For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ആറാം ജയം, രാജസ്ഥാനെ തകര്‍ത്തടുക്കി മുംബൈ; ആറാം കപ്പിലേക്കോ?

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ 50ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ്. 100 റണ്‍സിനാണ് മുംബൈ രാജസ്ഥാന്റെ തട്ടകത്തില്‍ ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ രണ്ട് വിക്കറ്റിന് 217 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന് 16.1 ഓവറില്‍ 117 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. മുംബൈക്കായി റിയാന്‍ റിക്കില്‍ട്ടന്‍ (61) രോഹിത് ശര്‍മ (53), സൂര്യകുമാര്‍ യാദവ് (48*), ഹാര്‍ദിക് പാണ്ഡ്യ (48*) എന്നിവര്‍ ബാറ്റിങ്ങില്‍ തിളങ്ങി. മുംബൈക്കായി കരണ്‍ ശര്‍മയും ട്രന്റ് ബോള്‍ട്ടും മൂന്ന് വിക്കറ്റുകള്‍ പങ്കിട്ടു.

മുംബൈക്ക് തകര്‍പ്പന്‍ തുടക്കം

ടോസ് നഷ്ടപ്പെട്ട് രാജസ്ഥാന്റെ തട്ടകത്തില്‍ ആദ്യം ബാറ്റ് ചെയ്യാനായിരുന്നു മുംബൈയുടെ വിധി. കനത്ത കാറ്റും ചാറ്റല്‍ മഴയും പിച്ചിലെ വേഗവും സ്വിങ്ങുമെല്ലാം ബാറ്റിങ് ദുഷ്‌കരമാക്കുന്നതായിരുന്നു. ഇത് മുതലാക്കുന്ന ബൗളിങ്ങാണ് ആദ്യ ഓവറില്‍ ജോഫ്രാ ആര്‍ച്ചര്‍ കാഴ്ചവെച്ചത്. വെറും രണ്ട് റണ്‍സാണ് ആര്‍ച്ചര്‍ ആദ്യ ഓവറില്‍ വിട്ടുകൊടുത്തത്. നല്ല വേഗവും സ്വിങ്ങും പിച്ചില്‍ നിറഞ്ഞതോടെ മുംബൈ ഓപ്പണര്‍മാരായ റിയാന്‍ റിക്കില്‍ട്ടനും രോഹിത് ശര്‍മയും നന്നായി വിയര്‍ത്തു. രണ്ടാം ഓവര്‍ എറിയാനെത്തിയ ഫസല്‍ഹഖ് ഫറൂഖി ഏഴ് റണ്‍സാണ് വഴങ്ങിയത്.

ഈ ഓവറില്‍ രോഹിത്തിനെ ഫറൂഖി എല്‍ബിയില്‍ കുടുക്കിയിരുന്നു. ഓണ്‍ഫീല്‍ഡ് അംപയര്‍ ഔട്ടും വിധിച്ചു. എന്നാല്‍ അവസാന സമയത്ത് റിവ്യൂവെടുക്കാന്‍ തീരുമാനിച്ചത് രോഹിത്തിന് അനുഗ്രഹമായി. തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിധിച്ചത് രോഹിത്തിന് രക്ഷയായി. മൂന്നാം ഓവര്‍ എറിയാനെത്തിയ മഹേഷ് തീക്ഷണയും റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടിയതോടെ മൂന്ന് ഓവറില്‍ 16 റണ്‍സായിരുന്നു മുംബൈയുടെ അക്കൗണ്ടിലുണ്ടായിരുന്നത്.

നാലാം ഓവര്‍ എറിയാനെത്തിയ ഫറൂഖിക്കെതിരേ 11 റണ്‍സ് നേടിയെങ്കിലും പവര്‍പ്ലേയില്‍ പ്രതീക്ഷിച്ച റണ്‍സ് ആദ്യ നാല് ഓവറില്‍ മുംബൈക്ക് ലഭിച്ചില്ല. എന്നാല്‍ പവര്‍പ്ലേയിലെ അവസാന രണ്ടോവര്‍ മുംബൈ നന്നായി മുതലാക്കി. അഞ്ചാം ഓവര്‍ എറിയാനെത്തിയ ആര്‍ച്ചര്‍ക്കെതിരേ 18 റണ്‍സടിച്ച മുംബൈ ആറാം ഓവറില്‍ തീക്ഷണക്കെതിരേ 13 റണ്‍സും നേടി. ഇതോടെ പവര്‍പ്ലേയില്‍ വിക്കറ്റ് പോവാതെ 58 എന്ന മികച്ച സ്‌കോറിലേക്ക് മുംബൈയെത്തി.

