മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. 22ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെയാണ് നേരിടുന്നത്. പിന്നാലെ സൂപ്പര്‍ പോരാട്ടങ്ങളുടെ ആഘോഷ രാവുകളാണ് ആരാധകരെ കാത്തിരിക്കുന്നത്. മെഗാ ലേലത്തിന് ശേഷം വലിയ മാറ്റങ്ങള്‍ ടീമുകളില്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ കപ്പ് ആര് നേടുമെന്ന് പ്രവചിക്കുക പോലും പ്രയാസമാണ്.
മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ തുടങ്ങിയ സൂപ്പര്‍ ക്ലബ്ബുകള്‍ ഇടവേളക്ക് ശേഷം കപ്പിലേക്കെത്താമെന്ന പ്രതീക്ഷയിലാണ്. പഞ്ചാബ് കിങ്‌സ് അടിമുടി മാറ്റങ്ങളോടെ ഇറങ്ങുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് രാഹുല്‍ ദ്രാവിഡിനെ പരിശീലകനാക്കിയാണ് പടയൊരുക്കം നടത്തുന്നത്. എല്ലാ ടീമുകള്‍ക്കൊപ്പവും ശക്തമായ താരനിരയുള്ളതിനാല്‍ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്. ഇത്തവണ ഏറ്റവും കിടിലന്‍ പേസ് നിര ആര്‍ക്കൊപ്പമാണ്? പരിശോധിക്കാം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അഞ്ചാം സ്ഥാനം നല്‍കാം. അജിന്‍ക്യ രഹാനെ നയിക്കുന്ന കെകെആറിന്റെ പേസ് നിരയില്‍ ഹര്‍ഷിത് റാണ, ആന്‍ റിച്ച് നോക്കിയേ, സ്‌പെന്‍സര്‍ ജോണ്‍സന്‍ എന്നിവരാണ് പ്രധാനികള്‍. ആന്‍ഡ്രേ റസല്‍ മീഡിയം പേസുകൊണ്ടും മികവ് കാട്ടുന്നു. ഇതില്‍ ടി20യില്‍ വിശ്വസ്തരെന്ന് വിളിക്കാന്‍ സാധിക്കുന്ന ഒരു പേസര്‍പോലുമില്ലെന്ന് പറയാം. റസലിന്റെ ഡെത്തോവറിലെ സ്ലോ ബോളുകള്‍ കെകെആറിന് ഗുണം ചെയ്‌തേക്കും. എന്തായാലും നിലവിലെ കെകെആറിന്റെ പേസ് ബൗളിങ് നിര ശരാശരിയാണ്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളാണ്. ഇത്തവണ ബൗളിങ് നിരയില്‍ വലിയ മാറ്റങ്ങള്‍ ഹൈദരാബാദ് വരുത്തിയിട്ടുണ്ട്. പാറ്റ് കമ്മിന്‍സ്, മുഹമ്മദ് ഷമി, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണ് പേസ് നിരയിലെ പ്രധാനികള്‍. ഇവര്‍ ശരാശരിയാണെന്ന് പറയാനാവൂ. കമ്മിന്‍സ് മികച്ച പേസറാണെങ്കിലും ടി20യില്‍ തല്ലുകൊള്ളിയാണ്. ഷമി തിരിച്ചുവരവിന് ശേഷം ഇക്കോണമി കാത്ത് പന്തെറിയാന്‍ വലിയ മിടുക്കുകാട്ടുന്നില്ല. ഹര്‍ഷല്‍ പട്ടേല്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കു കാട്ടുന്ന താരമാണ്. നന്നായി സ്ലോ ബോള്‍ ചെയ്യാനും കഴിവുണ്ട്. എന്നാല്‍ റണ്‍സ് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ വലിയ പിശുക്കു കാട്ടാറില്ല.
ഡല്‍ഹി ക്യാപിറ്റല്‍സ് മൂന്നാം സ്ഥാനത്ത്
ഡല്‍ഹി ക്യാപിറ്റല്‍സില്‍ വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. പരിശീലകന്‍ റിക്കി പോണ്ടിങ് ടീം വിട്ടു. നായകന്‍ റിഷഭ് പന്തും ഇതിനോടകം കൂടുമാറ്റം നടത്തി. പേസ് നിരയിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ടി നടരാജന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മുകേഷ് കുമാര്‍ എന്നിവരാണ് ഇത്തവണ ഡല്‍ഹിയുടെ പേസ് നിരയിലെ പ്രധാനികള്‍. സ്റ്റാര്‍ക്ക് മികച്ച പേസറാണ്. എന്നാല്‍ അവസാന സീസണില്‍ കെകെആറിനൊപ്പം നന്നായി തല്ലുവാങ്ങി. ടി നടരാജന്‍ യോര്‍ക്കറുകളിലൂടെ കളി പിടിക്കുന്ന പേസറാണ്. മുകേഷ് കുമാറിനെ ശരാശരി താരമെന്ന് വിളിക്കാം. ഡല്‍ഹിയുടെ പേസ് നിര തരക്കേടില്ലെന്ന് പറയാം.

മുംബൈ ഇന്ത്യന്‍സ്
രണ്ടാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സാണ്. പരിക്കേറ്റ ജസ്പ്രീത് ബുംറ എപ്പോള്‍ തിരിച്ചെത്തുമെന്ന് പറയാനാവാത്ത അവസ്ഥയാണ്. ബുംറയുടെ അഭാവത്തില്‍ ട്രന്റ് ബോള്‍ട്ട്, ദീപക് ചഹാര്‍, ഹാര്‍ദിക് പാണ്ഡ്യ, റീസി ടോപ്ലി എന്നിവരാണ് മുംബൈയുടെ പേസ് നിരയിലുള്ളത്. ബുംറ കളിച്ചാല്‍ മുംബൈയുടെ പേസ് നിരയാണ് ഏറ്റവും ശക്തമെന്ന് പറയാം. എന്നാല്‍ ബുംറയുടെ അഭാവത്തില്‍ മുംബൈ ശരാശരി താരനിരയാണെന്ന് പറയാം. എന്തായാലും ഇത്തവണ സംതുലിതമായ ടീം കരുത്തുമായി ഇറങ്ങുന്ന മുംബൈക്ക് വലിയ കിരീട സാധ്യതയാണുള്ളത്.
ഗുജറാത്ത് ടൈറ്റന്‍സ്
ഗുജറാത്ത് ടൈറ്റന്‍സാണ് ഏറ്റവും മികച്ചതെന്ന് പറയാം. കഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശര്‍മ എന്നിവരാണ് ഗുജറാത്തിനൊപ്പമുള്ളത്. ആശിഷ് നെഹ്‌റയെന്ന മുന്‍ ഇന്ത്യന്‍ പേസറാണ് ഗുജറാത്തിന്റെ പരിശീലകന്‍. അനുഭവസമ്പന്നരായ താരനിരയാണ് ഗുജറാത്തിന്റേത്. ഫോമിലേക്കെത്തിയാല്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ഗുജറാത്തിന്റെ പേസര്‍മാര്‍ക്ക് സാധിച്ചേക്കും. അതുകൊണ്ടുതന്നെ ഗുജറാത്തിനെ ഇത്തവണ എല്ലാവരും ഭയക്കേണ്ടിയിരിക്കുന്നു.