മുംബൈ: ഐപിഎല്‍ പോയിന്റ് പട്ടികയിലെ ടോപ്പ് ഫോര്‍ ടീമുകളുടെ പോരാട്ടത്തില്‍ മഴ നിയമപ്രകാരം മുംബൈ ഇന്ത്യന്‍സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിനു മൂന്നു വിക്കറ്റിന്റെ നാടകീയ വിജയം. മഴയെ തുടര്‍ന്നു ജിടിയുടെ വിജയലക്ഷ്യം 19 ഓവറില്‍ 147 റണ്‍സായി പുനര്‍ നിശ്ചയിച്ചിരുന്നു. ഓവറിലെ അവസാന ബോളില്‍ സിംഗിളുമായി ജിടി ഇതു നേടിയെടുക്കുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ 155 റണ്‍സാണ് നേടിയത്. റണ്‍ചേസില്‍ നായകന്‍ ശുഭ്മന്‍ ഗില്‍ (43), ജോസ് ബട്‌ലര്‍ (30), ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡ് (28) എന്നിവര്‍ മാത്രമേ ജിടി നിരയില്‍ തിളങ്ങിയുള്ളൂ. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ ജിടി തലപ്പത്തേക്കു കയറി. അതോടൊപ്പം പ്ലേഓഫ് ബെര്‍ത്തിനു തൊട്ടരികിലെത്തുകയും ചെയ്തു.

രക്ഷകനായി ജാക്‌സ്
സ്വന്തം കാണികള്‍ക്കു മുന്നില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട മുംബൈ ഇന്ത്യന്‍സിനു എട്ടു വിക്കറ്റ് നഷ്ടക്കില്‍ 155 റണ്‍സില്‍ ഒതുങ്ങേണ്ടി വരികയായിരുന്നു. മുംബൈയുടെ രക്ഷകനായത് വണ്‍ഡൗണായി ക്രീസിലെത്തിയ ഇംഗ്ലീഷ് താരം വില്‍ ജാക്‌സിന്റെ (53) ഫിഫ്റ്റിയാണ്.
സൂര്യകുമാര്‍ യാദവ് (35), കോര്‍ബിന്‍ ബോഷ് (27) എന്നിവരാണ് മുംബൈ നിരയില്‍ രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍. 35 ബോളില്‍ അഞ്ചു ഫോറും മൂന്നു സിക്‌സറും ജാക്‌സിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സൂര്യ 24 ബോളില്‍ അഞ്ചു ഫോറുകളടിച്ചു.
ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല കളിയില്‍ മുംബൈയ്ക്കു ലഭിച്ചത്. ടീം സ്‌കോര്‍ 26 റണ്‍സിലെത്തുമ്പോഴേക്കും രണ്ടു ഓപ്പണര്‍മാരെയും അവര്‍ക്കു നഷ്ടമായി. റയാന്‍ റിക്കെല്‍റ്റണും (2) രോഹിത് ശര്‍മയുമാണ് (7) ഒറ്റയക്ക സ്‌കോറുകള്‍ക്കു മടങ്ങിയത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ജാക്‌സ്- സൂര്യ ജോടി 71 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി ടീമിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. ജിടിയുടെ മോശം ഫീല്‍ഡിങും അവരെ ഇതിനു സഹായിച്ചു. പവര്‍പ്ലേയില്‍ ജാക്‌സിന്റെ ക്യാച്ച് രണ്ടു തവണും സൂര്യയുടെ ക്യാച്ച് ഒരു തവണയുമാണ് ജിടി കൈവിട്ടു കളഞ്ഞത്.
ഈ സഖ്യം ക്രീസിലുണ്ടായിരുന്നപ്പോള്‍ മുംബൈ ഉറപ്പായും 200 പ്ലസ് റണ്‍സെങ്കിലും നേടുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ടീം ടോട്ടല്‍ 97ല്‍ നില്‍ക്കെ സൂര്യയുടെ പുറത്താവല്‍ കളിയിലെ ടേണിങ് പോയിന്റായി. അടുത്ത ഓവറില്‍ തന്നെ ജാക്‌സും പുറത്തായതോടെ മുംബൈയുടെ താളം തെറ്റി. പിന്നീട് മുംബൈയ്ക്കു തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു.

58 റണ്‍സിനിടെ ആറു വിക്കുകളാണ് അവര്‍ കളഞ്ഞു കുളിച്ചത്. ഇതോടെ അവര്‍ക്കു വെറും 155 റണ്‍സില്‍ ഒതുങ്ങേണ്ടി വരികയും ചെയ്തു. വാലറ്റത്ത് ബോഷിന്റെ (27) ഇന്നിങ്‌സാണ് ടീമിനെ 150 കടത്തിയത്. ജിടിക്കായി സായ് കിഷോര്‍ രണ്ടു വിക്കറ്റുകളെടുത്തു.
ടോസിനു ശേഷം ജിടി നായകന്‍ ശുഭ്മന്‍ ഗില്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ മുംബൈ നിലനിര്‍ത്തിയപ്പോള്‍ ജിടി ഒരു മാറ്റം വരുത്തി. വാഷിങ്ടണ്‍ സുന്ദറിനു പകരം അര്‍ഷദ് ഖാനാണ് ടീമിലേക്കു വന്നിരിക്കുന്നത്.
