ഐപിഎല്ലില്‍ ഇതിനകം കളിച്ചിട്ടുള്ള മൂന്നു സീസണുകളിലും പ്ലേഓഫിലേക്കു യോഗ്യത നേടി ആരാധകര്‍ക്കു വലിയ പ്രതീക്ഷകള്‍ നല്‍കിയിട്ടുള്ള ഫ്രാഞ്ചൈസിയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റസ്. അവസാനത്തെ സീസണില്‍ പ്ലേഓഫിലെത്താന്‍ സാധിക്കാതെ പോയെങ്കിലും തൊട്ടുമുമ്പത്തെ രണ്ടു എഡിഷനുകളിലും അവസാന നാലില്‍ എല്‍എസ്ജിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇത്തവണ പുതിയ നായകന്‍ റിഷഭ് പന്തിനു കീഴില്‍ മികച്ചൊരു സീസണാണ് എല്‍എസ്ജി സ്വപ്‌നം കാണുന്നത്.
ലഖ്‌നൗവിനെ സംബന്ധിച്ച് അവരുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ നിക്കോളാസ് പൂരന്‍. 2023ല്‍ ടീമിലെത്തിയ അദ്ദേഹത്തെ വരാനിരിക്കുന്ന സീസണിലും എല്‍എസ്ജിയുടെ നീലക്കുപ്പായത്തില്‍ കാണാം.
ഈ സീസണില്‍ കന്നികിരീടമെന്ന ലക്ഷ്യത്തിലെത്താന്‍ എല്‍എസ്ജിയുടെ പ്ലാനുകള്‍ എന്തൊക്കെയാണെന്നും ക്യാപ്റ്റന്‍സിയില്‍ വന്ന മാറ്റത്തെക്കുറിച്ചുമെല്ലാം തുറന്നു പറഞ്ഞിരിക്കുകയാണ് പൂരന്‍. മൈഖേലിനു (Mykhel) നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സൂപ്പര്‍ താരം.

കിരീടത്തിനായുള്ള പ്ലാനെന്ത്?
കിരീടമെന്നത് വളരെ എളുപ്പത്തില്‍ നേടിയെടുക്കാവുന്ന ഒരു കാര്യമല്ലെന്നാണ് താന്‍ കരുതുന്നതെന്നു നിക്കോളാസ് പൂരന്‍ വ്യക്തമാക്കി. തയ്യാറെടുപ്പുകളും ടീമെന്ന നിലയിലുള്ള കാര്യങ്ങളെ മനസ്സിലാക്കേണ്ടതും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. എന്താണ് ചെയ്യേണ്ടതെന്നു തിരിച്ചറിയേണ്ടതും ആവശ്യമാണ്.
ലഖ്‌നൗ ഒരു പുതിയ ഫ്രാഞ്ചൈസിയാണ്. ഐപിഎല്ലില്‍ മൂന്നു സീസണുകളിലാണ് ടീം ഇതിനകം കളിച്ചിട്ടുള്ളത്. രണ്ടു തവണ ടീം പ്ലേഓഫിലേക്കു യോഗ്യത നേടിയെങ്കിലും അവസാന സീസണില്‍ ഞങ്ങള്‍ക്കു അതിനു സാധിച്ചില്ല. എന്നാല്‍ ഒരു ടീമെന്ന നിലയില്‍ എന്താണ് ആവശ്യമെന്നു ഞങ്ങള്‍ക്കറിയാം. ഏതു തരത്തിലുള്ള ക്രിക്കറ്റാണ് കളിക്കേണ്ടതെന്നും ബോധ്യമുണ്ട്. കൂടാതെ ഏതു തരത്തിലുള്ള കളിക്കാരെയാണ് ടീമില്‍ ഞങ്ങള്‍ക്കു ആവശ്യമായിരുന്നത് എന്നതിനെക്കുറിച്ചും അറിയാം.
