ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. എന്നാല്‍ ഇത്തവണ ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യങ്ങളിലൊന്ന് ചില സൂപ്പര്‍ ടീമുകളുടേയും താരങ്ങളുടേയും പിന്നോട്ട് പോക്കാണ്. രാജസ്ഥാന്‍ റോയല്‍സില്‍ ഇത്തവണ എല്ലാവരും വലിയ പ്രതീക്ഷവെച്ചിരുന്നു. രാഹുല്‍ ദ്രാവിഡ് പരിശീലകനായതോടെ രാജസ്ഥാന്‍ മുന്നോട്ട് പോകുമെന്ന് കരുതിയെങ്കിലും നിരാശപ്പെടുത്തുന്ന അവസ്ഥയില്‍ ടീം പിന്നോട്ട് പോവുകയാണ് ചെയ്തത്. രാജസ്ഥാന്റെ പിന്നോട്ടിറക്കത്തോടൊപ്പം നായകന്‍ സഞ്ജു സാംസണിന്റെ പരിക്കും രാജസ്ഥാനെ തളര്‍ത്തുകയാണ്.
സീസണിന്റെ ആദ്യ മൂന്ന് മത്സരത്തില്‍ പരിക്കിനെത്തുടര്‍ന്ന് നായകസ്ഥാനം സഞ്ജുവിന് ലഭിച്ചില്ല. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തിയപ്പോള്‍ വീണ്ടും പരിക്ക് വില്ലനായി. ഇപ്പോള്‍ ടീമിന് പുറത്തിരിക്കാനാണ് സഞ്ജുവിന്റെ വിധി. ഈ സീസണില്‍ രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷ വേണ്ടെന്ന് തന്നെ പറയാം. ഈ സാഹചര്യത്തില്‍ സഞ്ജു തിടുക്കപ്പെട്ട് ഈ സീസണിലേക്ക് തിരിച്ചെത്താന്‍ സാധ്യതയില്ലെന്ന് തന്നെ വിലയിരുത്താം. ഇടക്കിടെ പരിക്കേല്‍ക്കുന്ന സാഹചര്യത്തില്‍ സഞ്ജുവിന് ഇപ്പോള്‍ വിശ്രമം അനിവാര്യമാണ്.
നിലവില്‍ ബിസിസി ഐയുടെ കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരമാണ് സഞ്ജു. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ ഫിറ്റ്‌നസ് ബിസിസി ഐയുടെ നിരീക്ഷണത്തിലാവും. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ സഞ്ജുവിന്റെ പരിക്ക് കൂടുതല്‍ ഗുരുതരമാകാതെ ആവശ്യത്തിന് വിശ്രമം നല്‍കാനാവും ബിസിസി ഐ ശ്രമിക്കുക. രാജസ്ഥാനൊപ്പം ഈ സീസണില്‍ ഇനി കളിക്കാന്‍ സാധിക്കാത്ത സഞ്ജു എപ്പോഴാവും വീണ്ടും കളത്തിലേക്കെത്തുക? പരിശോധിക്കാം.
ബംഗ്ലാദേശ് ടി20 പരമ്പരയിലൂടെ തിരിച്ചെത്തും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ്. ഇതിന് ശേഷം ബംഗ്ലാദേശ് പര്യടനമാണ് ഇന്ത്യ നടത്തുക. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം. ഇതില്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ക്ക് ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെട്ട ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ക്ക് ബംഗ്ലാദേശിനെതിരേ വിശ്രമം നല്‍കിയേക്കും. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ഏറ്റവും കരുത്തുറ്റ ടീമിനെത്തന്നെ അയക്കേണ്ടതായതിനാല്‍ യുവതാരങ്ങള്‍ക്കാവും ബംഗ്ലാദേശ് പരമ്പരയില്‍ കൂടുതല്‍ പരിഗണന ലഭിക്കുക.
സഞ്ജു സാംസണ്‍ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലൂടെയാവും വീണ്ടും കളത്തിലേക്ക് തിരിച്ചെത്താന്‍ സാധ്യത. അതുവരെ സഞ്ജുവിന് വിശ്രമം അനുവദിച്ചേക്കും. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര ആഗസ്റ്റ് 17നാണ് തുടങ്ങുന്നത്. നിലവില്‍ ഇന്ത്യയുടെ ഏകദിന ടീമിന് പുറത്താണ് സഞ്ജുവുള്ളത്. എന്നാല്‍ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര കളിക്കാന്‍ അവസരം ലഭിച്ചേക്കും. സഞ്ജുവിന് മുന്നില്‍ മുന്നൊരുക്കത്തിന് ആവശ്യത്തിന് സമയം ലഭിക്കും.
നിലവില്‍ തിടുക്കപ്പെട്ട് സഞ്ജുവിനെ ഐപിഎല്‍ കളിപ്പിച്ചാല്‍ സഞ്ജുവിന്റെ പരിക്ക് കൂടുതല്‍ ഗുരുതരമാവാനും കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമാവാവും അത് കാരണമാവും. അതുകൊണ്ടുതന്നെ ഇപ്പോള്‍ സഞ്ജുവിന്റെ ഫിറ്റ്‌നസ് വിലയിരുത്തി വിശ്രമം അനുവദിക്കാനാണ് സാധ്യത കൂടുതലെന്ന് പറയാം.

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ സീറ്റുണ്ടാവില്ല
സഞ്ജു സാംസണ്‍ ഇന്ത്യക്കായി ടെസ്റ്റ് കളിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്ന താരങ്ങളിലൊരാളാണ്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സഞ്ജു സാംസണിന് ഇടമുണ്ടാകില്ലെന്നുറപ്പാണ്. സമീപകാലത്തെ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. നാട്ടില്‍ ന്യൂസീലന്‍ഡിനോടടക്കം ഇന്ത്യ ടെസ്റ്റില്‍ നാണംകെട്ടിരുന്നു. ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു.
ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ഇംഗ്ലണ്ട് പരമ്പരയില്‍ തിളങ്ങേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അതിനായി ഏറ്റവും മികച്ച ടീമിനെത്തന്നെ ഇന്ത്യക്ക് ഇറക്കണം. സഞ്ജുവിന് ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഇടം പ്രതീക്ഷിക്കാനാവില്ല. ടി20യില്‍ മികവ് കാട്ടി മികച്ച ഓപ്പണര്‍മാര്‍ വളര്‍ന്നുവരുന്നുണ്ട്. അതുകൊണ്ടുതന്നെ സഞ്ജു സാംസണിന് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പാണ്.