ഐപിഎല്‍ റീട്ടെന്‍ഷെന്‍ ലിസ്റ്റ് ടീമുകള്‍ ഇന്നു പുറത്തു വിടാനിരിക്കെ രാജസ്ഥാന്‍ റോയല്‍സിന്റെ ആരാധകരെ സംബന്ധിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണറും വൈറ്റ് ബോള്‍ ക്യാപ്റ്റനുമായ ജോസ് ബട്‌ലറെ റോയല്‍സ് നിലനിര്‍ത്തില്ലെന്നാണ് പുറത്തുവരുന്ന വിവരം. ദീര്‍ഘകാലമായി ബാറ്റിങില്‍ ടീമിന്റെ നെടുംതൂണായ അദ്ദേഹത്തെ കൈവിടാനുള്ള റോയല്‍സിന്റെ നീക്കം ആരാധകരെ സ്തബ്ധരാക്കിയിരിക്കുകയാണ്.
ബട്‌ലറെ റോയല്‍സ് കൈവിടുകയാണെങ്കില്‍ വരാനിരിക്കുന്ന മെഗാ ലേലത്തില്‍ മോഹവിലയായിരിക്കും അദ്ദേഹത്തിനു ലഭിക്കാന്‍ പോവുന്നത്. ഏതൊരു ഫ്രാഞ്ചൈസിയും ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന ബാറ്ററാണ് അദ്ദേഹം. അതുകൊണ്ടു തന്നെ പ്രധാനപ്പെട്ട ഫ്രാഞ്ചൈസികളെല്ലാം ബട്‌ലറിനു വേണ്ടി രംഗത്തിറങ്ങുമെന്ന കാര്യമുറപ്പാണ്.

ആരെയൊക്കെ നിലനിര്‍ത്തും?
മെഗാ ലേലത്തിനു മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് നാലു കളിക്കാരെയാണ് നിലനിര്‍ത്തുകയെന്നാണ് വിവരം. നായകന്‍ സഞ്ജു സാംസണ്‍, യുവ ഓപ്പര്‍ യശസ്വി ജയ്‌സ്വാള്‍, ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ്, വലംകൈയന്‍ പേസര്‍ സന്ദീപ് ശര്‍മ എന്നിവരാണ് റോയല്‍സ് നിലനിര്‍ത്താന്‍ പോവുന്ന കളിക്കാര്‍. ഇതോടെ ശേഷിച്ച താരങ്ങളെല്ലാം ലേലത്തിന്റെ പൂളിലേക്കു വരികയും ചെയ്യും.
എന്നാല്‍ യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിനെ മെഗാ ലേലത്തില്‍ ആര്‍ടിഎം കാര്‍ഡ് ഓപ്ഷന്‍ വഴി തിരികെ വാങ്ങാന്‍ റോയല്‍സിനു പ്ലാനുണ്ടെന്നാണ് സൂചനകള്‍. ഫ്രാഞ്ചൈസിയുടെ കണ്ടെത്തലുകളിലൊന്നായി മാറിയ അദ്ദേഹം ഇന്ത്യയുടെ ഭാവി വിക്കറ്റ് കീപ്പറായി ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ്. ടെസ്റ്റില്‍ നിലവില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറും കൂടിയാണ് ജുറേല്‍. റോയല്‍സിനു വേണ്ടി 22 ഇന്നിങ്‌സുകളില്‍ കളിച്ച താരത്തിനു 151.52 എന്ന തകര്‍പ്പന്‍
സ്‌ട്രൈക്ക് റേറ്റുമുണ്ട്.