hardik pandya suryakumar yadav ipl 2025

രോഹിത്തിനും റിക്കില്‍ട്ടനും ഫിഫ്റ്റി

രോഹിത് ശര്‍മ റണ്‍സുയര്‍ത്താന്‍ പ്രയാസപ്പെട്ടപ്പോള്‍ റിക്കില്‍ട്ടന്‍ മറുവശത്ത് ഭേദപ്പെട്ട സ്‌ട്രൈക്ക് റേറ്റിലാണ് റണ്‍സുയര്‍ത്തിയത്. പവര്‍പ്ലേക്ക് ശേഷം രോഹിത്തും റിക്കില്‍ട്ടനും അതിവേഗം റണ്‍സുയര്‍ത്തി. 29 പന്തില്‍ റിക്കില്‍ട്ടന്‍ അര്‍ധ സെഞ്ച്വറി നേടി. ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 116 റണ്‍സിലേക്കെത്തിച്ച ശേമാണ് റിക്കില്‍ട്ടന്‍ മടങ്ങിയത്. 38 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 61 റണ്‍സെടുത്ത റിക്കില്‍ട്ടനെ മഹേഷ് തീക്ഷണ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചതിനാല്‍ തല്ലിത്തകര്‍ക്കാന്‍ മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവാണ് എത്തിയത്.

രോഹിത് ശര്‍മ 31 പന്തില്‍ അര്‍ധ സെഞ്ച്വറിയിലേക്കെത്തി. എന്നാല്‍ പിന്നീട് അധികം റണ്‍സ് നേടാനായില്ല. 36 പന്തില്‍ 9 ഫോറടക്കം 53 റണ്‍സെടുത്ത രോഹിത്തിനെ രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗാണ് പുറത്താക്കിയത്. ഓഫ്‌സൈഡില്‍ വൈഡായെത്തിയ പന്തില്‍ രോഹിത് സിക്‌സറിന് ശ്രമിച്ചപ്പോള്‍ യശ്വസി ജയ്‌സ്വാളിന്റെ മിന്നും ക്യാച്ചില്‍ മടങ്ങുകയായിരുന്നു. നാലാമനായി ഹാര്‍ദിക് പാണ്ഡ്യയാണ് ക്രീസിലെത്തിയത്. ഹാര്‍ദിക്കും സൂര്യയും ചേര്‍ന്ന് ഡെത്തോവറില്‍ രാജസ്ഥാന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പറത്തിയതോടെ അതിവേഗം റണ്‍സുയര്‍ന്നു. 18.2 ഓവറില്‍ മുംബൈ സ്‌കോര്‍ 200ലേക്കെത്തി.

അവസാന രണ്ടോവറില്‍ പ്രതീക്ഷിച്ചപോലെ റണ്‍സുയര്‍ത്താന്‍ മുംബൈക്കായില്ലെങ്കിലും 217 എന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ മുംബൈക്ക് സാധിച്ചു. സൂര്യകുമാര്‍ 23 പന്തില്‍ നാല് ഫോറും 3 സിക്‌സും ഉള്‍പ്പെടെ 48 റണ്‍സെടുത്ത് ക്രീസില്‍ തുടര്‍ന്നപ്പോള്‍ ഹാര്‍ദിക് 23 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 48 റണ്‍സോടെ മികച്ച പിന്തുണ നല്‍കി.

rohit sharma ipl 2025

ബൗളിങ്ങില്‍ നിരാശപ്പെടുത്തി

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രാജസ്ഥാന്റെ ബൗളര്‍മാര്‍ നിരാശപ്പെടുത്തി. ഫസല്‍ഹഖ് ഫറൂഖി 54 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ജോഫ്രാ ആര്‍ച്ചര്‍ 42 റണ്‍സാണ് വഴങ്ങിയത്. രണ്ട് പേര്‍ക്കും വിക്കറ്റ് നേടിയെടുക്കാന്‍ സാധിക്കാതെ പോയി. മഹേഷ് തീക്ഷണ ഒരു വിക്കറ്റ് നേടിയെങ്കിലും 47 റണ്‍സ് വിട്ടുകൊടുത്തു. ആകാശ് മദ് വാള്‍ 39 റണ്‍സ് വിട്ടുകൊടുത്തു. റിയാന്‍ പരാഗ് രണ്ടോവറില്‍ 12 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് നേടിയത്.

തകര്‍ന്നടിഞ്ഞ് രാജസ്ഥാന്‍

ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 200ന് മുകളിലുള്ള വിജയലക്ഷ്യം അനായാസം മറികടക്കാന്‍ രാജസ്ഥാനായിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍ ബാറ്റ് ചെയ്യാനിറങ്ങിയത്. എന്നാല്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. ആദ്യ ഓവറിലെ നാലാം പന്തില്‍ യുവതാരം വൈഭവ് സൂര്യവന്‍ഷി ഡെക്കിന് മടങ്ങി. ദീപക് ചഹാറിന്റെ പന്തില്‍ വില്‍ ജാക്‌സന് ക്യാച്ച് നല്‍കിയാണ് വൈഭവ് പുറത്തായത്. ഗുജറാത്തിനെതിരേ 35 പന്തില്‍ സെഞ്ച്വറി നേടി പ്രശംസകളുടെ കൊടുമുടിയില്‍ നില്‍ക്കവെയാണ് ഇത്തരമൊരു നാണക്കേടിലേക്ക് 14കാരന്‍ എത്തിയത്.

