കന്നി ഐപിഎല്‍ ട്രോഫി കൈയെത്തുംദൂരത്തു വഴുതിപ്പോയെങ്കിലും പഞ്ചാബ് കിങ്‌സിനെ സംബന്ധിച്ച് ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്ന ഐപിഎല്‍ സീസണായിരുന്നു ഇത്തവണത്തേത്. കാരണം 11 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് വീണ്ടുമൊരു ഫൈനലില്‍ പഞ്ചാബ് കിങ്‌സിന്റെ സാന്നിധ്യമുണ്ടായത്. പക്ഷെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളരുവിനോടു അവര്‍ ആറു റണ്‍സിനു പൊരുതി വീഴുകയായിരുന്നു.
191 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ പഞ്ചാബ് ഏഴു വിക്കറ്റിനു 184 റണ്‍സിനു കീഴടങ്ങുകയായിരുന്നു. ശശാങ്ക് സിങ് 30 ബോളില്‍ 61 റണ്‍സുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും മറ്റാരില്‍ നിന്നും വേണ്ടത്ര പിന്തുണ കിട്ടിയില്ല. 39 റണ്‍സെടുത്ത ജോഷ് ഇംഗ്ലിസ് മാത്രമാണ് പഞ്ചാബ് നിരയില്‍ 30ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം.
ഫൈനലില്‍ പഞ്ചാബിനു യഥാര്‍ഥത്തില്‍ എവിടെയാണ് പിഴച്ചതെന്നും ആരാണ് വില്ലനെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മധ്യനിര ബാറ്ററായ നെഹാല്‍ വദേര. മുംബൈ ഇന്ത്യന്‍സ് വിട്ട് തന്റെ ഹോം ഫ്രാഞ്ചൈസിക്കൊപ്പം ചേര്‍ന്ന അദ്ദേഹം പല മാച്ച് വിന്നിങ് പ്രകടനങ്ങളും ഇത്തവണ നടത്തിയിരുന്നു. പക്ഷെ ഫൈനലില്‍ പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം വദേര നടത്തിയില്ല. 18 ബോളില്‍ ഒരു സിക്‌സറടക്കം 15 റണ്‍സെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു.

പഞ്ചാബിന്റെ വില്ലന്‍
റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള ഐപിഎല്‍ ഫൈനലിലെ യഥാര്‍ഥ വില്ലന്‍ മറ്റാരുമല്ല, സ്വയം താന്‍ തന്നെയാണെന്നാണ് നെഹാല്‍ വദേര കുറ്റസമ്മതം നടത്തിയിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിനോടു സംസാരിക്കവെയാണ് ടീമിന്റെ വില്ലനെക്കുറിച്ചും പഞ്ചാബിനു എവിടെയാണ് പിഴച്ചതെന്നും അദ്ദേഹം തുറന്നു പറഞ്ഞത്.
ഈ പരാജയത്തിനു ഞാന്‍ പൂര്‍ണമായും എന്നെ മാത്രമേ കുറ്റപ്പെടുത്തുകയുള്ളൂ. ഞാന്‍ ആ സമയത്തു കൂടുതല്‍ നന്നായി കളിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്കു തീര്‍ച്ചയായും വിജയിക്കാന്‍ കഴിയുമായിരുന്നു. ഫൈനലിലെ പിച്ചിനെ ഞാന്‍ കുറ്റപ്പെടുത്തില്ല. കാരണം ആര്‍സിബി ഇവിടെ 190 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളതാണ്.
ഞാന്‍ ഗെയിമിനെ കൂടുതല്‍ ആഴത്തിലേക്കു കൊണ്ടു പോവുകയായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. ഈ തരത്തില്‍ ഗെയിമിനെ ഡീപ്പിലേക്കു എത്തിക്കാനായാല്‍ മല്‍സരങ്ങള്‍ ഫിനിഷ് ചെയ്യാന്‍ സാധിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
എനിക്കു മല്‍സരം ഫിനിഷ് ചെയ്യാന്‍ കഴിയാതെ പോയ ദിവസങ്ങളിലൊന്നായിരുന്നു അത്. എല്ലാ ടൂര്‍ണമെന്റുകളിലും ഞാന്‍ ഈ തരത്തില്‍ ഗെയിമിനെ അവസാനത്തേക്കു കൊണ്ടുപോയ ശേഷം ഫിനിഷ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ഇത്തവത്തെ ഫൈനിലൊഴികെ മറ്റെല്ലായ്‌പ്പോഴും തനിക്കു അതു സാധിച്ചിട്ടുണ്ടെന്നും വദേര വ്യക്തമാക്കി.
ഇന്നിങ്‌സില്‍ പഞ്ചാത്താപമില്ല
ചില പ്രത്യേക ദിവസങ്ങളില്‍ നമ്മള്‍ ആഗ്രഹിക്കുന്നതു പോലെ കാര്യങ്ങള്‍ സംഭവിക്കില്ലെന്നു നെഹാല്‍ വദേര ചൂണ്ടിക്കാട്ടി. ചില ദിവസങ്ങള്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതു പോലെ സംഭിവിക്കില്ല. അങ്ങനെയൊരു ദിവസമായിരുന്നു അത് (ഫൈനല്‍).

പക്ഷെ അന്നു ഗെയിമിനെ കൂടുല്‍ ഡീപ്പിലേക്കു കൊണ്ടു പോയതില്‍ എനിക്കു പശ്ചാത്താപമില്ല. കാരണം സാഹചല്യങ്ങള്‍ അങ്ങനെയയിരുന്നു. ഞങ്ങളുടെ വിക്കറ്റുകള്‍ വീണു കൊണ്ടിരിക്കുകയായിരുന്നു. എങ്കിലും ഞാന്‍ അവസാനത്തേക്കു കൂടുതല്‍ അഗ്രസീവായി വേഗതയില്‍ റണ്‍സ് സ്‌കോര്‍ ചെയ്യേണ്ടിയിരുന്നുവെന്നാണ് തോന്നുന്നത്.
ഞാന്‍ അന്നു പഠിക്കുകയും വിലയിരുത്തുകയും ചെയ്തിട്ടുള്ള കാര്യമാണിത്. ഭാവിയില്‍ എനിക്കു അതു ചെയ്യാന്‍ കഴിയും. അതു ടീമിനെയും തന്നെയും സഹായിക്കുമെന്നും വദേര കൂട്ടിച്ചേര്‍ത്തു. 16 ഇന്നിങ്‌സുകളാണ് അദ്ദേഹം ഈ സീസണില്‍ കളിച്ചത്. 145.84 സ്ട്രൈക്ക് റേറ്റില്‍ 369 റണ്‍സും സ്‌കോര്‍ ചെയ്തു. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കമാണിത്.