മുംബൈ: വാംഖഡെയില്‍ വെടിക്കെട്ട് താരങ്ങള്‍ മുഖാമുഖം വന്ന പോരാട്ടത്തില്‍ റണ്‍മഴ കാത്തിരുന്ന ക്രിക്കറ്റ് പ്രേമികള്‍ക്കു നിരാശ. മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍ വന്ന അങ്കത്തില്‍ വിജയം മുംബൈയ്‌ക്കൊപ്പം. ബൗളിങ് മികവില്‍ എസ്ആര്‍എച്ചിനെ പിടിച്ചുകെട്ടിയാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും ജയിച്ചുകയറിയത്. നാലു വിക്കറ്റിനാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈയുടെ വിജയം.
163 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുംബൈയ്ക്കു മുന്നില്‍ എസ്ആര്‍എച്ച് വച്ചത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ കാര്യമായി വിയര്‍ക്കാതെ തന്നെ മുംബൈ ജയിച്ചുകയറുകയും ചെയ്തു. 18.1 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ ജത്തിലെത്തിയത്. തുടര്‍ച്ചയായ ജയം കൂടിയാണ് അവര്‍ സ്വന്തമാക്കിയത്. ഇതോടെ പ്ലേഓഫ് പ്രതീക്ഷകളും മുംബൈ സജീവമാക്കിയിരിക്കുകയാണ്.

അനായാസം മുംബൈ
ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം ബാറ്റിങില്‍ വിറച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സിനും റണ്‍ചേസ് എളുപ്പമാവില്ലെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ വളരെ അനായാസമാണ് മുംബൈ ജയിച്ചുകയറിയത്. മുംബൈയ്ക്കായി ബാറ്റിങ്ങിനിറങ്ങിയവരെല്ലാം ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.
വില്‍ ജാക്‌സ് (36), റയാന്‍ റിക്കെല്‍റ്റണ്‍ (31), രോഹിത് ശര്‍മ (26), സൂര്യകുമാര്‍ യാദവ് (26), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (21), തിലക് വര്‍മ (17*) എന്നിങ്ങനെയാണ് മുംബൈ താരങ്ങളുടെ പ്രകടനം. മൂന്നാം വിക്കറ്റില്‍ സൂര്യ- ജാക്‌സ് സഖ്യം ചേര്‍ന്നെടുത്ത 52 റണ്‍സാണ് മുംബൈയുടെ വിജയത്തിനു അടിത്തറയിട്ടത്. ടീം ടോട്ടല്‍ 69ല്‍ ഒന്നിച്ച ഈ ജോടി 13ാം ഓവറില്‍ 121ല്‍ വച്ചാണ് വേര്‍പിരിഞ്ഞത്. ഇതോടെ മുംബൈയുടെ വിജയമുറപ്പാവുകയും ചെയ്തു.
ബാറ്റിങില്‍ പതറി ഓഞ്ച് ആര്‍മി
വമ്പനടിക്കാരുടെ സംഘമായ സണ്‍റൈസഴ്‌സ് ഹൈദരാബാദ് ടീം വാംഖഡെയിലെ ചെറിയ ഗ്രൗണ്ടില്‍ 250ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടുമെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിച്ചത്. പക്ഷെ റണ്ണെടുക്കാന്‍ പാടുപെടുന്ന ഓറഞ്ച് ആര്‍മിയെയാണ് ഗ്രൗണ്ടില്‍ കണ്ടത്. 17ാം ഓവര്‍ വരെ അവര്‍ക്കു ഒരു സിക്‌സര്‍ പോലും പായിക്കാനായില്ലെന്നതാണ് കൗതുകകരമായ കാര്യം.
അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തിലാണ് എസ്ആര്‍എച്ച് ടീം 162 റണ്‍സിലെത്തിത്. അവരുടെ ബാറ്റിങ് ലൈനപ്പില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി തികയ്ക്കാനായില്ല. 40 റണ്‍സെടുത്ത ഓപ്പണല്‍ അഭിഷേക് ശര്‍മയാണ് എസ്ആര്‍എച്ചിന്റെ ടോപ്‌സ്‌കോററായത്.
