മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം അവസാനിച്ച് ടീമുകള്‍ പടയൊരുക്കത്തിലേക്ക് കടന്നിരിക്കുകയാണ്. ഇത്തവണ മിക്ക ടീമുകള്‍ക്കൊപ്പവും സൂപ്പര്‍ താരനിരയുള്ളതിനാല്‍ പോരാട്ടം കടുക്കുമെന്ന് നിസംശയം പറയാം. പ്രമുഖ ടീമുകള്‍ക്കെല്ലാം ശക്തമായി തിരിച്ചെത്തേണ്ടത് ഇത്തവണ അഭിമാന പ്രശ്‌നമാണെന്ന് തന്നെ വിലയിരുത്താം. അതുകൊണ്ടുതന്നെ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സുമെല്ലാം ശക്തമായ പടയൊരുക്കത്തോടെയാവും ഇറങ്ങുക.
പല ടീമുകളും പരിശീലകരെയും നായകന്മാരേയും മാറ്റിയാണ് ഇത്തവണ ഇറങ്ങാനൊരുങ്ങുന്നത്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ പരിശീലകസ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡിനെയാണ് കൊണ്ടുവന്നിട്ടുള്ളത്. എന്തായാലും വാശിയേറിയ പോരാട്ടം ഇത്തവണ പ്രതീക്ഷിക്കാം. ഐപിഎല്‍ 2025 കിരീടം നേടാന്‍ കൂടുതല്‍ സാധ്യത ആര്‍ക്കാണ്?. പോയിന്റ് പട്ടിക എങ്ങനെയാവും?. ജ്യോതിഷിയുടെ പ്രവചനം എങ്ങനെയാണെന്ന് നോക്കാം.
കിരീടം മുംബൈ ഇന്ത്യന്‍സിന്
ഐപിഎല്‍ 2025ലെ കിരീടം മുംബൈ ഇന്ത്യന്‍സ് നേടുമെന്നാണ് ആസ്‌ട്രോ ഗുരു എന്ന പേജിലൂടെ ജ്യോതിഷി നടത്തിയ പ്രവചനത്തില്‍ നിന്ന് വ്യക്തമാവുന്നത്. മുംബൈ ഇന്ത്യന്‍സ് ഇത്തവണ ശക്തമായ നിരയാണ്. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈയില്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരെല്ലാമുണ്ട്. ഇതോടൊപ്പം ഇപ്പോള്‍ ട്രന്റ് ബോള്‍ട്ടിനേയും മുംബൈ ടീമിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇതെല്ലാം മുംബൈയുടെ കിരീട സാധ്യത ഉയര്‍ത്തുന്ന കാര്യങ്ങളാണ്.
രാജസ്ഥാന്‍, പഞ്ചാബ്, ലഖ്‌നൗ പ്ലേ ഓഫില്‍
മുംബൈ ഇന്ത്യന്‍സിനൊപ്പം രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്‌സും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും പ്ലേ ഓഫിലെത്തുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം. മുംബൈയും പഞ്ചാബും തമ്മിലാവും ഫൈനല്‍ പോരാട്ടമെന്നാണ് ജ്യോതിഷി പ്രവചിക്കുന്നത്. പഞ്ചാബ് ഇത്തവണ ശക്തമായ താരനിരയാണ്. 26.75 കോടിക്ക് ശ്രേയസ് അയ്യരെ ടീമിലേക്കെത്തിച്ച പഞ്ചാബ് നായകസ്ഥാനത്തേക്കും അദ്ദേഹത്തെ എത്തിച്ചേക്കും. റിക്കി പോണ്ടിങ്ങാണ് പഞ്ചാബിന്റെ പരിശീലകന്‍.
ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും മികച്ച താരനിരയുള്ള ടീമാണ്. റിഷഭ് പന്തിനെയടക്കം ടീമിലേക്കെത്തിച്ച ലഖ്‌നൗ ഇത്തവണ ഗംഭീര താരനിരയോടെയാണ് പോരാട്ടത്തിനിറങ്ങുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ ലഖ്‌നൗ പ്ലേ ഓഫിലേക്കെത്താന്‍ സാധ്യത കൂടുതലാണെന്നും പറയാം. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് പ്രധാന താരങ്ങളെയെല്ലാം നിലനിര്‍ത്തിയാണ് കളത്തിലിറങ്ങുന്നത്. അതുകൊണ്ടുതന്നെ പ്ലേ ഓഫ് സാധ്യത സജീവമാണെന്ന് തന്നെ പറയാം.

ഹൈദരാബാദ്, സിഎസ്‌കെ, കെകെആര്‍
അഞ്ചാം സ്ഥാനത്തേക്ക് സണ്‍റൈസേഴ്‌സ് പോകുമെന്നാണ് ജ്യോതിഷി പറയുന്നത്. നിലവിലെ റണ്ണറപ്പുകളാണ് ഹൈദരാബാദ്. അതുകൊണ്ടുതന്നെ എല്ലാവരും ഇത്തവണയും വലിയ പ്രതീക്ഷ ഹൈദരാബാദില്‍ വെക്കുന്നുണ്ട്. എന്നാല്‍ ഇത്തവണ ടീം പ്രതീക്ഷിച്ച മുന്നേറ്റം നടത്തില്ലെന്നാണ് പ്രവചനം. എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനും പ്രതീക്ഷിച്ച കുതിപ്പ് നടത്താനായേക്കില്ല.
റുതുരാജ് ഗെയ്ക് വാദ് നയിക്കുന്ന സിഎസ്‌കെ ഇത്തവണ പ്ലേ ഓഫിലെത്തില്ല. ഏറ്റവും പ്രധാനപ്പെട്ട പ്രവചനം കെകെആര്‍ ഇത്തവണ പ്ലേ ഓഫില്‍ പോലുമെത്തില്ലെന്നതാണ്. നിലവിലെ ചാമ്പ്യന്മാരായ കെകെആറില്‍ വലിയ മാറ്റങ്ങളാണുള്ളത്. അതുകൊണ്ടുതന്നെ ടീം പിന്നോട്ട് പോവാനുള്ള സാധ്യതയുണ്ട്.
ഡല്‍ഹി, ഗുജറാത്ത്, ആര്‍സിബി
എട്ടാം സ്ഥാനത്താവും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്ഥാനം. റിഷഭ് പന്തിനെ കൈവിട്ട് കെ എല്‍ രാഹുലിനെ എത്തിച്ച ഡല്‍ഹിക്ക് പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായേക്കില്ല. ഗുജറാത്ത് ടൈറ്റന്‍സും പിന്നോട്ട് പോയേക്കും. ശുബ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്തും വലിയ മാറ്റങ്ങളാണ് ടീമില്‍ വരുത്തിയിരിക്കുന്നത്. ഇതും ഗുണം ചെയ്‌തേക്കില്ല. ആര്‍സിബിയാവും അവസാന സ്ഥാനത്തേക്കെത്തുകയെന്നാണ് ജ്യോതിഷി പ്രവചിക്കുന്നത്. വിരാട് കോലിയാവും ആര്‍സിബിയുടെ നായകസ്ഥാനത്തേക്കെത്തുക.