ഹോംഗ്രൗണ്ടില്‍ ഞങ്ങള്‍ എങ്ങനെയാണ് ഈ സീസണില്‍ കളിക്കാന്‍ പോവുന്നതെന്നും അറിയണം. ഇവിടെ എങ്ങനെ വിജയിക്കാമെന്നതിനെക്കുറിച്ചും മനസ്സിലാക്കേണ്ടത് ആവശ്യമാണ്. ഈ കാര്യങ്ങളെല്ലാം പരിഗണിച്ച് ലഖ്‌നൗ ടീമില്‍ ഞങ്ങള്‍ മതിയായ മാറ്റങ്ങള്‍ ഈ സീസണില്‍ വരുത്തിയിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. സ്‌പെഷ്യലായിട്ടുള്ള ഒരു സീസണിന്റെ തുടക്കമായിരിക്കും ഇതെന്നു താന്‍ പ്രതീക്ഷിക്കുന്നതായും പൂരന്‍ പറഞ്ഞു.
റിഷഭിനു പൂര്‍ണ പിന്തുണ
കെഎല്‍ രാഹുലിനു പകരം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പുതിയ നായകനായി വന്നിരിക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു പൂര്‍ണ പിന്തുണ തന്നെ നല്‍കുമെന്നു വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ നായകന്‍ കൂടിയായ നിക്കോളാസ് പൂരന്‍ അറിയിച്ചു. റിഷഭ് പന്തിന്റെ വരവ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിനു പുത്തന്‍ ഉണര്‍വ് തന്നെ നല്‍കിയിട്ടുണ്ട്. അദ്ദേഹം ടീമിനു വ്യത്യസ്തമായ പലതും കൊണ്ടു വരുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.
വളരെ സ്‌പെഷ്യലായിട്ടുള്ള ഒരു മനുഷ്യനാണ് റിഷഭ്, ക്രിക്കറ്ററെന്ന നിലയിലും അങ്ങനെ തന്നെ. അദ്ദേഹം എങ്ങനെയാണ് ഈ സീസണില്‍ ടീമിനെ നയിക്കാന്‍ പോവുന്നതെന്നും ഞങ്ങളെല്ലാം നോക്കുകയാണ്. പിന്തുണയുടെ കാര്യം പറയുകയാണെങ്കില്‍ കളിക്കളത്തിനകത്തും പുറത്തും ഞങ്ങള്‍ 100 ശതമാനവും റിഷഭിനു പിന്തുണ നല്‍കും. വളരെ ആവേശകരമായ ഒരു സീസണായി ഇതു മാറുമെന്നും പ്രതീക്ഷിക്കുന്നതായി പൂരന്‍ അറിയിച്ചു.
നല്‍കാനുള്ള ഉപദേശമെന്ത്?
വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റനെന്ന നിലയില്‍ റിഷഭ് പന്തിന് എന്തെങ്കിലും ഉപദേശം നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് താന്‍ ഏതു സമയത്തും എന്തു സഹായത്തിനും കൂടെയുണ്ടാവുമെന്നാണ് നിക്കോളാസ് പൂരന്‍ പ്രതികരിച്ചത്.
ഞാനൊരു തുറന്ന പുസ്തകം പോലെയാണ്. എനിക്കു ക്രിക്കറ്റിനെക്കുറിച്ച് നല്ല ധാരണയുണ്ടെന്നു റിഷഭ് പന്തിനറിയാം. എനിക്കു ഏതു സമയത്തും അദ്ദേഹത്തിന്റെയുടുത്ത് പോവാനും സംസാരിക്കാനും സാധിക്കും. റിഷഭിനും തിരിച്ച് ഇങ്ങനെ തന്നെയാണ്. ഞങ്ങള്‍ക്കിടയില്‍ അങ്ങനെയുള്ള ഒരു ബന്ധമാണുള്ളത്.
