ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും താരസമ്പന്നമാണ്. ഐപിഎല്ലിന്റെ വരവോടെ ഒരേ സമയം മൂന്നിലധികം ടീമുകളെ ഇറക്കാനുള്ള താരസമ്പത്ത് ഇന്ത്യക്കൊപ്പമുണ്ട്. ഇന്ന് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ അതിശക്തരായ ടീമാണ്. എല്ലാ എതിരാളികളും ഇന്ത്യയുടെ കരുത്തിനെ ഭയപ്പെടുന്നു. അവസാന ടി20 ലോകകപ്പ് കിരീടവും ഇന്ത്യ അലമാരയിലെത്തിച്ചു. ഇന്ത്യന്‍ ടീമിലേക്കുള്ള യുവതാരങ്ങളുടെ വളര്‍ച്ചക്ക് പിന്നില്‍ എപ്പോഴും ഏതെങ്കിലുമൊരു താരത്തിന്റെ പിന്തുണയുണ്ടാവും.
എംഎസ് ധോണിയുടെ പിന്തുണയാണ് ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ എന്നിവര്‍ക്കെല്ലാം മികച്ച കരിയര്‍ നേടിക്കൊടുത്തത്. വിരാട് കോലി ക്യാപ്റ്റനായി പിന്തുണച്ചതാണ് മുഹമ്മദ് സിറാജ്, യുസ് വേന്ദ ചഹാല്‍, കുല്‍ദീപ് യാദവ് തുടങ്ങിയ പല താരങ്ങളുടേയും കരിയര്‍ മാറ്റിയത്. ഇത്തരത്തില്‍ സഞ്ജു സാംസണും ചില താരങ്ങളുടെ കരിയറില്‍ വഴിത്തിരിവ് സൃഷ്ടിച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു നല്‍കിയ വലിയ പിന്തുണയാണ് ഈ താരങ്ങളുടെ കരിയര്‍ മാറ്റിയത്. ഇത് ആരൊക്കെയാണെന്ന് അറിയാം.
യശ്വസി ജയ്‌സ്വാള്‍
ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണറെന്ന നിലയിലേക്ക് ഇതിനോടകം വളരാന്‍ സാധിച്ച താരമാണ് യശ്വസി ജയ്‌സ്വാള്‍. കടന്നാക്രമിച്ച് കളിക്കാന്‍ ശേഷിയുള്ള ജയ്‌സ്വാളിന്റെ വളര്‍ച്ചക്ക് പിന്നില്‍ സഞ്ജുവിന്റെ പിന്തുണ വളരെ വലുതാണ്. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന ജയ്‌സ്വാള്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലേക്കെത്തിയെങ്കിലും ആദ്യം അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ സഞ്ജു സാംസണ്‍ ജയ്‌സ്വാളില്‍ വിശ്വസിച്ച് പിന്തുണച്ചു.
സഞ്ജു നല്‍കിയ പിന്തുണ കരിയറില്‍ നിര്‍ണ്ണായകമായിട്ടുണ്ടെന്ന് ജയ്‌സ്വാള്‍ തന്നെ തുറന്ന് സമ്മതിച്ചിട്ടുണ്ട്. ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കുന്ന ഓപ്പണറാണ് ജയ്‌സ്വാള്‍. സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമില്‍ തുടര്‍ അവസരങ്ങള്‍ കുറവാണെങ്കിലും സഞ്ജുവിന്റെ ശിഷ്യനായ ജയ്‌സ്വാളിന് ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്. വരാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ജയ്‌സ്വാളിന് നിര്‍ണ്ണായക റോളുണ്ടാവും.

റിയാന്‍ പരാഗ്
ഇതിനോടകം ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയിട്ടുള്ള താരമാണ് റിയാന്‍ പരാഗ്. സ്പിന്‍ ഓള്‍റൗണ്ടറായ പരാഗ് ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ മികവ് കാട്ടാന്‍ മിടുക്കനാണ്. നിലവില്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമുകളില്‍ പരാഗിന് സ്ഥാനമുണ്ട്. ഇന്ത്യ വലിയ ഭാവി കാണുന്ന താരങ്ങളിലൊരാളാണ് റിയാന്‍ പരാഗ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് റിയാന്‍ പരാഗ്. പല തവണ പരാഗിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
രാജസ്ഥാന്‍ ടീം മാനേജ്‌മെന്റിലെ പ്രമുഖരുടെ ബന്ധുവായതിനാലാണ് കളിക്കാന്‍ അവസരം ലഭിക്കുന്നതെന്നും പ്രതിഭയില്ലെന്നുമെല്ലാം പരാഗിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആ സമയത്തെല്ലാം സഞ്ജു പരാഗിനെ പിന്തുണച്ചു. പരാഗിന്റെ പ്രതിഭയില്‍ സഞ്ജു വിശ്വസിക്കുകയും പിന്തുണക്കുകയും ചെയ്തതാണ് ഇന്നത്തെ സൂപ്പര്‍ താരമെന്ന നിലയിലേക്ക് പരാഗ് വളരാനുള്ള കാരണം. പരാഗിന്റെ ദേശീയ ടീമിലേക്കുള്ള വളര്‍ച്ചയിലും പരാഗിന്റെ പങ്ക് വളരെ വലുതാണെന്ന് പറയാം.
ദ്രുവ് ജുറേല്‍
ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന താരമാണ് ദ്രുവ് ജുറേല്‍. ടി20യില്‍ മാത്രമല്ല ടെസ്റ്റിലും തനിക്ക് തിളങ്ങാനാവുമെന്ന് ഇതിനോടകം ജുറേല്‍ തെളിയിച്ചിട്ടുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ജുറേലിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള വളര്‍ച്ചക്ക് പിന്നില്‍ സഞ്ജുവിന്റെ പിന്തുണയാണ് എടുത്തു പറയേണ്ടത്. ഫിനിഷറെന്ന നിലയില്‍ ജുറേലില്‍ സഞ്ജു വിശ്വാസം അര്‍പ്പിച്ചു. തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കി.
ഇത് മുതലാക്കി വളരാന്‍ ജുറേലിന് സാധിച്ചു. ജുറേലിന്റെ വളര്‍ച്ചക്ക് വഴിയൊരുക്കിയത് സഞ്ജുവാണെന്ന് തന്നെ പറയാം. സഞ്ജു ടീമിനുള്ളില്‍ നല്‍കിയ പിന്തുണയെക്കുറിച്ച് ജുറേല്‍ തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. എന്തായാലും സഞ്ജുവിന്റെ പിന്തുണയാണ് ജുറേലിന്റെ കരിയറില്‍ വലിയ മാറ്റമുണ്ടാക്കിയത്.