Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: പൊരുതി വീണ് മുംബൈ, ആര്‍സിബിക്ക് ത്രില്ലിങ് ജയം; ഹീറോയായി ക്രുണാല്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ നാലാം തോല്‍വി ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ്. സ്വന്തം തട്ടകത്തില്‍ ആര്‍സിബിയോട് 12 റണ്‍സിനാണ് മുംബൈ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 5 വിക്കറ്റിന് 221 റണ്‍സെടുത്തപ്പോള്‍ മുംബൈക്ക് 9 വിക്കറ്റിന് 209 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ ക്രുണാല്‍ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ യഷ് ദയാലും ജോഷ് ഹെയ്‌സല്‍വുഡും ഒരു വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് ആര്‍സിബിക്ക് ജയമൊരുക്കുകയായിരുന്നു.

ആര്‍സിബിക്ക് ഗംഭീര തുടക്കം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ആര്‍സിബി കടന്നാക്രമണമെന്ന ലക്ഷ്യത്തോടെയാണ് എത്തിയത്. നേരിട്ട ആദ്യ പന്തില്‍ ഫില്‍ സാള്‍ട്ട് ട്രന്റ് ബോള്‍ട്ടിനെ ബൗണ്ടറി പായിച്ചു. എന്നാല്‍ രണ്ടാം പന്തില്‍ സാള്‍ട്ടിന്റെ സ്റ്റംപ് പിഴുത് ബോള്‍ട്ട് തിരിച്ചെത്തി. എന്നാല്‍ പിന്നീട് കണ്ടത് ആര്‍സിബിയുടെ ആധിപത്യമാണ്. ഓപ്പണര്‍ വിരാട് കോലിയും മൂന്നാമന്‍ ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് ആര്‍സിബിക്ക് അടിത്തറ പാകി. വിരാട് കോലി ഇത്തവണ മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് പവര്‍പ്ലേയില്‍ കളിച്ചത്.

ജസ്പ്രീത് ബുംറയുടെ നേരിട്ട ആദ്യ പന്ത് തന്നെ കോലി സിക്‌സര്‍ പായിച്ചു. പവര്‍പ്ലേയില്‍ പന്തെറിഞ്ഞവരെല്ലാം തല്ലുകൊണ്ടപ്പോള്‍ ഒരു വിക്കറ്റിന് 73 എന്ന മികച്ച സ്‌കോറിലേക്കെത്താന്‍ ആര്‍സിബിക്കായി. രണ്ടാം വിക്കറ്റില്‍ 91 റണ്‍സിന്റെ കൂട്ടുകെട്ടാണ് മുംബൈ സൃഷ്ടിച്ചത്. കൂട്ടുകെട്ട് മുംബൈക്ക് വലിയ ഭീഷണി ഉയര്‍ത്തവെ ടീമിന്റെ രക്ഷകനായത് വിഘ്‌നേഷ് പുത്തൂരാണ്. മലയാളി ചൈനാമാന്‍ സ്പിന്നര്‍ ദേവ്ദത്ത് പടിക്കലിനെ പുറത്താക്കി.

22 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 37 റണ്‍സെടുത്ത ദേവ്ദത്തിനെ വിഘ്‌നേഷ് വില്‍ ജാക്‌സിന്റെ കൈയിലെത്തിക്കുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയവരും തല്ലിത്തകര്‍ത്തതോടെ ആര്‍സിബി സ്‌കോര്‍ബോര്‍ഡ് അതിവേഗം ഉയര്‍ന്നു. 29 പന്തില്‍ വിരാട് കോലി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. പവര്‍പ്ലേയ്ക്ക് ശേഷവും ആര്‍സിബിയുടെ സ്‌കോര്‍ അതിവേഗം ഉയര്‍ന്നു.

