ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി മുന്നോട്ട് പോവുകയാണ്. 10 ടീമുകള്‍ പങ്കെടുക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. അഞ്ച് തവണ ചാമ്പ്യന്മാരായ സിഎസ്‌കെയ്ക്ക് ഇത്തവണ തൊട്ടതെല്ലാം പിഴക്കുകയാണ്. ആറ് മത്സരത്തില്‍ അഞ്ചിലും സിഎസ്‌കെ തോല്‍വി നേരിടുകയായിരുന്നു. റുതുരാജ് ഗെയ്ക് വാദിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം ധോണി എത്തിയിട്ടും സിഎസ്‌കെയ്ക്ക് രക്ഷയില്ല.
ചെപ്പോക്കില്‍ ഹാട്രിക് തോല്‍വിയടക്കം നേരിട്ട് വലിയ നാണക്കേടിലൂടെയാണ് ഇപ്പോള്‍ സിഎസ്‌കെ കടന്ന് പോകുന്നത്. സ്വന്തം ആരാധകര്‍ പോലും ടീമിന് എതിരായിരിക്കുകയാണ്. എംഎസ് ധോണിക്കെതിരേ പോലും വലിയ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. ഇത്തവണ സിഎസ്‌കെയ്ക്ക് തൊട്ടതെല്ലാം പിഴക്കുമ്പോള്‍ ആരെയാണ് വിമര്‍ശിക്കേണ്ടതെന്ന് പോലും അറിയാത്ത അവസ്ഥയിലാണ് ആരാധകര്‍. എംഎസ് ധോണിയടക്കം എല്ലാവരും ടീമിന്റെ വില്ലന്മാരായി മാറുന്നു.
ഇത്തവണത്തെ സിഎസ്‌കെയുടെ പിന്നോട്ട് പോക്കിന് കാരണം എന്താണ്?. പല കാരണങ്ങള്‍ പറയാനാവുമെങ്കിലും ടെസ്റ്റ് ശൈലി പിന്തുടരുന്ന ചില താരങ്ങളാണ് ടീമിന്റെ പ്രധാന ശാപം. സിഎസ്‌കെ ഇവരെ എന്തിനാണ് ടീമിലെടുക്കുന്നത് എന്ന ചോദ്യം ഇപ്പോള്‍ പ്രസക്തമാണ്. സിഎസ്‌കെയെ തകര്‍ക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
രാഹുല്‍ ത്രിപാഠി
ഐപിഎല്ലില്‍ ഭേദപ്പെട്ട റെക്കോഡുള്ള താരങ്ങളിലൊരാളാണ് രാഹുല്‍ ത്രിപാഠി. ടോപ് ഓഡറില്‍ മോശമല്ലാത്ത സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ ത്രിപാഠിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ സിഎസ്‌കെയിലേക്കെത്തിയപ്പോള്‍ ഈ മികവ് കാണാന്‍ സാധിക്കുന്നില്ല. താരത്തിന്റെ മെല്ലെപ്പോക്ക് ബാറ്റിങ് ടീമിനെ പിന്നോട്ടടിക്കുകയാണ്. ഇത്തവണ വെടിക്കെട്ട് നടത്താനായി സിഎസ്‌കെ ടീമിലേക്ക് കൊണ്ടുവന്ന താരമാണ് ത്രിപാഠി. എന്നാല്‍ താരം തീര്‍ത്തും നിരാശപ്പെടുത്തുകയാണ്.
വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ സാധിക്കുന്നില്ലെന്ന് മാത്രമല്ല പന്തിന് അനുസരിച്ചുള്ള റണ്‍സ് പോലും നേടാനാവുന്നില്ല. രാഹുല്‍ ത്രിപാഠിയെ വരുന്ന സീസണിന് മുമ്പ് തന്നെ സിഎസ്‌കെ പുറത്താക്കണം. ഇത്തവണ ആരും വാങ്ങാത്ത പൃഥ്വി ഷായെ ടീമിലേക്ക് കൊണ്ടുവന്നാല്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുമെന്ന് തന്നെ പറയാം.
