ചെന്നൈ: സഞ്ജു സാംസണിനു ശേഷം ഐപിഎല്ലില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്കു പുതിയൊരു ഹീറോയെ കൂടി ലഭിച്ചിരിക്കുകയാണ്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ വിഘ്‌നേഷ് പുത്തൂരാണ് മുംബൈ ഇന്ത്യന്‍സിനായി അ രങ്ങേറ്റ മല്‍സരത്തില്‍ തകര്‍പ്പന്‍ ബൗളിങുമായി കൈയടി നേടിയിരിരിക്കുന്നത്. ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള എല്‍ ക്ലാസിക്കോയുടെ പോരാട്ടത്തില്‍ അരങ്ങേറാന്‍ ലഭിച്ച അവസരം വിഘ്‌നേഷ് ശരിക്കും മുതലാക്കുക തന്നെ ചെയ്തു.
സിഎസ്‌കെയുടെ മൂന്നു വമ്പന്‍ വിക്കറ്റാണ് മലയാളി താരം പോക്കറ്റിലാക്കിയത്. നായകന്‍ റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകള്‍ താരം വീഴ്ത്തുകയായിരുന്നു. നാലോവറില്‍ റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മൂന്നു വിക്കറ്റുകള്‍ വിഘ്‌നേഷ് തന്റെ പേരില്‍ ചേര്‍ത്തിരിക്കുന്നത്.

മുംബൈയുടെ രക്ഷകനായി വിഘ്‌നേഷ്
ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് അനായാസം റണ്‍ചേസില്‍ മുന്നേറവെയാണ് എട്ടാം ഓവറില്‍ വിഘ്‌നേഷ് പുത്തൂരിനെ മുംബൈ ഇന്ത്യന്‍സ് നായകന്‍ സൂര്യകുമാര്‍ യാദവ് ആദ്യ ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്. നേരത്തേ പ്ലെയിങ് ഇലവന്റെ ഭാഗമല്ലാതിരുന്ന വിഘ്‌നേഷിനെ ഇംപാക്ട് പ്ലെയറാണ് മുംബൈ കളിപ്പിച്ചത്.
തകര്‍പ്പന്‍ ഫിഫ്റ്റിയോടെ സിഎസ്‌കെയെ മുന്നില്‍ നിന്നു നയിച്ച റുതുരാജ് ഗെയ്ക്വാദിനെ തന്റെ ആദ്യ ഓവറിലെ അഞ്ചാമത്തെ ബോളില്‍ വിഘ്‌നേഷ് പുറത്താക്കി. ഇടംകൈയന്‍ സ്പിന്നറായ അദ്ദേഹത്തിനെതിരേ ഒരു സിക്‌സറിനാണ് റുതുരാജ് തുനിഞ്ഞത്.
പക്ഷെ ലോങ്ഓഫില്‍ ബൗണ്ടറി ലൈനിന് തൊട്ടരികെ അദ്ദേഹത്തെ വില്‍ ജാക്‌സ് പിടികൂടി. 26 ബോളില്‍ ആറു ഫോറും മൂന്നു സിക്‌സറുമടക്കം 53 റണ്‍സാണ് റുതുരാജ് നേടിയത്. ഈ ഓവറില്‍ വെറും അഞ്ചു റണ്‍സ് മാത്രമേ വിഘ്‌നേഷ് വഴങ്ങിയുള്ളൂ. അടുത്ത ഓവറില്‍ വമ്പനടിക്കാരനായ ശിവം ദുബെയെ (9) പുറത്താക്കി വിഘ്‌നേഷ് വീണ്ടും ചെന്നൈയെ ഞെട്ടിച്ചു.
