മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി തുടങ്ങിയിരിക്കുകയാണ്. 10 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ആര്‍സിബി, പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളുടെ മുന്നേറ്റമാണ് കാണാനാവുന്നത്. മുംബൈ ഇന്ത്യന്‍സ് ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റ് നാണംകെട്ടപ്പോള്‍ സിഎസ്‌കെ മൂന്ന് മത്സരത്തില്‍ രണ്ട് മത്സരമാണ് പരാജയപ്പെട്ടത്. രാജസ്ഥാന്‍ റോയല്‍സും മൂന്ന് മത്സരത്തില്‍ രണ്ട് മത്സരത്തില്‍ പരാജയപ്പെട്ടു.
വലിയ പ്രതിഫലം വാങ്ങി ടീമിലേക്കെത്തിയ റിഷഭ് പന്തിനും വെങ്കടേഷ് അയ്യര്‍ക്കുമൊന്നും കാര്യമായ പ്രകടനം ആദ്യ റൗണ്ടില്‍ നടത്താന്‍ സാധിച്ചിട്ടില്ല. ആദ്യ റൗണ്ടിലെ പ്രകടനം വിലയിരുത്തി മികച്ച പ്ലേയിങ് 11 പരിഗണിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക. പരിശോധിക്കാം.
ക്വിന്റന്‍ ഡീകോക്ക്-സായ് സുദര്‍ശന്‍
ഓപ്പണര്‍മാരായി ക്വിന്റന്‍ ഡീകോക്കിനേയും സായ് സുദര്‍ശനേയും പരിഗണിക്കാം. കെകെആര്‍ താരമായ ഡീകോക്ക് രണ്ട് മത്സരത്തില്‍ നിന്ന് 101 റണ്‍സാണ് നേടിയത്. ഇതില്‍ ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. കടന്നാക്രമിച്ച് കളിക്കുന്ന ഡീകോക്കില്‍ നിന്ന് വലിയ പ്രകടനം ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്. സായ് സുദര്‍ശനും സ്ഥിരതയോടെ കളിക്കുന്നുണ്ട്. രണ്ട് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടാന്‍ സുദര്‍ശനായി. രണ്ട് മത്സരത്തില്‍ നിന്ന് 137 റണ്‍സാണ് സുദര്‍ശന്‍ നേടിയത്. ഇത്തവണയും ഗുജറാത്തിന് വലിയ പ്രതീക്ഷ നല്‍കാന്‍ സായ് സുദര്‍ശന് സാധിക്കുന്നുണ്ട്.
നിക്കോളാസ് പുരാന്‍, ശ്രേയസ് അയ്യര്‍, അശുതോഷ് ശര്‍മ
നിക്കോളാസ് പുരാനാണ് മൂന്നാം നമ്പറില്‍. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍ തല്ലിത്തകര്‍ക്കുന്ന ബാറ്റിങ് പ്രകടനമാണ് പുറത്തെടുക്കുന്നത്. രണ്ട് മത്സരത്തിലും വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടാന്‍ പുരാന് സാധിച്ചിരുന്നു. രണ്ട് മത്സരത്തില്‍ 145 റണ്‍സാണ് പുരാന്‍ നേടിയത്. 12 ഫോറും 13 സിക്‌സുമാണ് പുരാന്‍ പറത്തിയത്. എതിരാളികളുടെ പേടി സ്വപ്‌നമായി ഇതിനോടകം പുരാന്‍ മാറിയിട്ടുണ്ട്.
നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കാണ് സ്ഥാനം. പഞ്ചാബ് കിങ്‌സ് നായകനായ ശ്രേയസ് അയ്യര്‍ ഒരു മത്സരത്തില്‍ നിന്ന് പുറത്താവാതെ 97 റണ്‍സാണ് നേടിയത്. നായകനെന്ന നിലയില്‍ സെഞ്ച്വറി നേടാനുള്ള അവസരം ശ്രേയസിനുണ്ടായിരുന്നെങ്കിലും അദ്ദേഹം ടീമിന് വേണ്ടി ഇത് വേണ്ടെന്ന് വെക്കുകയായിരുന്നു. അശുതോഷ് ശര്‍മ ഡല്‍ഹിക്കൊപ്പം കസറുന്ന യുവതാരമാണ്. ലഖ്‌നൗവിനെതിരേ വെടിക്കെട്ട് പ്രകടനത്തോടെ ഡല്‍ഹിയെ വിജയത്തിലേക്കെത്തിക്കാന്‍ അശുതോഷിന് സാധിച്ചിരുന്നു.

അനികേത് വര്‍മ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ
ആറാം നമ്പറില്‍ അനികേത് വര്‍മയെ പരിഗണിക്കാം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവതാരമാണ് അനികേത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തി ഞെട്ടിക്കാന്‍ അനികേതിന് സാധിക്കുന്നുണ്ട്. സ്പിന്നിനേയും പേസിനേയും കടന്നാക്രമിക്കാന്‍ അനികേതിന് സാധിക്കുന്നുണ്ട്. അക്ഷര്‍ പട്ടേലാണ് ഏഴാം നമ്പറില്‍. പന്തുകൊണ്ട് ഭേദപ്പെട്ട പ്രകടനം നടത്തുന്ന അക്ഷര്‍ നായകനെന്ന നിലയില്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബാറ്റുകൊണ്ട് കാര്യമായ പ്രകടനം നടത്താനുള്ള അവസരം അക്ഷര്‍ പട്ടേലിന് ലഭിച്ചിട്ടില്ല. എട്ടാം നമ്പറില്‍ രവീന്ദ്ര ജഡേജക്കാണ് അവസരം. സിഎസ്‌കെ വലിയ മികവ് കാട്ടുന്നില്ലെങ്കിലും ജഡേജ ഓള്‍റൗണ്ടറെന്ന നിലയില്‍ തന്റെ ജോലി നന്നായി ചെയ്യുന്നുണ്ട്.
മിച്ചല്‍ സ്റ്റാര്‍ക്ക്, ശാര്‍ദ്ദുല്‍ ഠാക്കൂര്‍, നൂര്‍ അഹമ്മദ്
ഒമ്പതാം നമ്പറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനാണ് അവസരം. ഡല്‍ഹിയുടെ ഇടം കൈയന്‍ പേസര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ അഞ്ച് വിക്കറ്റ് പ്രകടനമാണ് നടത്തിയത്. നിലവില്‍ റണ്‍വേട്ടക്കാരില്‍ തലപ്പത്താണ് സ്റ്റാര്‍ക്കുള്ളത്. 10ാം നമ്പറില്‍ ശാര്‍ദ്ദുല്‍ ഠാക്കൂറിനാണ് അവസരം. ലേലത്തില്‍ അണ്‍സോള്‍ഡായ ശാര്‍ദ്ദുല്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. 11ാം നമ്പറില്‍ സിഎസ്‌കെ സ്പിന്നര്‍ നൂര്‍ അഹമ്മദിനാണ് അവസരം. ഇടം കൈയന്‍ സ്പിന്നര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്.