IPL 2025: Exclusive- അവന്റെ ഹീറോ സച്ചിന്‍! കളിക്കു മുമ്പ് പറഞ്ഞത് ഇക്കാര്യം, പ്രതികരിച്ച് കുടുംബം
മലപ്പുറം: ഐഎല്ലില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോരാട്ടം കഴിഞ്ഞതോടെ ഇവിടെ കേരളവും ആഹ്ലാദത്തിമര്‍പ്പിലാണ്. മലയാള മണ്ണില്‍ നിന്നും വിഘ്‌നേഷ് പുത്തൂരെന്ന പുതിയൊരു താരം കൂടി ഈ മല്‍സരത്തോടെ പിറവിയെടുത്തിരിക്കുകയാണ്. ചൈനാമാന്‍ സ്പിന്നറായ ഈ മലപ്പുറംകാരന്റെ ഉജ്ജ്വല ബൗളിങിനു മുന്നില്‍ സിഎസ്‌കെ ടീം വിറച്ചത് ക്രിക്കറ്റ് ലോകം അദ്ഭുതത്തോടെയാണ് കണ്ടത്.
അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ മുംബൈയുടെ കടുംനീല ജഴ്‌സിയില്‍ ഗംഭീര പ്രകടനവുമായി എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് ഈ 24 കാരന്‍. മൂന്നു വിക്കറ്റുകള്‍ പിഴുത വിഘ്‌നേഷാണ് അനായാസം ജയത്തിലേക്കു മുന്നേറിയ സിഎസ്‌കെയെ പിടിച്ചുകെട്ടി മുംബൈയെ കളിയിലേക്കു തിരികെ കൊണ്ടു വന്നത്.
മകന്റെ സ്വപ്‌നതുല്യമായ അരങ്ങേറ്റത്തെക്കുറിച്ച് വണ്‍ഇന്ത്യ മലയാളത്തോടു (OneIndia Malayalam) പ്രതികരിച്ചിരിക്കുകയാണ് അച്ഛന്‍ സുനില്‍ കുമാറും അമ്മ കെപി ബിന്ധുവും.

കളിക്കു മുമ്പ് വിളിച്ചു
ഐപിഎല്ലിന്റെ ഈ സീസണിലെ ആദ്യ മല്‍സരത്തില്‍ തന്നെ മുംബൈ ഇന്ത്യന്‍സിനു വേണ്ടി മകന്‍ കളിക്കാനിറങ്ങുമെന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അമ്മ കെപി ബിന്ധു പറയുന്നത്. മുംബൈയ്ക്കു വേണ്ടി അവന്റെ പ്രകടനത്തില്‍ ഒരുപാട് സന്തോഷമുണ്ട്. ആദ്യ കളിയില്‍ തന്നെ അവനു ടീമില്‍ സ്ഥാനമുണ്ടാവുമെന്നു ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
കളി തുടങ്ങുന്നതിനു മുമ്പ് വൈകീട്ട് 5.30 മണിയായപ്പോള്‍ വിഘ്‌നേഷ് ഫോണില്‍ വിളിച്ചിരുന്നു. ഞാന്‍ ടീമിനൊപ്പം ആദ്യ മല്‍സരത്തിനായി പോവുകയാണെന്നു ഞങ്ങളോടു പറഞ്ഞതായി അമ്മ വ്യക്തമാകക്കി. മുംബൈയ്ക്കു വേണ്ടി ഈ മല്‍സരത്തില്‍ കളിക്കാനുള്ള അവസരം കിട്ടുമോയെന്നു ചോദിച്ചപ്പോള്‍ അതേക്കുറിച്ച് അറിയില്ലെന്നായിരുന്നു അവന്റെ മറുപടി.
തനിക്കായി പ്രാര്‍ഥിക്കണമെന്നും മകന്‍ പറഞ്ഞതായി അമ്മ സന്തോഷത്തോടെ കൂട്ടിച്ചേര്‍ത്തു. ആദ്യ മല്‍സരത്തില്‍ തന്നെ മകന് ഇറങ്ങാന്‍ സാധിക്കുകയും അതിഗംഭീര പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുകയും ചെയ്തുവെന്നും അമ്മ പറയുന്നു.