ആര്‍ അശ്വിന്‍
ക്രിക്കറ്റിലെ ബുദ്ധിമാന്മാരായ താരങ്ങളിലൊരാളാണ് ആര്‍ അശ്വിന്‍. സ്പിന്‍ ഓള്‍റൗണ്ടറായ അശ്വിന്‍ ഒരു കാലഘട്ടത്തില്‍ സിഎസ്‌കെയുടെ വജ്രായുധമായിരുന്നു. സിഎസ്‌കെയ്ക്കായി മികവ് കാട്ടിയാണ് അശ്വിന്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയത്. എന്നാല്‍ ഇപ്പോള്‍ പ്രായം തളര്‍ത്തുന്ന താരമാണ് അശ്വിന്‍. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇത്തവണ അശ്വിന് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. അശ്വിന്‍ ടീമിന്റെ ബാധ്യതയാണെന്ന് പറയാം. പല ടീമുകളിലും യുവ സ്പിന്നര്‍മാരെത്തി കസറുമ്പോള്‍ അശ്വിന് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കുന്നില്ല. അടുത്ത സീസണില്‍ അശ്വിന്‍ സിഎസ്‌കെയിലുണ്ടാവില്ലെന്നുറപ്പ്. ഇനിയൊരു ടീമും അശ്വിനെ വാങ്ങാനും സാധ്യതയില്ല.

വിജയ് ശങ്കര്‍
തമിഴ്‌നാട്ടുകാരനായ വിജയ് ശങ്കറിനെ ഇത്തവണ സിഎസ്‌കെ ടീമിലേക്ക് കൊണ്ടുവരികയായിരുന്നു. ഇന്ത്യക്കായടക്കം കളിച്ചിട്ടുള്ള മീഡിയം പേസ് ഓള്‍റൗണ്ടറാണ് വിജയ് ശങ്കര്‍. എന്നാല്‍ ടി20യില്‍ യാതൊരു മികവും അവകാശപ്പെടാന്‍ സാധിക്കാത്ത താരമാണ് വിജയ് ശങ്കര്‍. സിഎസ്‌കെ വിജയ് ശങ്കറിനെ കൊണ്ടുവന്നത് ലോക മണ്ടത്തരമാണ്. ആര്‍ക്കും വേണ്ടാത്ത താരമാണ് വിജയ് ശങ്കര്‍. മെല്ലപ്പോക്ക് ബാറ്റിങ് നടത്തി ടീമിനെ തോല്‍പ്പിക്കുന്ന വിജയ് ശങ്കറിനെ എന്തിനാണ് സിഎസ്‌കെ ടീമിലേക്ക് കൊണ്ടുവന്നതെന്നതാണ് ആരാധകരടക്കം ചോദിക്കുന്നത്. അടുത്ത സീസണില്‍ വിജയ് ശങ്കര്‍ സിഎസ്‌കെയിലുണ്ടാവാന്‍ സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം.
ദീപക് ഹൂഡ
സ്പിന്‍ ഓള്‍റൗണ്ടറായ ദീപക് ഹൂഡയെ സിഎസ്‌കെ ടീമിലേക്കെത്തിച്ചത് ലോക മണ്ടത്തരമാണെന്ന് നിസംശയം പറയാം. ആര്‍ക്കും വേണ്ടാത്ത താരങ്ങളിലൊരാളാണ് ഹൂഡ. ടി20യില്‍ വിശ്വസ്തനല്ലാത്ത താരമാണ് ഹൂഡ. കെകെആറിനെതിരേ ഇംപാക്ട് പ്ലയറാക്കിയപ്പോള്‍ ഡക്കിനാണ് താരം മടങ്ങിയത്. ദീപക് ഹൂഡയെ സിഎസ്‌കെ ഇനി ടീമില്‍ നിലനിര്‍ത്തരുതെന്നാണ് ആരാധകര്‍ പറയുന്നത്. അടുത്ത സീസണില്‍ സിഎസ്‌കെ ഹൂഡയെ കൈവിട്ടാല്‍ മറ്റാരും താരത്തെ ടീമിലെടുക്കില്ലെന്നുറപ്പാണ്.