ആശയവിനിമയത്തിന്റെ കാര്യത്തില്‍ എനിക്കും റിഷഭിനുമിടയില്‍ പ്രശ്‌നങ്ങളൊന്നും തന്നെയില്ല. അദ്ദേഹത്തിനു എന്റെ 100 ശതമാനവും പിന്തുണയുണ്ടായിരിക്കും. എപ്പോള്‍ വേണമെങ്കിലും, ഏതു തരത്തിലുള്ള സഹായത്തിനും ഞാന്‍ ടീമിനൊപ്പം കൂടെയുണ്ടാവുമെന്നും പൂരന്‍ കൂട്ടിച്ചേര്‍ത്തു.

പേസ് ത്രയത്തിന്റെ പരിക്ക്
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഇന്ത്യന്‍ പേസ് ത്രയങ്ങളായ ആവേശ് ഖാന്‍, മായങ്ക് യാദവ്, മൊഹ്‌സിന്‍ ഖാന്‍ തുടങ്ങിയവരെല്ലാം പരിക്കിന്റെ പിടിയിലാണ്. ഈ സീസണില്‍ ഇവരെല്ലാം കളിക്കുമോയെന്ന കാര്യവും ഇനിയും ഉറപ്പായിട്ടില്ല. ഇതു ടീമിനു തിരിച്ചടിയാവുമോയെന്ന ചോദ്യത്തിനു തീര്‍ച്ചയായുമെന്നായിരുന്നു നിക്കോളാസ് പൂരന്റെ മറുപടി.
ലഖ്‌നൗ ടീമിനു തീര്‍ച്ചയായും ഇതു വലിയ തിരിച്ചടി തന്നെയാണ്. ഈ താരങ്ങളെയെല്ലാം കേന്ദ്രീകരിച്ചാണ് ഞങ്ങള്‍ ടീം പ്ലാന്‍ ചെയ്തിരുന്നത്. പക്ഷെ പ്രധാനപ്പെട്ട ഈ ബൗളര്‍മാര്‍ക്കെല്ലാം ഇപ്പോള്‍ പരിക്കേറ്റത് നിര്‍ഭാഗ്യകരം തന്നെയാണ്. ടൂര്‍ണമെന്റിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഇവരുടെ സേവനം ടീമിനു ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.
സാക്ക് (സഹീര്‍ ഖാന്‍) ഞങ്ങള്‍ക്കൊപ്പം ഇവിടെ പരിശീലക സംഘത്തിലുണ്ട്. അദ്ദേഹമൊരു ഇതിഹാസം തന്നെയാണ്. പലരുടെയും റോള്‍ മോഡലായിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. ടീമിലുള്ള ബൗളര്‍മാര്‍ക്കെല്ലാം സാക്കില്‍ നിന്നും പല കാര്യങ്ങളും പഠിച്ചെടുക്കാന്‍ സാധിക്കും. രണ്ടു മാസത്തിലേറെ നീളുന്നതാണ് ഈ ടൂര്‍ണമെന്റ്. ടീമിലെ യുവ ബൗളര്‍മാരുമായി അദ്ദേഹം ആശയവിനിമയം നടത്തുന്നത് കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും പൂരന്‍ കൂട്ടിച്ചേര്‍ത്തു.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീം
ബാറ്റര്‍മാര്‍- റിഷഭ് പന്ത് (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, എയ്ഡന്‍ മാര്‍ക്രം, ആര്യന്‍ ജുയാല്‍, ഹിമ്മത്ത് സിങ്, മാത്യു ബ്രീസ്‌കെ, നിക്കോളാസ് പൂരന്‍.
ഓള്‍റൗണ്ടര്‍മാര്‍- മിച്ചെല്‍ മാര്‍ഷ്, അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, യുവരാജ് ചൗധരി, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, അര്‍ഷിന്‍ കുല്‍ക്കര്‍ണി, ആയുഷ് ബദോനി.
ബൗളര്‍മാര്‍- ആവേശ് ഖാന്‍, ആകാശ്ദീപ്, എം സിദ്ധാര്‍ഥ്, ദിഗ്വേഷ് സിങ്, ഷമര്‍ ജോസഫ്, പ്രിന്‍സ് യാദവ്, മായങ്ക് യാദവ്, മൊഹ്‌സിന്‍ ഖാന്‍, രവി ബിഷ്‌നോയ്.