റോയല്‍സിന്റെ ഐക്കണ്‍ താരം
ഐപിഎല്‍ റീട്ടെന്‍ഷന്‍ ലിസ്റ്റിലുണ്ടാവില്ലെങ്കിലും മെഗാ ലേലത്തില്‍ ജോസ് ബട്‌ലറിനെ ആര്‍ടിഎം കാര്‍ഡ് വഴി തിരികെ കൊണ്ടുവരാനുള്ള നീക്കവും രാജസ്ഥാന്‍ റോയല്‍സ് നടത്തിയേക്കും. കാരണം അവരെ സംബന്ധിച്ച് മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത നിര്‍ണായക താരമാണ് അദ്ദേഹം. 2018ലെ മെഗാ ലേലത്തിലാണ് ബട്‌ലര്‍ റോയല്‍സ് ടീമിന്റെ ഭാഗമായത്. വളരെ പെട്ടെന്നു തന്നെ ടീമിന്റെ ഐക്കണ്‍ താരങ്ങളിലൊരാളായി അദ്ദേഹം മാറുകയും ചെയ്യുകയായിരുന്നു.
കളിച്ച എല്ലാ സീസണുകളിലും 300 പ്ലസ് റണ്‍സ് അടിച്ചെടുക്കാന്‍ ബട്‌ലര്‍ക്കായിട്ടുണ്ട്. 2022ലെ സീസണിലായിരുന്നു അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കണ്ടത്. ടീമിനെ റണ്ണറപ്പാക്കുന്നതില്‍ ബട്‌ലര്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. 57.53 ശരാശരിയില്‍ താരം വാരിക്കൂട്ടിയത് 863 റണ്‍സാണ്. ഈ വര്‍ഷത്തെ അവസാന ഐപിഎല്ലില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ ബട്‌ലര്‍ക്കായിരുന്നില്ല. 359 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.
റോയല്‍സിനു വേണ്ടി 82 ഇന്നിങ്‌സുകളാണ് ഏഴു സീസണുകള്‍ നീണ്ട കരിയറില്‍ ബട്‌ലര്‍ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 41.48 ശരാശരിയില്‍ 147.8 സ്‌ട്രൈക്ക് റേറ്റോടെ 3055 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഏഴു സെഞ്ച്വറികളും 18 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. 12 തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും റോയല്‍സ് കുപ്പായത്തില്‍ ബട്‌ലര്‍ സ്വന്തമാക്കിയിട്ടുണ്ട്.

പുതിയ ഓപ്പണിങ് ജോടി?
മെഗാ ലേലത്തില്‍ ജോസ് ബട്‌ലറിനെ ആര്‍ടിഎം കാര്‍ഡ് ഓപ്ഷന്‍ വഴി തിരികെ കൊണ്ടുവരാന്‍ രാജസ്ഥാന്‍ റോയല്‍സിനു സാധിക്കുമോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.അതിനു കഴിഞ്ഞില്ലെങ്കില്‍ വരാനിരിക്കുന്ന ഐപിഎല്ലില്‍ പുതിയ ഓപ്പണിങ് ജോടിയെ നമുക്കു റോയല്‍സില്‍ കാണാന്‍ സാധിക്കും. യശസ്വി ജയ്‌സ്വാളിനൊപ്പം നായകന്‍ സഞ്ജു സാംസണായിരിക്കും ടീമിനു വേണ്ടി ഓപ്പണിങില്‍ ഇറങ്ങുക.
ഇന്ത്യക്കു വേണ്ടി ടി20യില്‍ നിലവില്‍ ഓപ്പണിങ് റോളിലേക്കു വന്നിരിക്കുകയാണ് സഞ്ജു. ബംഗ്ലാദേശുമായുള്ള അവസാനത്തെ ടി20 പരമ്പരയിലെ മൂന്നു കളിയിലും അദ്ദേഹം ഓപ്പണ്‍ ചെയ്തിരുന്നു. അവസാന കളിയില്‍ കന്നി സെഞ്ച്വറിയുമായി സഞ്ജു മിന്നിക്കുകയും ചെയ്തിരുന്നു. വരാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലും അദ്ദേഹം ഈ റോള്‍ ഏറ്റെടുക്കുമെന്നു ഉറപ്പായിരിക്കുകയാണ്.