ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ആരാധക പിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലുള്ള താരങ്ങളെയെടുത്താല്‍ അവിടെ തീര്‍ച്ചയായും മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെയും മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണിനെയും നമുക്കു കാണാന്‍ സാധിക്കും. പല കാര്യങ്ങളിലും ഒരുപാട് സമാനതകളുള്ള രണ്ടു താരങ്ങള്‍ കൂടിയാണ് ഇരുവരും. ധോണിയെപ്പോലെ വളരെ കൂളായി കളിക്കളത്തില്‍ കാണപ്പെടാറുള്ള താരമാണ് സഞ്ജു.
തന്റെ ആരാധനാപാത്രവും വഴികാട്ടിയുമാണ് ധോണിയെന്നും പല കാര്യങ്ങളും അദ്ദേഹത്തില്‍ നിന്നും കണ്ടുപഠിക്കന്‍ സാധിച്ചിണ്ടെന്നും സഞ്ജു പലപ്പോഴും തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ രണ്ടു പേരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ട ഒരു ചടങ്ങ് ആരാധകര്‍ക്കിടയില്‍ വൈറലാവുകയും ചെയ്തിരിക്കിക്കുകയാണ്.
ധോണി മൊബൈല്‍ ആപ്പ് ലോഞ്ചിന്റെ ഭാഗമായിട്ടാണ് ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഒരു റാപ്പിഡ് ഫയര്‍ റൗണ്ടില്‍ പങ്കെടുത്ത ധോണിയും സഞ്ജുവും തങ്ങളുടെ ഇഷ്ടങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.

ഇഷ്ടപ്പെട്ട സ്ഥലമേത്?
നാളെ നിങ്ങള്‍ ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ അതു ലോകത്തിന്റെ ഏതു ഭാഗത്താവണമെന്നാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു പ്രശസ്ത ആങ്കറായ മന്ദിരാ ബേദിയുടെ ചോദ്യം. വളരെ വേഗത്തില്‍ തന്നെ എംഎസ് ധോണി ഇതിനു മറുപടിയും നല്‍കി. രണ്ടു സ്ഥലങ്ങളാണ് ധോണി തിരഞ്ഞെടുത്തത്. ഒന്ന് ന്യൂസിലാന്‍ഡാണെങ്കില്‍ മറ്റൊന്ന് അമേരിക്കയിലെ ന്യൂജഴ്‌സിയുമാണ്. ഇതിന്റെ കാരണം അദ്ദേഹം തുറന്നു പറയുകയും ചെയ്തു.
എനിക്കു ന്യൂസിലാന്‍ഡിലേക്കും ന്യൂജഴ്‌സിയിലേക്കുമാണ് പോവേണ്ടത്. ന്യൂസിലാന്‍ഡ് എനിക്കു വളരെയധികം ഇഷ്ടമുള്ള സ്ഥലമാണ്. ന്യൂജഴ്‌സിയില്‍ എന്റെ സുഹൃത്തുക്കളില്‍ ഒരാളുണ്ട്. അവിടെയെത്തിയാല്‍ ഞങ്ങള്‍ ഗോള്‍ഫ് കളിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാറില്ല. 20 ദിവസത്തോളം ഇതു തന്നെ ചെയ്തു കൊണ്ടിരിക്കുമെന്നും ധോണി വ്യക്തമാക്കി.
ധോണിയും സഞ്ജുവും പങ്കെടുത്ത ചടങ്ങിന്റെ വീഡിയോ കാണാം
ന്യൂസിലാന്‍ഡ് വളരെ മനോഹരമായിട്ടുള്ള രജ്യമാണ്. എനിക്കു ഏറെ ഇഷ്ടമുള്ള രാജ്യവും അതാണ്. മനുഷ്യന്‍മാരെ കൊല്ലാനിടയുള്ള ഒന്നും അവിടെയില്ലെന്നതാണ് മറ്റൊരു കാര്യം. വന്യമൃഗങ്ങളോ, പാമ്പുകളോ, ഇഴ ജന്തുക്കളോ ഒന്നും തന്നെ ന്യൂസിലാന്‍ഡില്‍ ഇല്ല. അതിനാല്‍ അതു വളരെ സുരക്ഷിതമായ സ്ഥലമാണെന്നും ധോണി വിശദീകരിക്കുകയും ചെയ്തു.
എന്നാല്‍ ഇഷ്ടപ്പെട്ട സ്ഥലമായി സഞ്ജു സാംസണ്‍ തിരഞ്ഞെടുത്തത് ദുബായ് ആണ്. ഇതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തി. ദുബായില്‍ എനിക്കു ഒരുപാട് സുഹൃത്തുക്കളുണ്ട്. അവിടെയെത്തുമ്പോള്‍ തനിക്കു പകുതി കേരളം പോലെയാണ് അനുഭവപ്പെടാറുള്ളതെന്നും സഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞപ്പോള്‍ ധോണിയും ഇതു ആസ്വദിക്കുന്നുണ്ടായിരുന്നു.
കേരളത്തിന്റെ തലസ്ഥാനമാണ് ദുബായ് എന്നായിരുന്നു ധോണിയുടെ രസകരമായ പ്രതികരണം. മലയാളമാണ് അവിടുത്തെ രണ്ടാമത്തെ ഭാഷയെന്നു പൊട്ടിച്ചിരിയോടെ സഞ്ജു ഇതിനോടൊപ്പം ചേര്‍ക്കുകയും ചെയ്തു.

ധോണി വിരമിക്കരുത്
ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണിനു ശേഷവും എംഎസ് ധോണി വിരമിക്കരുതെന്നും ഇനിയും കളി തുടരണമെന്നുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സഞ്ജു സാംസണ്‍ വെളിപ്പെടുത്തി. എന്റെ വഴികാട്ടിയില്‍ നിന്നും എനിക്കു ഇനിയും പഠിക്കാനുണ്ട്. മഹി ഭായി ഐപിഎല്ലില്‍ കളിക്കാനെത്തുമ്പോള്‍ ആളുകളുടെ സംസാരം അദ്ദേഹം വിരമിക്കുമോയെന്നാണ്. പക്ഷെ ഇനിയും കുറച്ചു കൂടിയെന്നാണ് താന്‍ ചിന്തിക്കാറുള്ളതെന്നും ധോണി അരികിലിരിക്കെ സഞ്ജു പറയുകയായിരുന്നു.
അതേസമയം, റുതുരാജ് ഗെയ്ക്വാദിനു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി വീണ്ടുമൊരു സീസണ്‍ കൂടി കളിക്കാനൊരുങ്ങുകയാണ് ധോണി. 42 കാരനായ അദ്ദേഹം സീസണിനു ശേഷം കളി മതിയാക്കിയേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.
എന്നാല്‍ കൈവിരലിനു പരിക്കേറ്റതിനെ തുടര്‍ന്നു ശസ്ത്രക്രിക്കു വിധേയനായ ശേഷം വിശ്രമിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജു ആദ്യ റൗണ്ട് മല്‍സരങ്ങളില്‍ കളിക്കുമോയെന്നു ഇനിയും ഉറപ്പായിട്ടില്ല. അടുത്ത മാസം 22ന് 18ാമത് ഐപിഎല്‍ സീസണിനു തുടക്കമാവുന്നത്.