ഐപിഎല്ലിന്റെ മെഗാ താരലേലത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ ടീമുകളിലൊന്നാണ് അഞ്ചു തവണ ചാംപ്യന്‍മാരായിട്ടുള്ള മുംബൈ ഇന്ത്യന്‍സ്. ലേലത്തിനു മുമ്പ് തന്നെ ടീമിന്റെ നെടുംതൂണുകളായ അഞ്ചു കളിക്കാരെ അവര്‍ നിലനിര്‍ത്തിയിരുന്നു. അതുകൊണ്ടു തന്നെ അവരെ കേന്ദ്രീകരിച്ച് ഒരു ടീമിനെ പടുത്തുയര്‍ത്തുകയെന്നതായിരുന്നു മുംബൈയുടെ ദൗത്യം. ലേലത്തില്‍ അവര്‍ ഇക്കാര്യത്തില്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തിട്ടുണ്ട്.
ബൗളിങില്‍ ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടിനെയും രാഹുല്‍ ചാഹറിനെയും മിച്ചെല്‍ സാന്‍റ്നറിനെയും ബാറ്റിങില്‍ വില്‍ ജാക്‌സിനെയും കൊണ്ടുവരാനായത് മുംബൈയ്ക്കു സന്തോഷിക്കാന്‍ വക നല്‍കുന്നു. പക്ഷെ വലിയൊരു ദൗര്‍ബല്യം കാരണം മുംബൈയ്ക്കു അടുത്ത സീസണില്‍ പണി കിട്ടിയേക്കും. ഇതു എന്താണെന്നു നമുക്കു പരിശോധിക്കാം.

മുംബൈയുടെ ദൗര്‍ബല്യം
മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് ലൈനപ്പ് കിടുവാണെങ്കിലും ബൗളിങില്‍ ചില പ്രശ്‌നങ്ങള്‍ അവര്‍ക്കുണ്ടെന്നു കാണാം. പ്രത്യേകിച്ചും ബാക്കപ്പായി ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരില്ലെന്നതാണ് അവരുടെ ഏറ്റവും വലിയ പോരായ്മ. ലേലത്തില്‍ ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗ മുംബൈയ്ക്കു നല്ലൊരു ഓപ്ഷനായിരുന്നു.
പക്ഷെ ലേലത്തില്‍ താരത്തെ അവര്‍ക്കു കൈവിടേണ്ടതായി വന്നു. പകരം ന്യൂസിലാന്‍ഡ് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്‍റ്നറിനെയാണ് വാങ്ങിയത്. എന്നാല്‍ ബാറ്റിങില്‍ സാന്‍റ്നറെ അധികം ആശ്രയിക്കാന്‍ സാധിക്കില്ലെന്നതു തിരിച്ചടിയാണ്.
പേസ് ബൗളിങെടുത്താല്‍ ജസ്പ്രീത് ബുംറയല്ലാതെ ദീപക് ചാഹറാണ് മുംബൈ നിരയിലെ പ്രധാനപ്പെട്ട ഇന്ത്യന്‍ താരം. പക്ഷെ ചാഹറിന്റെ ഫിറ്റ്‌നസ് എല്ലായ്‌പ്പോഴും ഒരു പ്രശ്‌നമാണ്. കഴിഞ്ഞ സീസണിലടക്കം ഇതു താരത്തെ വലയ്ക്കുകയും ചെയ്തു. കഴിഞ്ഞ തവണ സിഎസ്‌കെയുടെ ഭൂരിഭാഗം മല്‍സരങ്ങളും ചാഹറിന് നഷ്ടമായിരുന്നു.
ഫിറ്റ്‌നസിന്റെ കാര്യത്തിലുള്ള ഈ സംശയം തന്നെയാവും ഈ ലേലത്തില്‍ ചാഹറിനായി സിഎസ്‌കെ രംഗത്തിറങ്ങാത്തതിനു പിന്നിലെ പ്രധാന കാരണം. അടുത്ത സീസണിലും ചഹറിനു പരിക്കേല്‍ക്കുകയാണെങ്കില്‍ പകരക്കാരനായി മറ്റൊരു മികച്ച ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുംബൈ ലൈനപ്പില്‍ ഇല്ല.
ബൗളിങിനെക്കൂടാതെ ബാറ്റിങിലും ചില പ്രശ്‌നങ്ങള്‍ മുംബൈയ്ക്കുണ്ട്. വിക്കറ്റ് കീപ്പിങിന്റെ കാര്യത്തിലാണ് അവര്‍ക്കു തലവേദനയുളളത്. ഇഷാന്‍ കിഷനെ ലേലത്തില്‍ തിരികെ കൊണ്ടുവരാനോ, പരിചയ സമ്പന്നനായ മറ്റൊരു വിക്കറ്റ് കീപ്പറെ വാങ്ങാനോ മുംബൈയ്ക്കു സാധിച്ചിരുന്നില്ല.
അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരം റോബിന്‍ മിന്‍സിനെയാണ് വിക്കറ്റ് കീപ്പറായി മുംബൈ വാങ്ങിയിരിക്കുന്നത്. പ്രതിഭാശാലിയായ താരമാണ് അദ്ദേഹമെങ്കിലും ബാറ്റിങില്‍ എത്രത്തോളം വിശ്വസിക്കാമെന്നതു സംശയമാണ്.
ടീമിനെ ഓവറോള്‍ നോക്കുകയാണെങ്കില്‍ അത്ര സന്തുലിതമല്ല മുംബൈ സ്‌ക്വാഡെന്നു പറയേണ്ടി വരും. ഗ്ലെന്‍ മാക്‌സ്വെല്‍, ആരോണ്‍ ഹാര്‍ഡി, വാഷിങ്ടണ്‍ സുന്ദര്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരെയെല്ലാം താരതമ്യേന ചെറിയ തുകയ്ക്കു മുംബൈയ്ക്കു ലേലത്തില്‍ വാങ്ങാന്‍ സാധിക്കുമായിരുന്നു. പക്ഷെ അതിനുള്ള ശ്രമം അവര്‍ നടത്തിയില്ല. കൂടാതെ ബാക്കപ്പ് ഓപ്പണര്‍മാരില്ലെന്നതും മുംബൈയുടെ ഒരു വലിയ പോരായ്മയാണ്.
മുംബൈ ഇന്ത്യസ് സ്‌ക്വാഡ്
ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, തിലക് വര്‍മ, ട്രെന്റ് ബോള്‍ട്ട്, നമാന്‍ ധിര്‍, റോബിന്‍ മിന്‍സ്, കരണ്‍ ശര്‍മ, റയാന്‍ റിക്കെല്‍റ്റണ്‍, ദീപക് ചാഹര്‍, അല്ലാ ഗസഫര്‍, വില്‍ ജാക്‌സ്, അശ്വിനി കുമാര്‍, മിച്ചെല്‍ സാന്റ്‌നര്‍, റീസ് ടോപ്പ്‌ലെ, രാജ് ബവ, വെങ്കട സത്യനാരായണ പെന്‍മെറ്റ്‌സ, ബെവന്‍ ജേക്കബ്‌സ്, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ലിസാര്‍ഡ് വില്ല്യംസ്, വിഗ്നേഷ് പുത്തൂര്‍.