ഐപിഎല്ലിലെ പോരാട്ടങ്ങള്‍ ആറാം റൗണ്ടിലേക്കു കടക്കവെ ഇത്തവണ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്തുന്ന ടീമുകള്‍ ആരൊക്കെയാവുമെന്നു പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും മുന്‍ മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. പോയിന്റ് പട്ടികയില്‍ നിലവിലെ ടീമുകളുടെ സ്ഥാനം നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ ചില പ്രവചനം ശരിക്കും ഞെട്ടിക്കുന്നതാണെന്നു തന്നെ പറയേണ്ടിവരും.
നിലവില്‍ ടോപ്പ് സിക്‌സില്‍ പോലുമില്ലാത്ത രണ്ടു ടീമുകളെ തന്റെ പ്ലേഓഫ് ലിസ്റ്റില്‍ ശ്രീകാന്ത് ഉള്‍പ്പെടുത്തിയെന്നതാണ് കൗതുകകമായ കാര്യം. ആറു മല്‍സരങ്ങള്‍ക്കു ശേഷം മുന്‍ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സാണ് ഇപ്പോള്‍ തലപ്പത്തുള്ളത്. ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത ഡല്‍ഹി ക്യാപ്പിറ്റല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവര്‍ രണ്ടു മുതല്‍ നാലു സ്ഥാനങ്ങളിലും നില്‍ക്കുന്നു.
ഇവര്‍ക്കെല്ലാം ഇപ്പോള്‍ എട്ടു പോയിന്റ് വീതമാണുള്ളത്. എന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റാണ് ജിടിയെ ഒന്നാംസ്ഥാനക്കാരും എല്‍എസ്ജിയെ നാലാംസ്ഥാനക്കാരുമാക്കിയത്. സ്വന്തം യൂട്യൂബ് ചാനലായ ചീക്കി ചീക്കയില്‍ സംസാരിക്കവെയാണ് പ്ലേഓഫില്‍ ഇത്തവണ കളിക്കാനിടയുള്ള നാലു ടീമുകളെക്കുറിച്ച് ശ്രീകാന്ത് പ്രവചനം നടത്തിയത്.

ആരൊക്കെ പ്ലേഓഫില്‍?
ഡല്‍ഹി ക്യാപ്പിറ്റല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, അഞ്ചു തവണ വീതം ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവരായിരിക്കും ഇത്തവണ ഐപിഎല്ലിന്റെ പ്ലേഓഫ് കളിക്കുകയെന്നാണ് കെ ശ്രീകാന്തിന്റെ പ്രവചനം. അക്ഷര്‍ പട്ടേലിനു കീഴില്‍ ഡിസിയും രജത് പാട്ടിധാറിന്റെ ക്യാപ്റ്റന്‍സിയില്‍ ആര്‍സിബിയും ഇത്തവണ തകര്‍പ്പന്‍ ഫോമിലാണെങ്കിലും മുംബൈയും ചെന്നൈയും പതറുകയാണ്.
മുംബൈയും ചെന്നൈയും പ്ലേഓഫിലുണ്ടാവുമെന്ന ശ്രീകാന്തിന്റെ പ്രവചനമാണ് പലരെയും ഞെട്ടിച്ചിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ ഇപ്പോള്‍ ഏഴാം സ്ഥാനത്തും എംഎസ് ധോണി നയിക്കുന്ന ചെന്നൈ ഇപ്പോള്‍ അവസാന സ്ഥാനത്തുമാണ്. സീസണില്‍ ഇനി ശേഷിച്ച മല്‍സരങ്ങളെല്ലാം ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്.
മകനും മുന്‍ ക്രിക്കറ്ററുമായ അനിരുദ്ധയുമായി യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് പ്ലേഓഫിലെ ടീമുകളെക്കുറിച്ച് ശ്രീകാന്ത് പ്രവചിച്ചത്. ആര്‍സിബിയും ഡിസിയും പ്ലേഓഫിലുണ്ടാവും. മുംബൈയും സിഎസ്‌കെയും ശക്തമായി തിരിച്ചുവന്ന് പ്ലേഓഫിലെത്തുമെന്നു ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു.
എംഐ, സിഎസ്‌കെ, ആര്‍സിബി, ഡിസി എന്നിവയാണ് ഞാന്‍ തിരഞ്ഞടുക്കുന്ന ടോപ്പ് ഫോര്‍ ടീമുകള്‍. എന്റെ ഫേവറിറ്റ് ടീമുകളായ എംഐയെയും സിഎസ്‌കെയെയും ഞാന്‍ എന്തിനു കൈവിടണം? ആര്‍സിബിയും പ്ലേഓഫിലുണ്ടാവുക തന്നെ ചെയ്യുമെന്നും ശ്രീകാന്ത് വ്യക്തമാക്കി.

അശ്വിനു വിമര്‍ശനം
ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ബൗളിങില്‍ മോശം പ്രകടനം നടത്തുന്ന വെറ്ററന്‍ സ്റ്റാര്‍ ഓഫ്‌സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനെ കെ ശ്രീകാന്ത് രൂമായി വിമര്‍ശിക്കുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞ മെഗാ ലേലത്തിലാണ് തന്റെ ആദ്യത്തെ തട്ടകവും ഹോം ടീമുമായ ചെന്നൈില്‍ അശ്വിന്‍ മടങ്ങിയെത്തിയത്. പക്ഷെ യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.
ഈ സീസണില്‍ സിഎസ്‌കെ കളിച്ച ആ ആറു മല്‍സരങ്ങളിലും അശ്വിന്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. പക്ഷെ നോടാനായത് വെറും അഞ്ചു വിക്കറ്റുകളാണ്. 39.60 എന്ന മോശം ശരാശരിയും 9.90 ഇക്കോണമി റേറ്റുമാണ് അദ്ദേഹത്തിനുള്ളത്. പ്ലെയിങ് ഇലവനില്‍ നിന്നും അശ്വിനെ സിഎസ്‌കെ ഒഴിവാക്കണമെന്നാണ് ശ്രീകാന്ത് ആവശ്യപ്പെടുന്നത്.
അശ്വിന്റെ ബൗളിങ് പ്രകടനം വളരെ പരിതാപകരമാണ്. ഈ തരത്തില്‍ ബൗള്‍ ചെയ്തുകൊണ്ടിരിക്കുന്ന അദ്ദേഹം അടുത്ത മല്‍സരത്തില്‍ ടീമിലുണ്ടാവുമോയെന്നു പോലും എനിക്കുറപ്പില്ല. എന്നോടു ചോദിക്കുകയാണെങ്കില്‍ അശ്വിനെ ഒഴിവാക്കണമെന്നായിരിക്കും മറുപടി. രവീന്ദ്ര ജഡേജയും തന്റെ മികച്ച ഫോമിലല്ലെന്നും ശ്രീകാന്ത് വ്യക്തമാക്കി.