ഐപിഎല്ലിന്റെ 18ാം സീസണ്‍ ഇപ്പോള്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ലീഗ് ഘട്ടത്തിലെ 48 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പ്ലേഓഫില്‍ ആരൊക്കെയുണ്ടാവുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള 17 സീസണികളെടുത്താല്‍ നിരവധി ലോകോത്തര ഇന്ത്യന്‍ ബാറ്റര്‍മാരെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.
അക്കൂട്ടത്തില്‍ നിന്നും ഏറ്റവും മികച്ച 10 ഇന്ത്യന്‍ ബാറ്റര്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ടൂര്‍ണമെന്റില്‍ രണ്ടു ടീമുകള്‍ക്കായി കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. ഹോം ടീമായ ഡല്‍ഹി ക്യാപ്പിറ്റല്‍സിലൂടെ (നേരത്തേ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) തുടങ്ങിയ വീരു പിന്നീട് പഞ്ചാബ് കിങ്‌സിന്റെയും (നേരത്തേ കിങ്‌സ് ഇലവന്‍ പഞ്ചാബ്) ഭാഗമായിട്ടുണ്ട്. 2008 മുതല്‍ 15 വരെയുള്ള കാലത്തു 104 മല്‍സരങ്ങളില്‍ നിന്നും 2728 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു.

ടോപ്പ് 10ല്‍ ആരെല്ലാം
ടി20യില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ സൂര്യകുമാര്‍ യാദവിനെ തന്റെ ടോപ്പ് 10ല്‍ നിന്നും വീരേന്ദര്‍ സെവാഗ് തഴഞ്ഞുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. കൂടാതെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനെയും അദ്ദേഹം പരിഗണിച്ചില്ല.
മുന്‍ ബാറ്റിങ് ഇതിഹാസവും മുംബൈ ഇന്ത്യന്‍സിന്റെ പ്രഥമ സീസണിലെ ക്യാപ്റ്റനുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മുംബൈയുടെ മറ്റൊരു മുന്‍ നായകനും അഞ്ചു തവണ ഐപിഎല്‍ കിരീട അവകാശിയുമായ രോഹിത് ശര്‍മ, ആര്‍സിബി റണ്‍മെഷീന്‍ വിരാട് കോലി, സിഎസ്‌കെ ഇതിഹാസം എംഎസ് ധോണി, മുന്‍ കെകെആര്‍ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍, സിഎസ്‌കെയുടെ മറ്റൊരു മുന്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌ന, മുന്‍ വെടിക്കെട്ട് താരം യൂസുഫ് പഠാന്‍, മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍ എന്നിവരാണ് സെവാഗിന്റൈ ടോപ്പ് 10 ബാറ്റര്‍മാരുടെ എലൈറ്റ് ക്ലബ്ബില്‍ ഇടം നേടിയത്. കൂടാതെ സ്വന്തം പേരും അദ്ദേഹമുള്‍പ്പെടുത്തി.
പക്ഷെ ഐപിഎല്ലില്‍ 175 മല്‍സരങ്ങളില്‍ നിന്നും 4643 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ്, 160 മല്‍സരങ്ങളില്‍ നിന്നും 4021 റണ്‍സ് സ്‌കോര്‍ ചെയ്ത സഞ്ജു സാംസണ്‍, 112 മല്‍സരങ്ങൡ നിന്നും 3605 റണ്‍സുള്ള ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തുടങ്ങിയവരെല്ലാം തഴയപ്പെട്ടു.
വീരു പറയുന്നത് ഇങ്ങനെ
പ്രമുഖ ക്രിക്കറ്റ് പോര്‍ട്ടലായ ക്രിക്ക്ബസ് (cricbuzz) പങ്കുവച്ചിട്ടുള്ള വീഡിയോയിലാണ് ഐപഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച 10 ഇന്ത്യന്‍ ബാറ്റര്‍മാര്‍ ആരൊക്കെയാണെന്നു വീരേന്ദര്‍ സെവാഗ് പറഞ്ഞിട്ടുള്ളത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരാണ് അദ്ദേഹം ആദ്യം പരാമര്‍ശിച്ചത്.
ഞാന്‍ ആദ്യം തിരഞ്ഞെടുക്കുക സച്ചിന്‍ ടെണ്ടുല്‍ക്കറിനെയായിരിക്കും. അദ്ദേഹത്തെ എങ്ങനെ എല്ലാവര്‍ക്കും മറക്കാന്‍ സാധിക്കും? തന്റെ ബാറ്റിങ് മികവ് കൊണ്ടു മാത്രം ഒരുപാട് മല്‍സരങ്ങള്‍ അദ്ദേഹം ജയിച്ചിട്ടുണ്ട്. ക്യാപ്റ്റനുമായിരുന്നു സച്ചിന്‍. ഒരുപാട് ട്രോഫികളും അദ്ദേഹം സ്വന്തമാക്കി.
രണ്ടാമനായി വിരാട് കോലിയെ ആണ് ഞാന്‍ തിരഞ്ഞടുക്കുക. 18 വര്‍ഷങ്ങളായി ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി അദ്ദേഹം കളിച്ചു കൊണ്ടിരിക്കുകയാണ്. ഇതു വരെ ഒരു ഐപിഎല്‍ ട്രോഫി സ്വന്തമാക്കാനായില്ലെങ്കിലും ഒരുപാട് തവണ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് വിരാട് അവകാശിയായിട്ടുണ്ടെന്നും സെവാഗ് വ്യക്തമാക്കി.

മൂന്നാമനായി ഞാന്‍ പറയുക രോഹിത് ശര്‍മയുടെ പേരാണ്. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റനുമാണ് അദ്ദേഹം. മുംബൈയെ അഞ്ചു തവണ കിരീടത്തിലേക്കു നയിക്കാനും രോഹിത്തിനു സാധിച്ചു. ടീമിനു വേണ്ടി വളരെ നന്നായി പെര്‍ഫോം ചെയ്ത താരമാണ് അദ്ദേഹം. രോഹിത്ത് കഴിഞ്ഞാല്‍ അടുത്തയാള്‍ സുരേഷ് റെയ്‌നയാണ്.
ഐപിഎല്ലിലെ മിസ്റ്റര്‍ കണ്‍സിസ്റ്റന്റായിരുന്നു അദ്ദേഹം. എല്ലാ വര്‍ഷവും 400ന് മുകളില്‍ റണ്‍സ് റെയ്‌ന നേടാറുണ്ട്. സിഎസ്‌കെയിലെ പ്രധാന ബാറ്ററായിരുന്നു അദ്ദേഹം. തുടര്‍ന്നു ക്യാപ്റ്റന്‍ എംഎസ് ധോണിയാണ്. അതിനു ശേഷം ശിഖര്‍ ധവാന്‍, ഗൗതം ഗംഭീര്‍, സെവാഗ്, കെഎല്‍ രാഹുല്‍, യൂസുഫ് പഠാന്‍ എന്നിവരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വീരു കൂട്ടിച്ചേര്‍ത്തു