28 ബോളുകള്‍ നേരിട്ട താരം ഏഴു ഫോറുകളടിച്ചു. 37 റണ്‍സെടുത്ത ഹെന്‍ട്രിച്ച് ക്ലാസെനാണ് മറ്റൊരു പ്രധാന സ്‌കോറര്‍. 28 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറും ക്ലാസെന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ട്രാവിസ് ഹെഡാണ് (28) 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരാള്‍.
ഒരു ഘട്ടത്തില്‍ എസ്ആര്‍എച്ച് ടീം 150 റണ്‍സ് പോലുമെത്തില്ലെന്നാണ് കരുതപ്പെട്ടിരുന്നത്. കാരണം 17 ഓവറുകള്‍ കഴിയുമ്പോള്‍ അവര്‍ നാലു വിക്കറ്റിനു 115 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ ദീപക് ചാഹര്‍ എറിഞ്ഞ 18ാം ഓവറില്‍ 21ഉം ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറില്‍ 22 റണ്‍സും വാരിക്കൂട്ടിയതോടെ എസ്ആര്‍എച്ച് 162 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടലിലെത്തുകയായിരുന്നു.

ഹോംഗ്രൗണ്ടായ വാംഖഡെയില്‍ ടോസിനു ശേഷം മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമുകളും കഴിഞ്ഞ മല്‍സരത്തിലെ അതേ പ്ലെയിങ് ഇലവനെ നിലനിര്‍ത്തിയാണ് ഈ കളിയില്‍ ഇറങ്ങിയത്. പോയിന്റ് പട്ടികയില്‍ ഏഴ്, ഒമ്പത് സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ടീമുകളാണ് മുംബൈയും എസ്ആര്‍എച്ചും. അതുകൊണ്ട് പ്ലേഓഫ് യോഗ്യതയ്ക്കായി ഇനിയുള്ള മല്‍സരങ്ങളെല്ലാം ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്.
ആറു മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും നാലു തോല്‍വിയുമടക്കം നാലു പോയിന്റാണ് ഇപ്പോള്‍ മുംബൈയുടെ സമ്പാദ്യം. എസ്ആര്‍എച്ചിനും ഇത്ര തന്നെ ജയവും തോല്‍വിയും പോയിന്റുമാണുള്ളത്. എന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റ് അവരെ ഏഴാംസ്ഥാനത്തേക്കുയത്തുകയായിരുന്നു. അവസാന മല്‍സരത്തില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്നു രണ്ടു ടീമുകളും പോര്‍ക്കളത്തിലിറങ്ങുക.
പോരാട്ടം ഇതുവരെ
കഴിഞ്ഞ ഐപിഎല്ലില്‍ പത്താം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട് നാണംകെട്ട ടീമാണ് മുംബൈ ഇന്ത്യന്‍സ്. ഈ സീസണില്‍ കിരീടവുമായി ഇതിനു പ്രായശ്ചിത്തം ചെയ്യാനുറച്ച് ഇറങ്ങിയ അവര്‍ക്കു ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല ലഭിച്ചത്. ആദ്യത്തെ രണ്ടു കളിയിലും മുംബൈയ്ക്കു തോല്‍വി നേരിട്ടിരുന്നു.
ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ആദ്യ അങ്കത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു നാലു വിക്കറ്റിന്റെ പരാജയമാണ് മുംബൈയ്ക്കു നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത അവര്‍ വെറും 155 ണ്‍സിലൊതുങ്ങിയപ്പോള്‍ സിഎസ്‌കെ അഞ്ചു ബോളും നാലു വിക്കറ്റും ശേഷിക്കെ വിജയത്തിലെത്തുകയായിരുന്നു.
