവീന്ദ്ര ജഡേജ
മൂന്നാം നമ്പറില്‍ സുരേഷ് റെയ്‌നയെയാണ് പരിഗണിച്ചത്. സിഎസ്‌കെ താരമായിരുന്ന റെയ്‌ന മൂന്നാം നമ്പറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരമാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള റെയ്‌ന ഐപിഎല്ലിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ്. നിലവില്‍ വിരമിച്ച ശേഷം അവതാരകനായി അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. സിഎസ്‌കെയുടെ സുവര്‍ണ്ണ കാലഘട്ടത്തില്‍ ടീമിന്റെ നെടുന്തൂണായിരുന്നു റെയ്‌ന.
നാലാം നമ്പറില്‍ എബി ഡിവില്ലിയേഴ്‌സിനെയാണ് പരിഗണിച്ചത്. ആര്‍സിബിയിലെ ഗെയ്‌ലിന്റെ സഹതാരമായിരുന്നു ഡിവില്ലിയേഴ്‌സ്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ ഡിവില്ലിയേഴ്‌സ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ള ഡിവില്ലിയേഴ്‌സ് വിരാട് കോലിക്കൊപ്പം ചേര്‍ന്ന് പല അതുല്യ റെക്കോഡുകളും ഐപിഎല്ലില്‍ കുറിച്ചിട്ടുണ്ട്. ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് എന്ന റെക്കോഡ് കോലിയും ഡിവില്ലിയേഴ്‌സും ചേര്‍ന്നാണ് സൃഷ്ടിച്ചത്.
അഞ്ചാം നമ്പറില്‍ രവീന്ദ്ര ജഡേജക്കാണ് സ്ഥാനം. സിഎസ്‌കെ സ്പിന്‍ ഓള്‍റൗണ്ടറായ ജഡേജ ബാറ്റുകൊണ്ടും പന്തുകൊണ്ടും നിരവധി തവണ മാച്ച് വിന്നിങ് പ്രകടനം നടത്തിയിട്ടുള്ള താരമാണ്. മത്സരം ഫിനിഷ് ചെയ്യാന്‍ പല തവണ മിടുക്കുകാട്ടിയിട്ടുള്ള ജഡേജ ഇത്തവണയും സിഎസ്‌കെ നിരയില്‍ സജീവമായുണ്ട്. ഐപിഎല്ലിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ജഡേജയെന്ന് നിസംശയം പറയാം.

എംഎസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, സുനില്‍ നരെയ്ന്‍
ആറാം നമ്പറില്‍ നായകനായും വിക്കറ്റ് കീപ്പറായും എംഎസ് ധോണിയെയാണ് ഗെയ്ല്‍ പരിഗണിച്ചത്. സിഎസ്‌കെയെ അഞ്ച് തവണ കപ്പിലേക്കെത്തിച്ച താരമാണ് ധോണി. വിക്കറ്റിന് പിന്നില്‍ മിന്നും വേഗമുള്ള ധോണി ഈ സീസണിലും കീപ്പിങ്ങില്‍ വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തുന്നുണ്ട്. ഈ സീസണോടെ ധോണി പടിയിറങ്ങാനുള്ള സാധ്യതയാണ് കൂടുതലെന്ന് പറയാം.
ഏഴാം നമ്പറില്‍ ഡ്വെയ്ന്‍ ബ്രാവോക്കാണ് സ്ഥാനം. സിഎസ്‌കെയ്‌ക്കൊപ്പവും മുംബൈക്കൊപ്പവും മിന്നിയിട്ടുള്ള ബ്രാവോ ഐപിഎല്ലിലെ എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരിലെ മുന്‍നിരക്കാരനാണ്. സ്ലോ ബോളുകളിലൂടെ വിക്കറ്റ് നേടുന്ന ബ്രാവോ ഡെത്തോവര്‍ സ്‌പെഷ്യലിസ്റ്റായ ബൗളറാണ്. മികച്ച റെക്കോഡ് ബ്രാവോയ്ക്കും അവകാശപ്പെടാം. സുനില്‍ നരെയ്‌നാണ് എട്ടാം നമ്പറില്‍. കെകെആര്‍ താരമായ നരെയ്ന്‍ സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ മികച്ച റെക്കോഡുള്ളവനാണ്. ഇത്തവണയും കെകെആറിനൊപ്പം നരെയ്‌നുണ്ട്.
യുസ് വേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍
സ്പിന്നറായി യുസ് വേന്ദ്ര ചഹാലാണുള്ളത്. ആര്‍സിബി താരമായിരുന്ന ചഹാല്‍ ഇത്തവണ പഞ്ചാബ് കിങ്‌സിനൊപ്പമാണ്. ഐപിഎല്ലില്‍ കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളിലൊരാളാണ് ചഹാല്‍. ജസ്പ്രീത് ബുംറയാണ് പേസ് നിരയിലെ മറ്റൊരു താരം. മുംബൈ ഇന്ത്യന്‍ താരമായ ബുംറ യോര്‍ക്കറുകളിലൂടെ കളി പിടിക്കുന്ന മികച്ച താരങ്ങളിലൊരാളാണ്. ഭുവനേശ്വര്‍ കുമാറാണ് അവസാനക്കാരന്‍. സ്വിങ് പേസറായ ഭുവി ഇത്തവണ ആര്‍സിബിക്കൊപ്പമാണ്.