ഇൗ വിക്കറ്റ് വലിയ തകര്‍ച്ചയുടെ തുടക്കമായിരുന്നു. യശ്വസി ജയ്‌സ്വാള്‍ ട്രന്റ് ബോള്‍ട്ടിനെ രണ്ട് സിക്‌സര്‍ പറത്തി ടീമിനെ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചു. എന്നാല്‍ ഇതേ ഓവറില്‍ ബോള്‍ട്ട് ജയ്‌സ്വാളിനെ ക്ലീന്‍ബൗള്‍ഡാക്കി. ആറ് പന്തില്‍ 13 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. നിതീഷ് റാണയുടെ ക്യാച്ച് ദീപക് ചഹാറിന്റെ ഓവറില്‍ സ്ലിപ്പില്‍ രോഹിത് പാഴാക്കി. എന്നാല്‍ ഇത് മുതലാക്കി വലിയ സ്‌കോറിലേക്കുയരാന്‍ നിതീഷിനായില്ല. 11 പന്തില്‍ രണ്ട് ഫോറടക്കം 9 റണ്‍സെടുത്ത നിതീഷിനെ ബോള്‍ട്ടാണ് മടക്കിയത്.

vaibhav suryavanshi

ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ഭേദപ്പെട്ട ഷോട്ടുകളോടെയാണ് തുടങ്ങിയത്. എട്ട് ഫോറില്‍ മൂന്ന് ഫോറടക്കം 16 റണ്‍സെടുത്ത പരാഗ് പ്രതീക്ഷ നല്‍കിയെങ്കിലും ബുംറ പുറത്താക്കി. പരാഗ് എഡ്ജായപ്പോള്‍ രോഹിത് അനായാസമായി കൈയിലൊതുക്കി. മോശം ഫോമിലുള്ള ഷിംറോന്‍ ഹെറ്റ്‌മെയര്‍ ഗോള്‍ഡന്‍ ഡക്കായി. ബുംറയുടെ ഷോര്‍ട്ട് ബോളില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച ഹെറ്റ്‌മെയറെ സൂര്യകുമാര്‍ യാദവ് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ഇതോടെ അഞ്ച് വിക്കറ്റിന് 47 എന്ന നിലയിലേക്ക് രാജസ്ഥാന്‍ തകര്‍ന്നു.

മധ്യനിരയും തകര്‍ന്നടിഞ്ഞു

രാജസ്ഥാന്റെ മധ്യനിരയും അത്ഭുതം കാട്ടിയില്ല. കൃത്യമായ ഇടവേളയില്‍ രാജസ്ഥാന് വിക്കറ്റ് നഷ്ടമായി. ഇംപാക്ട് പ്ലയറായെത്തിയ ശുബം ദുബെ പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി. രണ്ട് ഫോറും ഒരു സിക്‌സും നേടിയ ദുബെയെ ഹാര്‍ദിക് പാണ്ഡ്യയാണ് പുറത്താക്കിയത്. ദ്രുവ് ജുറേലിനെ (11) ഇംപാക്ട് പ്ലയറായെത്തിയ കരണ്‍ ശര്‍മ റിട്ടേണ്‍ ക്യാച്ചിലൂടെയും മടക്കി. ഇതോടെ ഏഴ് വിക്കറ്റിന് 76 എന്ന നിലയിലേക്ക് രാജസ്ഥാന്‍ തകര്‍ന്നു. മഹേഷ് തീക്ഷണയെ (2) കരണ്‍ ശര്‍മ പുറത്താക്കി. കുമാര്‍ കാര്‍ത്തികേയേയും (2) കരണ്‍ മടക്കി. ജോഫ്രാ ആര്‍ച്ചറെ (30) പുറത്താക്കി ട്രന്റ് ബോള്‍ട്ട് രാജസ്ഥാനെ ഓള്‍ഔട്ടാക്കി. 16.1 ഓവറില്‍ 117 റണ്‍സാണ് രാജസ്ഥാന് നേടാനായത്. മുംബൈക്കായി ബോള്‍ട്ടും കരണ്‍ ശര്‍മയും ഓരോ വിക്കറ്റ് വീഴ്ത്തി.

പ്ലേയിങ് 11

മുംബൈ- രോഹിത് ശര്‍മ, റിയാന്‍ റിക്കില്‍ട്ടന്‍, വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (c), നമാന്‍ ധിര്‍, കോര്‍ബിന്‍ ബോഷ്, ദീപക് ചഹാര്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ

രാജസ്ഥാന്‍ റോയല്‍സ്- യശ്വസി ജയ്‌സ്വാള്‍, വൈഭവ് സൂര്യവന്‍ഷി, നിതീഷ് റാണ, റിയാന്‍ പരാഗ് (c), ദ്രുവ് ജുറേല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ജോഫ്രാ ആര്‍ച്ചര്‍, മഹേഷ് തീക്ഷണ, കുമാര്‍ കാര്‍ത്തികേയ, ആകാശ് മദ്‌വാള്‍, ഫസല്‍ഹഖ് ഫറൂഖി

Story first published: Thursday, May 1, 2025, 13:26 [IST]
Other articles published on May 1, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+