വിഘ്‌നേഷിന്റെ പ്രകടനത്തെ കുറിച്ച് അച്ഛനും അമ്മയും. വീഡിയോ കാണാം
വലിയ സന്തോഷമായെന്നായിരുന്നു മകന്റെ പ്രകടനത്തെക്കുറിച്ച് ഏറെ അഭിമാനത്തോടെയുമുള്ള അച്ഛന്‍ സുനില്‍ കുമാറിന്റെ ആദ്യത്തെ പ്രതികരണം. അവന്‍ വളരെ നന്നായിട്ടു തന്നെ കളിച്ചു. മൂന്നു വിക്കറ്റുകളും വീഴ്ത്തിയെന്നും അദ്ദേഹം പറഞ്ഞു.
മല്‍സരശേഷം പറഞ്ഞതെന്ത്?
ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന മല്‍സരത്തിനു ശേഷം മകന്‍ തങ്ങളെ വിളിച്ചു സംസാരിച്ചിരുന്നതായി മാതാപിതാക്കള്‍ വ്യക്തമാക്കി. രാത്രി 12.30 മണിക്കും പിന്നീട് രണ്ടു മണിക്കുമെല്ലാം അവന്‍ ഞങ്ങളെ വിളിച്ച് സംസാരിച്ചിരുന്നു. കളിയെക്കുറിച്ചു തന്നെയായിരുന്നു അവന്റെ സംസാരമെന്നും അമ്മ പറയുന്നു.
രോഹിത്തിന്റെ ചെറിയൊരു ഗ്യാപ്പിലാണ് മകന് ഈ മല്‍സരത്തില്‍ അവസരം കിട്ടിയതെന്നു അച്ഛന്‍ സുനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു. ദൈവത്തിന്റെ ഒരു അനുഗ്രഹം കൊണ്ടാണ് രോഹിത്തിനു പകരം (ഇംപാക്ട് സബ്) മകന് ഈ കളിയില്‍ അവസരം ലഭിച്ചത്. വളരെ നന്നായി പെര്‍ഫോം ചെയ്യാനും അവനു സാധിച്ചുവെന്നും അദ്ദേഹം സന്തോഷത്തോടെ പറയുന്നു.

സച്ചിന്‍ ഫാന്‍
ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കടുത്ത ആരാധകന്‍ കൂടിയാണ് വിഘ്‌നേഷെന്നാണ് അച്ഛന്‍ സുനില്‍ കുമാറിന്റെ വെളിപ്പെടുത്തല്‍. സച്ചിന്റെ വലിയൊരു ആരാധകനാണ് അവന്‍. അദ്ദേഹത്തെ മകനു വലിയ കാര്യമാണ് എല്ലായ്‌പ്പോഴും സച്ചിനെ കുറിച്ചാണ് സംസാരിക്കാറുള്ളതെന്നും അദ്ദേഹം പറയുന്നു.
മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഈ സീസിസണിലെ ഐപിഎല്ലില്‍ ഇത്ര നേരത്തേ തന്നെ കളിക്കാനുള്ള അവസരം കിട്ടുമെന്നു മകന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോഴൊന്നും അവസരം കിട്ടാനിടയില്ലെന്നായിരുന്നു അവന്‍ പറഞ്ഞത്. ഒരുപക്ഷെ സീസണിന്റെ അവസാനത്തേക്ക് ആയിരിക്കും അവസരം കിട്ടുകയെന്നുമായിരുന്നു അവന്റെ വാക്കുകള്‍.
പക്ഷെ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ആദ്യം തന്നെ അവന്‍ കളിക്കാനിറങ്ങുകയും നല്ല പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. എല്ലാവര്‍ക്കും അവന്റെ പ്രകടനം ഒരുപാട് ഇഷ്ടപ്പെട്ടിട്ടുണ്ട്. കുറേ പേര്‍ വിളിക്കുകയും ചെയ്തിരുന്നതായി അച്ഛന്‍ വ്യക്തമാക്കി.
അതേസമയം, ചെന്നൈയ്‌ക്കെതിരേ നാലോവറില്‍ 32 റണ്‍സ് വിട്ടുകൊടുത്താണ് വിഘ്‌നേഷ് മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കിയത്. സിഎസ്‌കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരെ തന്റെ അടുത്തടുത്ത ഓവറുകളില്‍ അദ്ദേഹം പുറത്താക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications