ചണ്ഡീഗഡ്: ഐപിഎല്ലിലെ എലിമിനേറ്റര്‍ പോരാട്ടത്തില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സും ഇന്നു നേര്‍ക്കുനേര്‍ വരികയാണ്. രണ്ടിലൊരു ടീമിന്റെ സീസണും ഇന്നു അവസാനിക്കാന്‍ പോവുകയാണ്. അതു ആരാവുമെന്നാണ് രണ്ടു ടീമുകളുടെയും ആരാധകര്‍ നെഞ്ചിടിപ്പോടെ ഉറ്റുനോക്കുന്നത്.
എലിമിനേറ്ററില്‍ ജയിക്കുന്നവര്‍ക്കു ഫൈനലിലേക്കു ടിക്കറ്റെടുക്കാന്‍ ഒരു കടമ്പ കൂടി കടക്കേണ്ടതുണ്ട്. പഞ്ചാബ് കിങ്‌സുമായുള്ള രണ്ടാം ക്വാളിഫയറാണ് അവര്‍ക്കു മുന്നിലുള്ള അടുത്ത ചാലഞ്ച്. അതിലും ജയിക്കാനായാല്‍ മാത്രമേ ഫൈനല്‍ യോഗ്യത ലഭിക്കുകയുള്ളൂ. ഇന്നത്തെ പോരാട്ടത്തില്‍ ജിടിയോടു തോറ്റ് മുംബൈ പുറത്താവാനുള്ള സാധ്യത കൂടുതലാണ്. ഇതിന്റെ കാരണമറിയാം.

മുംബൈ പൊട്ടും?
കഴിഞ്ഞ ദിവസം മുള്ളന്‍പൂരില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ വന്‍ തോല്‍വിയാണ് ആതിഥേയ ടീം കൂടിയായ പഞ്ചാബ് കിങ്‌സിനുവ നേരിട്ടത്. ബാറ്റിങ് ദുരന്തം കണ്ട കളിയില്‍ ശ്രേയസ് അയ്യരെയും സംഘത്തെയും എട്ടു വിക്കറ്റിനു റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു വാരിക്കളയുകയായിരുന്നു.
സമാനമായൊരു തോല്‍വി ഇന്നത്തെ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനും നേരിട്ടേക്കും. ശുഭ്മന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സിനോടു വലിയൊരു തോല്‍വിയേറ്റു വാങ്ങു മുംബൈ പുറത്താവാന്‍ സാധ്യത കൂടുതലാണ്.
ഇതിനു ഏറ്റവും വലിയ കാരണം ചില പ്രധാനപ്പെട്ട കളിക്കാരുടെ അഭാവമാണ്. പരിക്കുകളും ദേശീയ ടീമുകള്‍ക്കായി ടീം വിടുകയും ചെയ്തതു കാരണം മുംബൈ വലിയ ക്ഷീണത്തിലാണ്. ഈ സീസണില്‍ മുംബൈയ്ക്കായി തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പറും ഓപ്പണറുമായ റയാന്‍ റിക്കെല്‍റ്റണ്‍ മുംബൈ വിട്ടുകഴിഞ്ഞു.
അടുത്ത മാസം ഓസ്‌ട്രേലിയയുമായി നടക്കാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സൗത്താഫ്രിക്കയ്ക്കു വേണ്ടി തയ്യാറെടുക്കുന്നതിനായാണ് അദ്ദേഹം ഐപിഎല്ലിനോടു ഗുഡ്‌ബൈ പറഞ്ഞത്.
വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയില്‍ കളിക്കുന്നതിനായി ഇംഗ്ലീഷ് ഓള്‍ഫൗണ്ടറും വെടിക്കെട്ട് ബാറ്ററുമായ വില്‍ ജാക്‌സും ടീം വിട്ടിരിക്കുകയാണ്. ബാറ്റിങിനൊപ്പം പാര്‍ട്ട്‌ടൈം ബൗളറെന്ന നിലയില്‍ ബൗളിങിലും അദ്ദേഹത്തെ മുംബൈ മിസ് ചെയ്യും.
ഇതുകൊണ്ടും തീര്‍ന്നില്ല. ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റും മികച്ച സ്വിങ് ബൗളറുമായ ദീപക് ചാഹര്‍ പരിക്കു കാരണം എലിമിനേറ്ററില്‍ കളിക്കുമോയെന്ന കാര്യം സംശയത്തിലാണ്. ഇത്തവണ മികച്ച ബൗളിങ് കാഴ്ചവച്ചിട്ടുള്ള അദ്ദേഹത്തിന്റെ അഭാവം മുംബൈയ്ക്കു വലിയ തിരിച്ചടിയാവുമെന്നതില്‍ സംശയമില്ല. തുടക്കത്തില്‍ തന്നെ ടീമിനു ബ്രേക്ക്ത്രുകള്‍ നല്‍കാന്‍ കഴിയുന്ന ബൗളറാണ് ചാഹര്‍.

ഈ സീസണില്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെങ്കിലും മുംബൈ മധ്യനിരയിലെ മിന്നുംതാരമായ ഓള്‍റൗണ്ടര്‍ തിലക് വര്‍മയും പരിക്കിന്റെ പിടിയിലാണ്. ജിടിയുമായുള്ള എലിമിനേറ്ററില്‍ അദ്ദേഹം കളിക്കുമോയെന്നതു സംശയമാണ്. ചാഹറിനൊപ്പം തിലകും കളിച്ചില്ലെങ്കില്‍ അതു മുംബൈയ്ക്കു ഇരട്ട പ്രഹരം തന്നെയായിരിക്കും.
ഇന്നു മുംബൈ തോല്‍ക്കുമെന്നതിന്റെ രണ്ടാമത്തെ കാരണം ജിടിക്കെതിരേയുള്ള അവരുടെ മോശം റെക്കോര്‍ഡ് തന്നെയാണ്. ഈ സീസണില്‍ ലീഗ് ഘട്ടത്തില്‍ രണ്ടു തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും ജിടിയെ വീഴ്ത്താന്‍ മുംബൈയ്ക്കായിട്ടില്ല. ആദ്യ പാദത്തില്‍ മുംബൈയെ 36 റണ്‍സിനു തകര്‍ത്തുവിട്ട ജിടി വാംഖഡെയിലും വിജയമാവര്‍ത്തിച്ചു. ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം മൂന്നു വിക്കറ്റിന്റെ വിജയമാണ് ജിടി സ്വന്തമാക്കിയത്.
ടൂര്‍ണമെന്റിലെ ഇതുവരെയുള്ള കണക്കുകളെടുത്താലും മുംബൈയ്‌ക്കെതിരേ ജിടി തന്നെയാണ് കേമന്‍മാര്‍. അഞ്ചു തവണ ജിടി ജയിച്ചുകയറിയപ്പോള്‍ മുംബൈയ്ക്കു ജയിക്കാനായത് വെറും രണ്ടു മല്‍സരങ്ങള്‍ മാത്രം.