രണ്ടാമങ്കത്തിലും മുംബൈയ്ക്കു അടിതറ്റി. 36 റണ്‍സിന്റെ വലിയ മാര്‍ജിനിലുള്ള പരാജയമാണ് അവര്‍ക്കു ഏറ്റുവാങ്ങേണ്ടതായി വത്. ആദ്യം ബാറ്റ് ചെയ്ത ജിടി 196 റണ്‍സെന്ന വലിയ ടോട്ടല്‍ അടിച്ചെടുത്തപ്പോള്‍ മുംബൈയ്ക്കു ആറു വിക്കറ്റിനു 160 റണ്‍സെടുക്കാനേ ആയുള്ളൂ. എന്നാല്‍ മൂന്നാമത്തെ കളിയില്‍ ജയിച്ച് മുംബൈ ഹാട്രിക്ക് തോല്‍വിയൊഴിവാക്കി.
നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയാണ് മുംബൈ എട്ടു വിക്കറ്റിനു തരിപ്പണമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കെകെറിനെ വെറും 116 റണ്‍സിനു എറിഞ്ഞിടാന്‍ അവര്‍ക്കു സാധിച്ചു. റണ്‍ചേസില്‍ വെറും 12.5 ഓവറില് രണ്ടുു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ വിജയത്തിക്കേു കുതിച്ചെത്തുകയും ചെയ്തു. പക്ഷെ ഈ വിജയം മുംബൈയ്ക്കു തുടരാനായില്ല. അടുത്ത രണ്ടു കളിയിലും അവര്‍ പൊരുതി വീഴുകയായിരുന്നു.
ആവേശകരമായ റണചേസില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു 12 റണ്‍സിനാണ് മുംബൈ കീഴടങ്ങിയത്. എല്‍എസ്ജി നല്‍കിയ 204 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്കു അഞ്ചു വിക്കറ്റിനു 191 റണ്‍സ് കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.
അടുത്ത കളിയിലും ഇതിന്റെ റീപ്ലേയാണ് കണ്ടത്. റോയല്‍ ചാലഞേഴ്‌സ് ബെംഗളൂരുവിനോടു 12 റണ്‍സിനാണ് അവര്‍ കീഴടങ്ങിയത്. 222 റണ്‍സിന്റെ വമ്പന്‍ ലക്ഷ്യത്തിലേക്കു മുംബൈ വീറോടെ തന്നെ പൊരുതി. പക്ഷെ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുക്കാനേ ആയുള്ളൂ.
എന്നാല്‍ തോല്‍വിക്കു ബ്രേക്കിട്ട് അവസാന കളിയില്‍ മുംബൈ വിജയവഴിയില്‍ തിരിച്ചെത്തി. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ 12 റണ്‍സിന്റെ വിജയമാണ് മുംബൈ ആഘോഷിച്ചത്. 206 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഡിസിക്കു അവര്‍ നല്‍കിയത്. പക്ഷെ ഒരോവര്‍ ശേഷിക്കെ 193 റണ്‍സിനു ഡിസി ഓള്‍ഔട്ടാവുകയായിരുന്നു.
അതേസമയം, തകര്‍പ്പന്‍ വിജയത്തോടെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം സീലണ്‍ ആരംഭിച്ചത്. രാജസ്ഥാന്‍ റോയല്‍സിനെ അവര്‍ 44 റണ്‍സിനു കെട്ടുകെട്ടിക്കുകയായിരുന്നു. അതിനു ശേഷം തോല്‍വികളുടെ ഘോഷയാത്ര തന്നെയാണ് കണ്ടത്.
തുടര്‍ച്ചയായി നാലു മല്‍സരങ്ങളില്‍ അവര്‍ക്കു പരാജയം നേരിട്ടു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു അഞ്ചു വിക്കറ്റിനും ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു ഏഴു വിക്കറ്റിനും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു 80 റണ്‍സിനും ഗുജറാത്ത് ടൈറ്റന്‍സിനോടു ഏഴു വിക്കറ്റിനുമാണ് മുംബൈ തകര്‍ന്നടിഞ്ഞത്.
ഇന്നത്തെ കളിയിലെ 11
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്ക്സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്നര്‍, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, കരണ്‍ ശര്‍മ.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- അഭിഷേക് ശര്‍മ്മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, നിതീഷ് റെഡ്ഡി, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, സീഷന്‍ അന്‍സാരി, മുഹമ്മദ് ഷമി, ഇഷാന്‍ മലിംഗ, ജയ്‌ദേവ് ഉനദ്കട്ട്.