For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: നാണംകെട്ട് മുംബൈ, ഗുജറാത്തിന് തകര്‍പ്പന്‍ ജയം; വില്ലനായി ഹാര്‍ദിക്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. 36 റണ്‍സിനാണ് തട്ടകത്തില്‍ ഗുജറാത്ത് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് എട്ട് വിക്കറ്റിന് 196 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് ആറ് വിക്കറ്റിന് 160 റണ്‍സെടുക്കാനെ സാധിച്ചുള്ളു. സായ് സുദര്‍ശന്റെ (63) ഫിഫ്റ്റിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജിന്റേയും പ്രസിദ്ധ് കൃഷ്ണയുടേയും പ്രകടനമാണ് മുംബൈയെ തകര്‍ത്ത്.

ഗുജറാത്തിന് ഗംഭീര തുടക്കം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ 78 റണ്‍സാണ് ശുബ്മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് അടിച്ചെടുത്തത്. വിക്കറ്റ് പോവാതെ പവര്‍പ്ലേയില്‍ 66 റണ്‍സെടുത്ത് അടിത്തറ പാകാനും ഗുജറാത്ത് ഓപ്പണര്‍മാര്‍ക്കായി. മുംബൈയുടെ സൂപ്പര്‍ പേസര്‍മാരായ ട്രന്റ് ബോള്‍ട്ടിനും ദീപക് ചഹാറിനും പവര്‍പ്ലേയില്‍ ഭേദപ്പെട്ട ബൗളിങ് പ്രകടനം കാഴ്ചവെക്കാനായെങ്കിലും വിക്കറ്റ് നേടാനായില്ല. ഗില്‍-സുദര്‍ശന്‍ കൂട്ടുകെട്ട് മുംബൈക്ക് വലിയ വെല്ലുവിളിയാവുമെന്ന് തോന്നിക്കവെ ഗില്ലിനെ പുറത്താക്കി മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ തിരിച്ചുകൊണ്ടുവന്നത്.

27 പന്തില്‍ നാല് ഫോറും ഒരു സിക്‌സുമടക്കം 38 റണ്‍സെടുത്ത ഗില്ലിനെ ഹാര്‍ദിക് നമാന്‍ ദിറിന്റെ കൈയിലെത്തിക്കുകയായിരുന്നു. ഷോര്‍ട്ട് ബോളില്‍ സിക്‌സറിന് ശ്രമിച്ചാണ് ഗില്‍ പുറത്തായത്. മൂന്നാമനായി ഇറങ്ങിയ ജോസ് ബട്‌ലറും മികവ് കാട്ടി. 24 പന്ത് നേരിട്ട് അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 39 റണ്‍സാണ് ബട്‌ലര്‍ നേടിയത്. മുജീബുര്‍ റഹ്‌മാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിയാന്‍ റിക്കില്‍ട്ടന്റെ ക്യാച്ചിലാണ് ബട്‌ലര്‍ പുറത്തായത്. രണ്ടാം വിക്കറ്റില്‍ 51 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചാണ് ബട്‌ലര്‍ മടങ്ങിയത്.

മധ്യനിരയെ പൂട്ടി മുംബൈ

ജോസ് ബട്‌ലര്‍ പുറത്താവുമ്പോള്‍ 13.5 ഓവറില്‍ രണ്ട് വിക്കറ്റിന് 129 എന്ന നിലയിലായിരുന്നു ഗുജറാത്ത്. ഈ ഘട്ടത്തില്‍ ഗുജറാത്ത് സ്‌കോര്‍ 200 കടക്കുമെന്നുറപ്പായിരുന്നെങ്കിലും ഗുജറാത്തിന്റെ മധ്യനിരയെ മുംബൈ പൂട്ടി. നാലാമനായെത്തിയ ഷാരൂഖ് ഖാന് കാര്യമായ പ്രകടനം നടത്താനായില്ല. ഏഴ് പന്ത് നേരിട്ട് ഒരു ബൗണ്ടറി ഉള്‍പ്പെടെ 9 റണ്‍സാണ് ഷാരൂഖ് ഖാന്‍ നേടിയത്. ഹാര്‍ദിക് പാണ്ഡ്യയുടെ വൈഡ് ലൈന്‍ പന്തില്‍ സിക്‌സറിന് ശ്രമിച്ച് തിലക് വര്‍മക്ക് ക്യാച്ച് നല്‍കിയാണ് ഷാരൂഖിന്റെ മടക്കം. വമ്പനടിക്കാരനായ രാഹുല്‍ തെവാത്തിയയെ നിര്‍ഭാഗ്യം ചതിച്ചു.

ഒരു പന്ത് പോലും നേരിടാന്‍ കിട്ടാതെ റണ്ണൗട്ടായാണ് താരം പുറത്തായത്. ഹാര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ത്രോയാണ് തെവാത്തിയയെ മടക്കിയത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതോടെ ഗുജറാത്ത് സമ്മര്‍ദ്ദത്തിലായി. അര്‍ധ സെഞ്ച്വറിയോടെ മിന്നിച്ച സായ് സുദര്‍ശനെ ട്രന്റ് ബോള്‍ട്ട് പുറത്താക്കിയത് ഗുജറാത്തിന് തിരിച്ചടിയായി. 41 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 63 റണ്‍സാണ് സായ് സുദര്‍ശന്‍ നേടിയത്. ട്രന്റ് ബോള്‍ട്ടിന്റെ മിന്നും യോര്‍ക്കറില്‍ സായ് സുദര്‍ശന്‍ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു.

വമ്പനടിക്കാരന്‍ ഷെര്‍ഫെയന്‍ റൂതര്‍ഫോര്‍ഡിനെ ദീപക് ചഹാര്‍ പുറത്താക്കി. 11 പന്തില്‍ രണ്ട് സിക്‌സറടക്കം 18 റണ്‍സെടുത്ത റൂതര്‍ഫോര്‍ഡിനെ മിച്ചല്‍ സാന്റ്‌നറാണ് ക്യാച്ചിലൂടെ പുറത്താക്കിയത്. റാഷിദ് ഖാന്‍ നാല് പന്തില്‍ ആറ് റണ്‍സെടുത്ത് മടങ്ങി. യുവതാരം സത്യനാരായണ രാജുവാണ് റാഷിദിനെ പുറത്താക്കിയത്. സായ് കിഷോര്‍ ഒരു പന്ത് നേരിട്ട് ഒരു റണ്‍സെടുത്ത് അവസാന പന്തില്‍ റണ്ണൗട്ടായി. കഗിസോ റബാഡ അഞ്ച് പന്തില്‍ ഏഴ് റണ്‍സുമായി പുറത്താവാതെ നിന്നു. ഇതോടെ എട്ട് വിക്കറ്റിന് 196 എന്ന മികച്ച സ്‌കോറിലേക്കെത്താനും ഗുജറാത്തിനായി.

ബൗളിങ്ങില്‍ തിളങ്ങി ഹാര്‍ദിക്

മുംബൈക്കായി ഹാര്‍ദിക് പാണ്ഡ്യയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. നാല് ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് ഹാര്‍ദിക് നേടിയത്. ട്രന്റ് ബോള്‍ട്ട് നാല് ഓവറില്‍ 34 റണ്‍സിന് ഒരു വിക്കറ്റ് നേടിയപ്പോള്‍ ദീപക് ചഹാര്‍ നാല് ഓവറില്‍ 39 റണ്‍സ് വിട്ടുകൊടുത്താണ് ഒരു വിക്കറ്റ് നേടിയത്. മുജീബുര്‍ റഹ്‌മാന്‍ രണ്ട് ഓവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയപ്പോള്‍ സത്യനാരായണ രാജു മൂന്ന് ഓവറില്‍ 40 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്.

mohammed siraj

മുംബൈയുടെ തുടക്കം പാളി

197 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ തുടക്കം മികച്ചതായില്ല. ആദ്യ ഓവറില്‍ മുഹമ്മദ് സിറാജിനെ രണ്ട് ബൗണ്ടറികള്‍ പായിച്ച് രോഹിത് പ്രതീക്ഷ തന്നു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ സിറാജ് രോഹിത്തിനെ ക്ലീന്‍ബൗള്‍ഡാക്കി. വെടിക്കെട്ട് ഓപ്പണറായി മുംബൈ കൊണ്ടുവന്ന റിയാന്‍ റിക്കില്‍ട്ടനും തിളങ്ങാനായില്ല. ഒമ്പത് പന്ത് നേരിട്ട് ഒരു ഫോറടക്കം ആറ് റണ്‍സെടുത്ത റിക്കില്‍ട്ടനേയും സിറാജ് ക്ലീന്‍ബൗള്‍ഡാക്കി. പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റ് വീണത് മുംബൈയെ സമ്മര്‍ദ്ദത്തിലാക്കി. പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റിന് 48 റണ്‍സാണ് മുംബൈക്ക് നേടാനായത്.

പിടിച്ചുനിന്ന് തിലകും സൂര്യയും

തുടക്കത്തിലേ രണ്ട് വിക്കറ്റ് പോയതോടെ മൂന്നാം വിക്കറ്റില്‍ തിലക് വര്‍മയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് കൂട്ടുകെട്ടുണ്ടാക്കാനാണ് ശ്രമിച്ചത്. 62 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം തിലക് വര്‍മ പുറത്തായി. 36 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമടക്കം 39 റണ്‍സെടുത്ത തിലക് വര്‍മയെ പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്. ഇംപാക്ട് പ്ലയറായെത്തിയ റോബിന്‍ മിന്‍സിനും തിളങ്ങാനായില്ല. ആറ് പന്തില്‍ മൂന്ന് റണ്‍സെടുത്ത റോബിനെ സായ് കിഷോര്‍ പുറത്താക്കുമ്പോള്‍ 13 ഓവറില്‍ നാല് വിക്കറ്റിന് 108 റണ്‍സ് എന്ന നിലയിലായിരുന്നു മുംബൈ.

സൂര്യകുമാര്‍ യാദവ് 28 പന്തില്‍ 1 ഫോറും നാല് സിക്‌സുമടക്കം 48 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ 17 പന്തില്‍ 11 റണ്‍സെടുത്തും പുറത്തായി. ഇതോടെ മുംബൈ തോല്‍വി ഉറപ്പിച്ചു. നമാന്‍ ദിറും മിച്ചല്‍ സാന്റ്‌നറും പൊരുതിയെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല. നമാന്‍ ദിര്‍ 11 പന്തില്‍ 18 റണ്‍സോടെ പുറത്താവാതെ നിന്നപ്പോള്‍ മിച്ചല്‍ സാന്റ്‌നര്‍ 9 പന്തില്‍ 18 റണ്‍സോടെ ക്രീസില്‍ തുടര്‍ന്നു.

പ്ലേയിങ് 11

ഗുജറാത്ത് ടൈറ്റന്‍സ്- ശുബ്മാന്‍ ഗില്‍ (c), സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, സായ് കിഷോര്‍, കഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, റിയാന്‍ റിക്കില്‍ട്ടന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, നമാന്‍ ദിര്‍, ഹാര്‍ദിക് പാണ്ഡ്യ (c), മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചഹാര്‍, ട്രന്റ് ബോള്‍ട്ട്, മുജീബുര്‍ റഹ്‌മാന്‍, സത്യനാരായണ രാജു

Story first published: Saturday, March 29, 2025, 13:28 [IST]
Other articles published on Mar 29, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+