ഐപിഎല്ലിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കവെ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും അപകടകാരികളായ രണ്ടു ബാറ്റര്‍മാര്‍ ആരൊക്കെയാണെന്നു തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. കഴിഞ്ഞ 17 സീസണുകളെടുത്താല്‍ ബൗളര്‍മാര്‍ക്കു മേല്‍ ആധിപത്യം പുലര്‍ത്തിയ നിരവധി ബാറ്റര്‍മാരെ നമുക്കു കാണാന്‍ സാധിക്കും. അവരില്‍ നിന്നാണ് ഏറ്റവും ബെസ്റ്റായ രണ്ടു പേരെ അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്.
സ്വന്തം യൂട്യൂബ് ചാനലിലാണ് ഇര്‍ഫാന്‍ ഇങ്ങനെയൊരു രസകരമായ സെലക്ഷന്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണ്‍ വരെ ഐപിഎല്‍ കമന്ററി സംഘത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. പക്ഷെ ഈ സീസണില്‍ ഇര്‍ഫാനെ ബിസിസിഐ തഴഞ്ഞിരിക്കുകയാണ്.
മുന്‍ സീസണുകളില്‍ ചില കളിക്കാര്‍ക്കെതിരേ അദ്ദേഹം നടത്തിയിട്ടുള്ള പരസ്യമായ ചില വിമര്‍ശനങ്ങള്‍ വിവാദമായിരുന്നു. ഇതാണ് ഇര്‍ഫാന് ഇത്തവണ തിരിച്ചടിയായി മാറിയത്. കമന്ററി ടീമില്‍ കയറിപ്പറ്റാന്‍ പിന്നീട് അദ്ദേഹം ചില ശ്രമങ്ങള്‍ നടത്തി നോക്കിയെങ്കിലും അവയൊന്നും വിജയിച്ചില്ല.

2 സൂപ്പര്‍ ബാറ്റേഴ്‌സ് ആരൊക്കെ?
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഇതിഹാസ നായകനും സൂപ്പര്‍ ഫിനിഷറുമായ എംഎസ് ധോണി, സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് എന്നിവരെയാണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും അപകടകാരികളായി ഇര്‍ഫാന്‍ പഠാന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ രണ്ടു പേര്‍ക്കെതിരേയും അദ്ദേഹം ബൗള്‍ ചെയ്തിട്ടുമുണ്ട്.
എബി ഡിവില്ലിയേഴ്‌സിനെതിരേ ബൗള്‍ ചെയ്യാന്‍ ഞാന്‍ എല്ലായ്‌പ്പോഴും ബുദ്ധിമുട്ടിയിരുന്നു. ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്ററാണ് അദ്ദേഹം. എബിഡിക്കെതിരേ പന്തെറിയുകയെന്നതു എന്നെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നെന്നും ഇര്‍ഫാന്‍ വിശദമാക്കി.
എബിഡി എല്ലാ തരത്തിലുള്ള ഷോട്ടുകളും കളിക്കാറുള്ള ബാറ്ററാണ്. മികച്ച ബോളുകളെ പോലും അദ്ദേഹം ബൗണ്ടറി കടത്താറുമുണ്ട്. അതുകൊണ്ടു തന്നെ എബിഡിക്കെതിരേ മികച്ച ലെങ്ത്ത് കാത്തുസൂക്ഷിക്കുകയെന്നതു വളരെയധികം കടുപ്പമായിരുന്നുവെന്നും ഇര്‍ഫാന്‍ പറയുന്നു.
ഐപിഎല്ലില്‍ 184 മല്‍സരങ്ങളില്‍ കളിച്ച ശേഷമാണ് എബിഡി വിരമിച്ചത്. കരിയറിന്റെ ഭൂരിഭാഗവും അദ്ദേഹം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ ഭാഗവുമായിരുന്നു. 151.69 സ്‌ട്രൈക്ക് റേറ്റില്‍ 5162 റണ്‍സാണ് ഐപിഎല്ലില്‍ എബിഡിയുടെ സമ്പാദ്യം. മൂന്നു സെഞ്ച്വറികളും 40 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്്‌കോര്‍ പുറത്താവാതെ നേടിയ 133 റണ്‍സാണ്. 2021ലെ ഐപിഎല്ലിനു ശേഷമാണ് എബിഡി ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞത്.
ധോണിയുടെ ഫിനിഷിങ്
ലോകം കണ്ട എക്കാലത്തെയും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായ എംഎസ് ധോണിയെയും ഇര്‍ഫാന്‍ പഠാന്‍ വാനോളം പുകഴ്ത്തി. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായായ ധോണിയെപ്പൊലെയൊരു ഫിനിഷറെ താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

എംഎസ് ധോണിയെപ്പോലെ മിടുക്കനായ മറ്റൊരു ഫിനിഷറെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യുകയെന്നതും എന്നെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടായിരുന്നു. വമ്പന്‍ ഷോട്ടുകള്‍ മഹി കളിക്കാറുണ്ടായിരുന്നു.
നിങ്ങള്‍ക്കു അദ്ദേഹത്തില്‍ നിന്നും രക്ഷപ്പെടാനും സാധിക്കില്ല. എന്റെ അഭിപ്രായത്തില്‍ എബിഡിയും ധോണിയും തന്നെയാണ് ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും അപകടകാരികളായ രണ്ടു ബാറ്റര്‍മാരെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, 43ാം വയസ്സിലും ഐപിഎല്ലില്‍ ധോണി കളി തുടരുകയാണ്. ഈ സീസണിനു ശേഷം അദ്ദേഹം വിരമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൂര്‍ണമെന്റില്‍ 267 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞ ധോണി 5289 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. 24 ഫിഫ്റ്റികളുള്‍പ്പെടെയാണിത്. തോറ്റെന്നു കരുതിയ കളിയെ തന്റെ ഫിനിഷിങ് പാടവത്തിലൂടെ ജയിപ്പിക്കാനുള്ള അസാധാരണ മിടുക്കാണ് ധോണിയെ ബൗളര്‍മാരുടെ പേടിസ്വപ്‌നമാക്കുന്നത്.