ഓവറിലെ നാലാമത്തെ ബോളിലാണ് ദുബെ വീണത്. തൊട്ടുമുമ്പത്തെ ബോളില്‍ അദ്ദേഹം ഒരു സ്റ്റംപിങില്‍ നിന്നും രക്ഷപ്പെട്ടിരുന്നു. പിന്നാലെയാണ് അടുത്ത ബോളില്‍ ദുബെ സിക്‌സറിനു തുനിഞ്ഞത്. പക്ഷെ ഇതു പ്രതീക്ഷിച്ചതു പോലെ കണക്ടായില്ല. ലോങ് ഓണില്‍ ദുബെയെ (9) തിലക് വര്‍മ പിടികൂടുകയായിരുന്നു. ഓവറില്‍ വെറും നാലു റണ്‍സ് മാത്രമേ വിഘ്‌നേഷ് വഴങ്ങിയുള്ളൂ.
മൂന്നാം ഓവറില്‍ അദ്ദേഹം ചെന്നൈയ്ക്കു വീണ്ടും പ്രഹരമേല്‍പ്പിച്ചു. ഓവറിലെ ആദ്യ ബോളില്‍ രചിന്‍ രവീന്ദ്ര സിക്‌സറുമായാണ് വിഘ്‌നേഷിനെ വരവേറ്റത്. എന്നാല്‍ നാലാമത്തെ ബോളില്‍ ദീപക് ഹൂഡയെ (3) അദ്ദേഹം വീഴ്ത്തി.
വലിയ ഷഷോട്ടിനു ശ്രമിച്ച താരത്തിന്റെ ബാറ്റില്‍ ടോപ് എഡ്ജായ ബോള്‍ നേരെ ഡീപ്പ് സ്‌ക്വയര്‍ ഏരിയയിലേക്കാണ് പോയത്. മുംബൈയുടെ മറ്റൊരു അരങ്ങേറ്റക്കാരനായ സത്യനാരായണ രാജു ഒരു റണ്ണിങ് ക്യാച്ചലൂടെ അതു കൈയ്ക്കുള്ളിലാക്കുകയും ചെയ്തു. ഈ ഓവറില്‍ വിഘ്‌നേഷ് വഴങ്ങിയത് എട്ടു റണ്‍സ് മാത്രമാണ്.

ആരാണ് വിഘ്‌നേഷ് പുത്തൂര്‍?
കഴിഞ്ഞ കേരളാ ക്രിക്കറ്റ് ലീഗിലെ മികച്ച പ്രകടനമാണ് വിഘ്‌നേഷിന്റെ കരിയര്‍ മാറ്റി മറിച്ചത്. ആലപ്പി റിപ്പ്ള്‍സ് ടീമിന്റെ ഭാഗമായിരുന്നു താരം. മുംബൈ ഇന്ത്യന്‍സിന്റെ സ്‌കൗട്ടിങ് സംഘം 24കാരന്റെ പ്രകടനം ശ്രദ്ധിക്കുകയും തുടര്‍ന്നു ട്രയല്‍സിനായി ക്ഷണിക്കുകയുമായിരുന്നു. മെഗാ ലേലത്തില്‍ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് വിഘ്‌നേഷിനെ മുംബൈ സ്വന്തമാക്കിയത്.
കേരളത്തിന്റെ സീനിയര്‍ ടീമിനായി അരങ്ങേറുന്നതിനു മുമ്പ് തന്നെ ഐപിഎല്ലെന്ന വലിയ വേദിയില്‍ കളിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചത്. നേരത്തേ അണ്ടര്‍ 14, 19 ടീമുകള്‍ക്കു വേണ്ടി മാത്രമേ വിഘ്‌നേഷ് കളിച്ചിട്ടുള്ളൂ. തുടക്കകാലത്തു മീഡിയം പേസറായിരുന്ന അദ്ദേഹം പിന്നീട് സ്പിന്‍ ബൗളിങിലേക്കു മാറുകയായിരുന്നു. മുഹമ്മദ് ഷെരീഫെന്നയാളാണ് വിഘ്‌നേഷിന്റെ കരിയര്‍ മാറ്റിയ ഉപദേശം നല്‍കിയത്.