പോരാട്ടം ഇതുവരെ
ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ മുംബൈ ഇന്ത്യന്‍സിനു പ്രതീക്ഷിച്ചതു പോലെയൊരു തുടക്കമല്ല ഈ സീസണില്‍ ലഭിച്ചത്. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും അവര്‍ക്കു പരാജയം നേരിട്ടു. ബദ്ധവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു നാലു വിക്കറ്റിനാണ് മുംബൈ പരാജയം സമ്മതിച്ചത്. രണ്ടാമത്തെ കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു 36 റണ്‍സിനും അവര്‍ക്കു അടിതെറ്റി.
എന്നാല്‍ മൂന്നാമത്തെ കളിയില്‍ കിടിലന്‍ ജയവുമായി മുംബൈ ശക്തമായി തിരിച്ചുവന്നു. വാംഖഡെയില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ എട്ടു വിക്കറ്റിനാണ് മുംബൈ മുക്കിയത്. പക്ഷെ ഈ വിജയം തുടര്‍ന്നു കൊണ്ടുപോവാന്‍ അവര്‍ക്കായില്ല. അടുത്ത രണ്ടു മല്‍സരങ്ങളിലും മുംബൈ തോല്‍വി രുചിച്ചു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവര്‍ക്കെതിരായ ത്രില്ലറുകളില്‍ 12 റണ്‍സിനാണ് മുംബൈയ്ക്കു അടിതെറ്റിയത്.
ആറാമത്തെ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ 12 റണ്‍സിന്റെ ആവേശോജ്വല ജയവുമായി മുംബൈ തിരിച്ചുവന്നു. പിന്നീട് അവര്‍ക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒന്നിനു പിറകെ ഒന്നായി വിജയങ്ങള്‍ കൊയ്ത് ഹാര്‍ദിക്കും സംഘവും അപരാജിത കുതിപ്പ് നടത്തുകയായിരുന്നു.
തുടര്‍ച്ചയായി ആറു മല്‍സരങ്ങളിലാണ് മുംബൈ വെന്നിക്കൊടി പാറിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (4 വിക്കറ്റ്), ചെന്നൈ സൂപ്പര്‍ കിങ്‌സ് (9 വിക്കറ്റ്), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (7 വിക്കറ്റ്), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (54 റണ്‍സ്), രാജസ്ഥാന്‍ റോയല്‍സ് (100) എന്നിവര്‍ക്കാണ് മുംബൈയുടെ പടയോട്ടത്തിനു മുന്നില്‍ അടിതെറ്റിയത്.
അതേസമയം, ഗുജറാത്ത് ടൈറ്റന്‍സിന്റെ കാര്യമെടുത്താല്‍ അവരുടെ തുടക്കം പാളിയിരുന്നു. ആദ്യ മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനോടു തോറ്റു കൊണ്ടായിരുന്നു ജിടിയുടെ തുടക്കം. അതിനു ശേഷം ട്രാക്കിലേക്കു കയറിയ ജിടി തുടര്‍ച്ചയായി നാലു മല്‍സരങ്ങളിലാണ് ജയിച്ചത്. മുംബൈ ഇന്ത്യന്‍സിനെ 36 റണ്‍സിനും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ എട്ടു വിക്കറ്റിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴു വിക്കറ്റിനും രാജസ്ഥാന്‍ റോയല്‍സിനെ 58 റണ്‍സിനും അവര്‍ തരിപ്പണമാക്കി.
അടുത്ത കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു ജിടിക്കു ആറു വിക്കറ്റിന്റെ പരാജയം സമ്മതിക്കേണ്ടി വന്നു. തുടര്‍ന്നുള്ള രണ്ടു മല്‍സരങ്ങളിലും ഗില്ലും സംഘവും വിജയക്കൊടി പാറിച്ചു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ഏഴു വിക്കറ്റിനും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 39 റണ്‍സിനുമാണ് ജിടി തുരത്തിയത്.
റണ്‍മഴ കണ്ട അടുത്ത മല്‍രാജസ്ഥാന്‍ റോയല്‍സിനോടു എട്ടു വിക്കറ്റിന്റെ അപ്രതീക്ഷിത തോല്‍വി അവര്‍ക്കു സമ്മതിക്കേണ്ടി വന്നു. എന്നാല്‍ അവസാന കളിയില്‍ ജയവുമായി ജിടി വീണ്ടും മികച്ചൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 38 റണ്‍സിന്റെ വിജയമാണ് ജിടി ആഘോഷിച്ചത്.
ഇന്നത്തെ കളിയിലെ 11
മുംബൈ ഇന്ത്യന്‍സ്- റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ, വില്‍ ജാക്ക്സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, കോര്‍ബിന്‍ ബോഷ്, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, കരണ്‍ ശര്‍മ.
ഗുജറാത്ത് ടൈറ്റന്‍സ്- സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), രാഹുല്‍ തെവാത്തിയ, ഷാരൂഖ് ഖാന്‍, റാഷിദ് ഖാന്‍, അര്‍ഷദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, ജെറാള്‍ഡ് കോട്‌സി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.