ഐപിഎല്ലിന്റെ അടുത്ത സീസണിനു ഇനി മാസങ്ങള്‍ ശേഷിക്കുകയാണെങ്കിലും ക്രിക്കറ്റ് പ്രേമികള്‍ ഇതിനകം തന്നെ കണക്കുകൂട്ടലുകള്‍ ആരംഭിച്ചു കഴിഞ്ഞു. മെഗാ ലേലം നടക്കാനിരിക്കവെ ഏതൊക്കെ താരങ്ങളെ ഓരോ ടീമും നിലനിര്‍ത്തുമെന്നതിനെക്കുറിച്ചും കിരീട സാധ്യകളെക്കുറിച്ചുമെല്ലാം ചര്‍ച്ചകള്‍ മുറുകുകയാണ്. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കുന്നത്.
അടുത്ത തവണ കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യതകളുള്ള ടീമുകള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം. എല്ലാ സീസണിലും കിരീട ഫേവറിറ്റുകളുടെ നിരയിലുണ്ടാവാറുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഈ ലിസ്റ്റിലെ ഒരു ടീം. ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണി അടുത്ത എഡഷനിലും കളിച്ചേക്കുമെന്നാണ് സൂചനകള്‍.

റുതുരാജ് ഗെയ്ക്വാദ് തന്നൊയിരിക്കും അടുത്ത സീസണിലും സിഎസ്‌കെയെ നയിക്കുക. അദ്ദേഹത്തെക്കൂടാതെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഓപ്പണര്‍ ഡെവന്‍ കോണ്‍വേ എന്നിവരെയും സിഎസ്‌കെ നിലനിര്‍ത്തിയേക്കും. പേസര്‍ മതീശ പതിരാനയാണ് സിഎസ്‌കെയില്‍ തുടരാനിടയുള്ള മറ്റൊരാള്‍. ധോണി ടീമില്‍ തുടര്‍ന്നാല്‍ കിരീട ഫേവറിറ്റുകളില്‍ സിഎസ്‌കെയെ തീര്‍ച്ചയായും പ്രതീക്ഷിക്കാം.
അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ് കിരീടഫേവറിറ്റുകളിലെ രണ്ടാമത്തെ ടീം. എല്ലാ സീസണിലെയും പോലെ സിഎസ്‌കെയ്‌ക്കൊപ്പം കിരീട ഫേവറിറ്റുകളില്‍ മുംബൈയെയും നമുക്കു കാണാം. ഹാര്‍ദിക് പാണ്ഡ്യ നയിച്ച ടീം കഴിഞ്ഞ തവണ അവസാന സ്ഥാനക്കാരായിരുന്നെങ്കിലും ശക്തമായ തിരിച്ചുവരവ് അടുത്ത സീസണില്‍ പ്രതീക്ഷിക്കാം.
മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമില്‍ തുടരാന്‍ സാധ്യതയില്ലെങ്കിലും ഹാര്‍ദിക്കിനൊപ്പം സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ്, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരടക്കമുള്ളവര്‍ ടീമില്‍ തുടര്‍ന്നേക്കും. ഇവര്‍ക്കൊപ്പം മെഗാലേലത്തില്‍ കൂടുതല്‍ മികച്ച കളിക്കാരെ ടീമിലെത്തിക്കാനുള്ള നീക്കമായിരിക്കും മുംബൈ നടത്തുക.
നിലവിലെ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് കിരീട ഫേവറിറ്റുകളില്‍പ്പെടുന്ന മൂന്നാമത്തെ ടീം. വളരെ സന്തുലിതമായ ടീമായിരുന്നു കഴിഞ്ഞ തവണ കെകെആറിന്റേത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം സുനില്‍ നരെയ്ന്‍, ആന്ദ്രെ റസ്സല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരയും അടുത്ത സീസണില്‍ കാണാന്‍ സാധിച്ചേക്കും. കഴിഞ്ഞ സീസണില്‍ ടീമിന്റെ ഉപദേശക സ്ഥാനത്തുണ്ടായിരുന്ന ഗൗതം ഗംഭീറിന്റെ സേവനം അടുത്ത തവണ കെകെആറിനു ലഭിക്കില്ല.
ഇതുവരെ കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് അടുത്ത എഡിഷനിലെ നാലാമത്തെ കിരീട ഫേവറിറ്റെന്നു കാണാം. കഴിഞ്ഞ തവണ സീസണിന്റെ ആദ്യ പകുതിയില്‍ വന്‍ ഫ്‌ളോപ്പായെങ്കിലും രണ്ടാം പകുതിയില്‍ അവിശ്വസനീയ തിരിച്ചുവരവ് നടത്തി ആര്‍സിബി പ്ലേഓഫിലെത്തിയിരുന്നു.

ബാറ്റിങ് ഇതിഹാസം വിരാട് കോലിയെ വീണ്ടും ആര്‍സിബിയുടെ കുപ്പായത്തില്‍ നമുക്കു കാണാന്‍ സാധിക്കും. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയെ അവര്‍ നിലനിര്‍ത്തുമോയെന്നതു സംശയമാണ്. മധ്യനിര ബാറ്റര്‍ രജത് രപാട്ടിധാര്‍, പേസര്‍ മുഹമ്മദ് സിറാജ് എന്നിവരാണ് ആര്‍സിബിി നിലനിര്‍ത്തിയേക്കാവുന്ന കളിക്കാര്‍.
ഗുജറാത്ത് ടൈറ്റന്‍സാണ് അടുത്ത എഡിഷനില്‍ കിരീട സാധ്യതയുള്ള അഞ്ചാമത്തെ ടീം. പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴില്‍ കഴിഞ്ഞ എഡിഷനില്‍ ജിടിയുടെ പ്രകടനം നിരാശാജനകമായിരുന്നു. പ്ലേഓഫ് പോലും കാണാതെയാണ് അവര്‍ പുറത്തായത്.
വളരെ ബാലന്‍സുള്ള ടീമിനെ ഇറക്കാന്‍ എല്ലായ്‌പ്പോഴും ശ്രമിക്കാറുള്ളവരാണ് ജിടി. അടുത്ത തവണയും ഇതു തെറ്റാനിടയില്ല. ഗില്ലിനെക്കൂടാതെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, രാഹുല്‍ തെവാത്തിയ എന്നിവരെയും ജിടി നിലനിര്‍ത്താനാണ് സാധ്യത.