Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: നീ കൊള്ളാടാ, മുംബൈയുടെ ' മലപ്പുറം' പയ്യനെ അഭിനന്ദിച്ച് ധോണി; വീഡിയോ വൈറല്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ തോറ്റ് തുടങ്ങുക എന്നത് മുംബൈ ശീലമാക്കിയിട്ട് നാളുകളേറെയായി. 2012ന് ശേഷം ആദ്യത്തെ ഒരു മത്സരം പോലും മുംബൈക്ക് ജയിക്കാനായിട്ടില്ല. ഈ പതിവ് തെറ്റിക്കാതെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയും മുംബൈ തോല്‍വി നേരിട്ടിരിക്കുകയാണ്. നാല് വിക്കറ്റിനാണ് കരുത്തരായ മുംബൈയുടെ തോല്‍വി. ചെന്നൈയുടെ തട്ടകത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒമ്പത് വിക്കറ്റിന് 155 റണ്‍സാണ് നേടിയത്.

അഞ്ച് പന്തും നാല് വിക്കറ്റും ബാക്കിയാക്കി ജയിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സ് തോറ്റ മത്സരത്തില്‍ എല്ലാവരുടേയും കൈയടി നേടിയത് മുംബൈയുടെ ഒരു യുവതാരമാണ്. ക്രിക്കറ്റ് മൈതാനങ്ങളില്‍ ഇതുവരെ അധികം കേള്‍ക്കാത്ത പേരാണ് വിഗ്നേഷ് പുത്തൂരിന്റേത്. നാല് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് കേരളക്കാരനായ താരം വീഴ്ത്തിയത്. മലപ്പുറം കാരനായ വിഗ്നേഷ് ആദ്യ മത്സരത്തിലൂടെത്തന്നെ ഹീറോയായി മാറിയിരിക്കുകയാണ്.

എം എസ് ധോണി വിഗ്നേഷിനെ അഭിനന്ദിച്ചു

മുംബൈ ഇന്ത്യന്‍സിന്റെ പ്ലേയിങ് 11ലേക്ക് അപ്രതീക്ഷിതമായാണ് വിഗ്നേഷ് എത്തിയത്. ഇംപാക്ട് പ്ലയറായി എത്തിയ വിഗ്നേഷ് സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്ക് വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നീ മൂന്ന് പ്രധാന വിക്കറ്റുകളാണ് വീഴ്ത്തിയത്. എന്തായാലും സിഎസ്‌കെയെ സമ്മര്‍ദ്ദത്തിലാക്കുന്ന ബൗളിങ് പുറത്തെടുക്കാന്‍ മലയാളി താരത്തിനായി. അതുകൊണ്ടുതന്നെ മത്സരശേഷം സിഎസ്‌കെ ഇതിഹാസം എംഎസ് ധോണി വിഗ്നേഷിനെ അഭിനന്ദിക്കുകയും ചെയ്തു.

ഹസ്തദാനം ചെയ്യുന്നതിനിടെ വിഗ്നേഷിന്റെ തോളത്ത് തട്ടി ധോണി അഭിനന്ദിച്ചു. ഈ സമയത്ത് വിഗ്നേഷ് ധോണിയോട് തന്റെ ആരാധനയും വെളിപ്പെടുത്തി. സ്‌നേഹത്തോടെ ധോണി താരത്തെ ചേര്‍ത്തുപിടിക്കുന്നതും കാണാനായി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ധോണിയുടെ അഭിനന്ദനം നേടിയെടുക്കുന്ന തരത്തില്‍ മികവ് കാട്ടാന്‍ വിഗ്നേഷിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. എന്തായാലും മലയാളികള്‍ക്ക് അഭിമാനമായി അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ വിഗ്നേഷിന് സാധിച്ചു.

മുംബൈ കണ്ടെത്തിയ മലയാളി താരം നിസാരക്കാരനല്ല

കേരള സീനിയര്‍ ടീമില്‍ പോലും ഇതുവരെ കളിക്കാത്ത താരം വിഗ്നേഷ് പുത്തൂര്‍. അങ്ങനെയൊരു താരത്തെയാണ് ഇപ്പോള്‍ മുംബൈ ടീമിലെത്തിച്ചതും സിഎസ്‌കെയ്‌ക്കെതിരേ കളിപ്പിക്കുകയും ചെയ്തത്. മുംബൈയുടെ സ്‌കൗട്ടിങ് ടീമാണ് ലീഗ് ക്രിക്കറ്റില്‍ നിന്നും വിഗ്നേഷിനെ കണ്ടെത്തുന്നത്. അനുഭവസമ്പന്നല്ലാത്തതിനാല്‍ സൗത്താഫ്രിക്ക ടി20 ലീഗില്‍ എം ഐ കേപ്ടൗണെന്ന മുംബൈ ഇന്ത്യന്‍സിന്റെ ഉടമസ്ഥതയിലുള്ള ടീമിന്റെ നെറ്റ്‌സ് ബൗളറായി അയക്കുന്നു.

vignesh puthur

ഇവിടെ താരം നടത്തിയ പ്രകടനം പരിശീലകരുടെ ശ്രദ്ധ നേടിയെടുത്തു. ഇതാണ് 30 ലക്ഷത്തിന് വിഗ്നേഷിനെ മുംബൈയിലേക്കെത്തിച്ചത്. മുംബൈ പോലൊരു വമ്പന്‍ ടീമിലെത്തിയിട്ടും കളിക്കാന്‍ അവസരം ലഭിക്കാതെ പോയ സൂപ്പര്‍ താരങ്ങളെ നിരവധി കാണാനാവും. അപ്പോഴാണ് ആദ്യ സീസണിലെ ആദ്യ മത്സരത്തില്‍ത്തന്നെ മുംബൈക്കായി കളിക്കാന്‍ വിഗ്നേഷിന് അവസരം ലഭിക്കുന്നത്. എന്തായാലും മുംബൈക്കൊപ്പം വലിയ ഭാവി താരത്തിനുണ്ടെന്ന് തന്നെ പ്രതീക്ഷിക്കാം.

ധോണി ഇപ്പോഴും വിസ്മയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ പ്രായം തളര്‍ത്താത്ത പോരാളിയാണ് ധോണി. 40 പിന്നിട്ടിട്ടും ഇപ്പോഴും വിക്കറ്റിന് പിന്നില്‍ അദ്ദേഹം വിസ്മയമാവുകയാണ്. സൂര്യകുമാര്‍ യാദവിനെ മിന്നില്‍ സ്റ്റംപിങ്ങുകൊണ്ട് മടക്കിയയച്ചത് ധോണിയുടെ മികവ് എത്രത്തോളമെന്ന് അടിവരയിട്ട് തെളിയിക്കുന്നതാണ്. നായകനായി റുതുരാജ് ഗെയ്ക് വാദുണ്ടെങ്കിലും ഇപ്പോഴും ടീമിന്റെ നെടുന്തൂണായി ധോണി ഉണ്ടെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഈ സീസണില്‍ എല്ലാവര്‍ക്കും വലിയ ഭീഷണിയാവാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Monday, March 24, 2025, 6:21 [IST]
Other articles published on Mar 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+