അവസരത്തിനൊത്തുയര്‍ന്ന് ക്യാപ്റ്റന്‍

മികച്ച തുടക്കത്തെ മുതലാക്കി മുന്നോട്ട് പോയ ആര്‍സിബിക്ക് 15ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ ഇരട്ട പ്രഹരം നല്‍കി. 42 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 67 റണ്‍സെടുത്ത കോലിയെ ഹാര്‍ദിക് നമാന്‍ ധിറിന്റെ കൈയിലെത്തിച്ചു. ഇതേ ഓവറില്‍ ലിയാം ലിവിങ്‌സ്റ്റണേയും പുറത്താക്കാന്‍ ഹാര്‍ദിക്കിനായി. രണ്ട് പന്ത് നേരിട്ട ലിയാം ലിവിങ്സ്റ്റണെ ഹാര്‍ദിക് ബുംറയുടെ കൈയിലെത്തിക്കുകയായിരുന്നു. എന്നാല്‍ റണ്‍റേറ്റ് താഴോട്ട് പോകാതെ കാക്കാന്‍ ആര്‍സിബിയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്കായി. കോലി മടങ്ങിയതോടെ ആക്രമണത്തിന്റെ ചുമതല ആര്‍സിബി നായകനായ രജത് പാട്ടീധാര്‍ ഏറ്റെടുത്തു.

32 പന്ത് നേരിട്ട് അഞ്ച് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 64 റണ്‍സാണ് രജത് നേടിയത്. ട്രന്റ് ബോള്‍ട്ട് രജത്തിനെ പുറത്താക്കുമ്പോഴേക്കും 213 എന്ന വമ്പന്‍ സ്‌കോറിലേക്ക് ആര്‍സിബി എത്തിയിരുന്നു. ജിതേഷ് ശര്‍മ അവസാന ഓവറുകളില്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ത്തു. 19 പന്ത് നേരിട്ട താരം രണ്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 40 റണ്‍സോടെ പുറത്താവാതെ നിന്നു. ടിം ഡേവിഡ് ഒരു റണ്‍സോടെയും ക്രീസില്‍ തുടര്‍ന്നു. ഇതോടെ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 221 എന്ന മികച്ച ടോട്ടലിലേക്കെത്താന്‍ ആര്‍സിബിക്കായി.

jithesh sharma mi vs rcb ipl 2025

മുംബൈ ബൗളര്‍മാര്‍ അടിവാങ്ങി

മുംബൈയുടെ പേരുകേട്ട ബൗളര്‍മാരെല്ലാം നന്നായി തല്ലുവാങ്ങി. ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ 45 റണ്‍സ് വിട്ടുകൊടുത്തത്. വിഘ്‌നേഷ് പുത്തൂര്‍ ഒരോവറില്‍ 10 റണ്‍സിന് ഒരു വിക്കറ്റ് നേടി. എന്നാല്‍ താരത്തിന് പിന്നീട് ഓവര്‍ ലഭിച്ചില്ലെന്നതാണ് കൗതുകകരം. ജസ്പ്രീത് ബുംറക്ക് വിക്കറ്റ് നേടാനായില്ലെങ്കിലും നാല് ഓവറില്‍ 29 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ട്രന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ 57 റണ്‍സാണ് വിട്ടുകൊടുത്തത്. ദീപക് ചഹാര്‍ രണ്ടോവറില്‍ 29 റണ്‍സും വഴങ്ങി.

മുംബൈയുടെ തുടക്കം പിഴച്ചു

222 എന്ന റണ്‍മല പിന്തുടര്‍ന്നിറങ്ങിയ മുംബൈക്ക് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. രോഹിത് ശര്‍മ വെടിക്കെട്ട് തുടക്കം നല്‍കാനാണ് ശ്രമിച്ചത്. എന്നാല്‍ വലിയ സ്‌കോറിലേക്ക് ഉയരാനായില്ല. ഒമ്പത് പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സുമടക്കം 17 റണ്‍സാണ് നേടിയത്. യഷ് ദയാല്‍ രോഹിത് ശര്‍മയെ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. റിയാന്‍ റിക്കില്‍ട്ടനും കാര്യമായൊന്നും ചെയ്യാനായില്ല. 10 പന്തില്‍ നാല് ഫോറടക്കം 17 റണ്‍സെടുത്ത റിക്കിള്‍ട്ടനെ ജോഷ് ഹെയ്‌സല്‍വുഡ് എല്‍ബിയില്‍ കുടുക്കി.

