Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മുംബൈ തകര്‍ന്നടിയില്ല, അടുത്ത വര്‍ഷം കപ്പുറപ്പ്; കാരണങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള പടയൊരുക്കങ്ങളിലേക്ക് ടീമുകള്‍ കടന്നിരിക്കുകയാണ്. മെഗാ ലേലം നടക്കാനുള്ളതിനാല്‍ ഒഴിവാക്കേണ്ട താരങ്ങളേയും നോട്ടമിടുന്ന താരങ്ങളേയുമടക്കം കണക്കുകൂട്ടി ശക്തമായ തിരിച്ചുവരവിനാണ് ടീമുകളെല്ലാം ഒരുങ്ങുന്നത്. പല വമ്പന്മാര്‍ക്കും അടുത്ത സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് വരുന്ന സീസണ്‍ നിര്‍ണ്ണായകമാണ്.

രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ നായകനാക്കിയതോടെ വലിയ പൊട്ടിത്തെറിയാണ് മുംബൈ ടീമിലുണ്ടായത്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ മുംബൈയുടെ തട്ടകത്തില്‍ പോലും ആരാധകര്‍ കൂവുന്ന സാഹചര്യമുണ്ടായി. സഹതാരങ്ങള്‍ ഹാര്‍ദിക്കിനെ പിന്തുണക്കാതെ വന്നതും വലിയ തിരിച്ചടിയായി. തിലക് വര്‍മയടക്കം ചില യുവതാരങ്ങളുമായി ഹാര്‍ദിക് ഉടക്കുകയും ചെയ്യുന്നു. അടുത്ത സീസണില്‍ മുംബൈ വലിയ അഴിച്ചുപണിയാണ് ലക്ഷ്യമിടുന്നത്.

നായകസ്ഥാനത്ത് നിന്ന് ഹാര്‍ദിക് പാണ്ഡ്യയെ നീക്കിയേക്കുമെന്നാണ് വിവരം. സൂര്യകുമാര്‍ യാദവിനെ മുംബൈ ക്യാപ്റ്റനാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. അവസാന സീസണിലെ പ്രതിസന്ധി വരുന്ന മത്സരങ്ങളിലും മുംബൈയെ ബാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ എല്ലാ വെല്ലുവിളികളേയും മറികടന്ന് കപ്പിലേക്കെത്താനുള്ള കരുത്ത് മുംബൈക്കുണ്ട്. മുംബൈ കിരീടം നേടുമെന്ന് പറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്നാമത്തെ കാര്യം മുംബൈയുടെ പാരമ്പര്യമാണ്. വലിയ പ്രതിസന്ധികളെ മറികടന്ന് കപ്പിലേക്ക് തിരിച്ചുവരാന്‍ മുംബൈക്ക് ശേഷിയുണ്ട്. ഇതിന് മുമ്പും ഇതുപോലെ വലിയ തകര്‍ച്ച മുംബൈ നേരിട്ടിട്ടുണ്ടെങ്കിലും അവിടെ നിന്നെല്ലാം തിരിച്ചുവരാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. മുംബൈയുടെ പ്രധാന കരുത്ത് ടീം മാനേജ്‌മെന്റിന്റെ പിന്തുണയാണ്. ടീമിന്റെ ഉടമകള്‍ താരങ്ങളില്‍ അര്‍പ്പിച്ചിട്ടുള്ള വലിയ വിശ്വാസം തകര്‍ച്ചയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ അവര്‍ക്ക് കരുത്ത് നല്‍കും.

jasprit bumrah hardik pandya

മുംബൈയുടെ പരിശീലക സംഘവും ശക്തമാണ്. മുഖ്യ പരിശീലകനായ മാര്‍ക്ക് ബൗച്ചറും ലസിത് മലിംഗ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സഹീര്‍ ഖാന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന പരിശീലക സംഘം മുംബൈക്ക് ഏത് പ്രതിസന്ധിയില്‍ നിന്നും തിരിച്ചുവരാന്‍ ശക്തി നല്‍കുന്നതാണ്. മികച്ച നേതൃത്വ നിരയാണ് മുംബൈയുടെ മറ്റൊരു സവിശേഷത. ഹാര്‍ദിക് പാണ്ഡ്യ നായകനായി തുടര്‍ന്നാലും കുഴപ്പമില്ല. നായകനെന്ന നിലയില്‍ മികച്ച റെക്കോഡ് ഹാര്‍ദിക്കിനുണ്ട്.

മുംബൈക്കൊപ്പം അവസാന സീസണില്‍ പതറാന്‍ കാരണം ടീമിനുള്ളിലെ ചില പ്രശ്‌നങ്ങളായിരുന്നു. ഇതിന് പരിഹാരം കാണാന്‍ സാധിച്ചാല്‍ ഹാര്‍ദിക്കിന് കീഴില്‍ ശക്തമായി തിരിച്ചുവരാന്‍ മുംബൈക്ക് സാധിക്കും. ഹാര്‍ദിക് മാച്ച് വിന്നറായ താരം കൂടിയാണ്. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നീ താരങ്ങളേയും മുംബൈയില്‍ നിലനിര്‍ത്താന്‍ മുംബൈക്ക് സാധിക്കേണ്ടതായുണ്ട്. അഭിപ്രായ ഭിന്നത പരിഹരിച്ച് ടീമിനെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചാല്‍ മുംബൈയോളം ശക്തമായ മറ്റൊരു ടീമില്ല.

തിലക് വര്‍മ, നിഹാല്‍ വദേര എന്നിവരെല്ലാം മുംബൈ വളര്‍ത്തിയ പ്രതിഭാശാലികളായ യുവതാരങ്ങളാണ്. ഇവരെ നിലനിര്‍ത്താനായേക്കില്ലെങ്കിലും മെഗാ ലേലത്തിലൂടെ മുംബൈ തിരികെ എത്തിക്കും. മെഗാ ലേലത്തിലേക്ക് പോകുമ്പോഴും മുംബൈക്ക് അടിത്തറ നഷ്ടപ്പെടുന്നില്ല. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരെ നിലനിര്‍ത്താനായാല്‍ മുംബൈക്ക് പഴയ കരുത്ത് നിലനിര്‍ത്താനാവും.

പിന്നീട് വരുന്ന താരങ്ങളെയെല്ലാം മികച്ച താരങ്ങളാക്കി മാറ്റാന്‍ മുംബൈ ടീമിന് സാധിക്കും. മറ്റൊരു ടീമിനും ഇത്തരമൊരു ശക്തമായ അടിത്തറ അവകാശപ്പെടാനാവില്ല. മുംബൈ അടുത്ത സീസണില്‍ കിരീടത്തിലേക്കെത്താന്‍ ചില സൂപ്പര്‍ താരങ്ങളെക്കൂടി നോട്ടമിടുന്നുണ്ട്. റാഷിദ് ഖാനെ ടീമിലെത്തിക്കാന്‍ മുംബൈ നീക്കം നടത്തുന്നുണ്ട്. ഇത് സാധ്യമായാല്‍ മുംബൈ വന്‍ ശക്തികളായിത്തന്നെ അടുത്ത സീസണില്‍ കപ്പിലേക്കെത്താന്‍ സാധ്യത കൂടുതലാണ്.

Story first published: Tuesday, August 20, 2024, 11:14 [IST]
Other articles published on Aug 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+