ഐപിഎല്‍ മെഗാ ലേലത്തിനു ശേഷം രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് ലൈനപ്പ് വിലയിരുത്തുകയാണെങ്കില്‍ അതു കഴിഞ്ഞ സീസണിലെ അത്രയും മികച്ചതല്ലെന്നു ഉറപ്പിച്ച് പറയാന്‍ സാധിക്കും. ന്യൂസിലാന്‍ഡിന്റെ പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിനൊപ്പം ഇന്ത്യയുടെ സൂപ്പര്‍ സ്പിന്‍ ജോടികളായ ആര്‍ അശ്വിവും യുസ്വേന്ദ്ര ചഹലും റോയല്‍സിലുണ്ടായിരുന്നു. അവരുടെ ബൗളിങിന്റെ 'ന്യൂക്ലിയസ്'എന്നു തന്നെ ഈ ത്രയത്തെ വിശേഷിപ്പിക്കാം. ഇവര്‍ക്കൊപ്പം സന്ദീപ് ശര്‍മയും കൂടി ചേര്‍ന്നതോടെ അതു മാര കോമ്പിനേഷനായി മാറി.
എന്നാല്‍ അടുത്ത സീസണില്‍ സന്ദീപൊഴികെ മറ്റു മൂന്നു പേരും റോയല്‍സിനൊപ്പമില്ല. പകരം ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍, ശ്രീലങ്കന്‍ സ്പിന്‍ ജോടികളായ വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ എന്നിവരാണുള്ളത്. ബോള്‍ട്ടിനു പകം ആര്‍ച്ചറാണ് ഇനി പേസാക്രണമത്തിനു നേതൃത്വം നല്‍കുക. 12.50 കോടി രൂപയാണ് അദ്ദേഹത്തിനായി റോയല്‍സ് ചെലവഴിച്ചത്. എന്നാല്‍ ഇതിനേക്കാള്‍ കുറഞ്ഞ തുകയ്ക്കു മറ്റു ചില ഓപ്ഷനുകള്‍ റോയല്‍സിനു ലഭിച്ചേനെ. ഇതു ആരൊക്കെയെന്നു നോക്കാം.

ടി നടരാജന്‍ (10.75 കോടി)
ഇന്ത്യന്‍ ഫാസ്റ്റ് ബൗളറും യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റുമായ ടി നടരാജനാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ലേലത്തില്‍ 10.75 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് വാങ്ങിയത്. ലേലത്തിന്റെ ഒരു ഘട്ടത്തിലും അദ്ദേഹത്തിനായി രാജസ്ഥാന്‍ റോയല്‍സ് താല്‍പ്പര്യം പ്രകടിപ്പിച്ചില്ലെന്നതണാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ജോഫ്ര ആര്‍ച്ചറേക്കാള്‍ കൂടുതല്‍ ഇംപാക്ട് തീര്‍ച്ചയായുമുണ്ടാക്കാന്‍ നട്ടുവിനു സാധിക്കും.
ഡെത്ത് ഓവറുകളില്‍ സന്ദീപ് ശര്‍മയ്മക്കൊപ്പം റോയല്‍സില്‍ നടരാജനും ചേര്‍ന്നിരുന്നെങ്കില്‍ അതു കിടിലന്‍ കോമ്പിനേഷന്‍ ആയി മാറിയേനെ. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളര്‍ കൂടിയാണ് നട്ടു. 19 വിക്കറ്റുകളാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ പോക്കറ്റിലാക്കിയത്.
മുഹമ്മദ് ഷമി (10 കോടി)
ഇന്ത്യയുടെ പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് രാജസ്ഥാന്‍ റോയല്‍സിനു മെഗാ ലേലത്തില്‍ വാങ്ങിക്കാമായിരുന്ന രണ്ടാമത്തെ താരം. 10 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വാങ്ങിയത്. പരിക്കു കാരണം കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി കളിക്കാനായില്ലെങ്കിലും ഇതിനു മുമ്പുള്ള സീസണുകളില്‍ ഷമി കസറിയിരുന്നു.
പവര്‍പ്ലേ മുതല്‍ ഡെത്ത് ഓവര്‍ വരെ ഏതു ഘട്ടത്തലും ബൗള്‍ ചെയ്യാനും സ്വിങ് ബൗളിങിലൂടെ ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കാനും ഷമിക്കു സാധിക്കും. മികച്ച യോര്‍ക്കറുകള്‍ പരീക്ഷിക്കാന്‍ മിടുക്കനായ അദ്ദേഹത്തിനു പഴയ ബോള്‍ റിവേഴ്‌സ് സ്വിങ് ചെയ്യിക്കാനും സാധിക്കും. പക്ഷെ ഷമിക്കു വേണ്ടിയും ലേലത്തില്‍ റോയല്‍സ് ഒട്ടും താല്‍പ്പര്യം കാണിച്ചില്ല.

മിച്ചെല്‍ സ്റ്റാര്‍ക്ക് (11.75 കോടി)
ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഫാസ്റ്റ് ബൗളറായ മിച്ചെല്‍ സ്റ്റാര്‍ക്കാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. രണ്ടു കോടിയായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന വില. എന്നാല്‍ 11.75 കോടി രൂപയ്ക്കാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്റ്റാര്‍ക്കിനെ വാങ്ങിയത്. ജോഫ്ര ആര്‍ച്ചര്‍ക്കു പകരം രാജസ്ഥാന്‍ റോയല്‍സിനു മറ്റൊരു മികച്ച ഓപ്ഷനായിരുന്നു അദ്ദേഹം.
കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ഫൈനലിലും പ്ലേഓഫിലുമെല്ലാം തീപ്പൊരി ബൗളിങായിരുന്നു സ്റ്റാര്‍ക്ക് കാഴ്ചവച്ചത്. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് തീര്‍ച്ചയായും റോയല്‍സിനു ഗുണം ചെയ്‌തേനെ. മികച്ച യോര്‍ക്കളുകളെറിയാന്‍ ശേഷിയുള്ള സ്റ്റാര്‍ക്ക് ഡെത്ത് ഓവറിലും അപകടകാരിയാണ്. പക്ഷെ ലേലത്തില്‍ തുടക്കം മുതല്‍ ഒരിക്കലും അദ്ദേഹത്തെ വാങ്ങാനുള്ള ശ്രമം റോയല്‍സ് നടത്തിയില്ല.