rcb

വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയുടെ തീരുമാനത്തെത്തുടര്‍ന്ന് റിവ്യൂവെടുത്ത ആര്‍സിബി വിക്കറ്റ് നേടിയെടുക്കുകയായിരുന്നു. ഇതോടെ പവര്‍പ്ലേയില്‍ മുംബൈ പരുങ്ങി. രണ്ട് വിക്കറ്റിന് 54 റണ്‍സാണ് മുംബൈക്ക് ആദ്യ ആറ് ഓവറില്‍ നേടാനായത്. മൂന്നാമനായി ക്രീസിലെത്തിയ വില്‍ ജാക്‌സ് മെല്ലപ്പോക്ക് ബാറ്റിങ് നടത്തിയത് മുംബൈയെ സമ്മര്‍ദ്ദത്തിലാക്കി. 18 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സുമടക്കം 22 റണ്‍സെടുത്ത വില്‍ ജാക്‌സിനെ ക്രുണാല്‍ പാണ്ഡ്യയാണ് പുറത്താക്കിയത്.

സൂര്യകുമാര്‍ യാദവിന് രണ്ട് ലൈഫ് ലഭിച്ചിട്ടും മുതലാക്കാനായില്ല. 26 പന്തില്‍ അഞ്ച് ഫോറടക്കം 28 റണ്‍സെടുത്താണ് സൂര്യ പുറത്തായത്. യഷ് ദയാലിന്റെ പന്തില്‍ ലഭിച്ച ക്യാച്ച് അവസരം ജിതേഷ് ശര്‍മയുടെ പിഴവില്‍ നഷ്ടമായി. ദയാലെടുക്കേണ്ട റിട്ടേണ്‍ ക്യാച്ച് ഓടിയെത്തിയ ജിതേഷ് തട്ടിയകറ്റുകയായിരുന്നു. ഇതേ ഓവറില്‍ സൂര്യയെ മടക്കി ദയാല്‍ കരുത്തുകാട്ടി. ഇത്തവണ ലിയാം ലിവിങ്‌സ്റ്റണ് ലഭിച്ച ക്യാച്ച് താരം കൈയിലാക്കി.

മിന്നിച്ച് തിലകും ഹാര്‍ദിക്കും

മുംബൈയ്ക്ക് വിജയ പ്രതീക്ഷ നല്‍കുന്ന തകര്‍പ്പന്‍ പ്രകടനമാണ് തിലക് വര്‍മയും ഹാര്‍ദിക്കും ചേര്‍ന്ന് നടത്തിയത്. 29 പന്തില്‍ നാല് വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 56 റണ്‍സ് നേടിയ തിലകിനെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി. 19ാം ഓവര്‍ എറിയാനെത്തിയ ജോഷ് ഹെയ്‌സല്‍വുഡ് ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കിയതോടെ പോരാട്ടം മുറുകി.

15 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സുമടക്കം 42 റണ്‍സാണ് ഹാര്‍ദിക് നേടിയത്. അവസാന ഓവറിലെ ആദ്യ പന്തില്‍ മിച്ചല്‍ സാന്റ് നറെ (8) ക്രുണാല്‍ പാണ്ഡ്യ പുറത്താക്കി. തൊട്ടടുത്ത പന്തില്‍ ദീപക് ചഹാറിനേയും ക്രുണാല്‍ പുറത്താക്കി. മുംബൈയുടെ അവസാന പ്രതീക്ഷയായിരുന്ന നമാന്‍ ധിറിനെ (11) അഞ്ചാം പന്തില്‍ പുറത്താക്കി ക്രുണാല്‍ ആര്‍സിബിക്ക് ജയമുറപ്പിച്ചു. നാല് വിക്കറ്റോടെ മുന്‍ മുംബൈ താരമായ ക്രുണാല്‍ പാണ്ഡ്യ മുംബൈയുടെ അന്തകനായി മാറി.

പ്ലേയിങ് 11

മുംബൈ ഇന്ത്യന്‍സ് - റിയാന്‍ റിക്കില്‍ട്ടന്‍, വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (c), നമാന്‍ ധിര്‍, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചഹാര്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, വിഗ്നേഷ് പുത്തൂര്‍

ആര്‍സിബി- വിരാട് കോലി, ഫില്‍ സാള്‍ട്ട്, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടീധാര്‍ (c), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ, ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്‌സല്‍വുഡ്, യഷ് ദയാല്‍

Story first published: Monday, April 7, 2025, 13:27 [IST]
Other articles published on Apr 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+