മുംബൈ: ഐപിഎല്‍ 2025ന്റെ മെഗാ താരലേലമാണ് വരാനിരിക്കുന്നത്. ഇത്തവണ വലിയ അഴിച്ചുപണികളാണ് എല്ലാ ടീമുകളും ലക്ഷ്യമിടുന്നത്. മെഗാ താരലേലമായതിനാല്‍ വലിയ പൊളിച്ചെഴുത്തിലേക്ക് കടക്കാന്‍ ടീമുകള്‍ നിര്‍ബന്ധിതരാവുകയാണ്. ഐപിഎല്ലിന്റെ ചരിത്രത്തിലേക്ക് വരുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടിയ താരം മിച്ചല്‍ സ്റ്റാര്‍ക്കാണ്. അവസാന സീസണിന് മുമ്പ് നടന്ന ലേലത്തില്‍ 24.75 കോടിക്ക് മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സ്വന്തമാക്കിയത്.
പാറ്റ് കമ്മിന്‍സിന് 20.50 കോടി രൂപയും ലഭിച്ചിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് കമ്മിന്‍സിനെ വാങ്ങിയത്. സാം കറെനെ പഞ്ചാബ് കിങ്‌സ് 18.50 കോടിക്ക് വാങ്ങിയപ്പോള്‍ കാമറൂണ്‍ ഗ്രീനിനെ 17.50 കോടിക്ക് മുംബൈ ഇന്ത്യന്‍സും വാങ്ങി. ഇത്തവണ ഈ റെക്കോഡുകളൊക്കെ തകരുന്ന ചില കരാറുകള്‍ ഉണ്ടായേക്കും. ഇത്തരത്തില്‍ റെക്കോഡ് പ്രതിഫലം നേടാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
സൂര്യകുമാര്‍ യാദവ്
സൂര്യകുമാര്‍ യാദവിനെ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് സ്വന്തമാക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. മുന്‍ കെകെആര്‍ താരമായിരുന്ന സൂര്യകുമാറിനെ ഇത്തവണ തിരിച്ചെത്തിക്കാനാണ് കെകെആര്‍ ശ്രമിക്കുന്നത്. സൂര്യകുമാറിനെ മടക്കിക്കൊണ്ടുവരിക കെകെആറിനെ സംബന്ധിച്ച് എളുപ്പമാവില്ല. മുംബൈ വിടാന്‍ സൂര്യകുമാര്‍ യാദവിന് താല്‍പര്യമുണ്ടെന്നാണ് വിവരം. ലേലത്തിലേക്കെത്തിപ്പെട്ടാല്‍ സൂര്യക്ക് കോടികള്‍ നല്‍കാന്‍ പല ടീമുകളും തയ്യാറായേക്കും.
25 കോടി സൂര്യക്ക് ലഭിച്ചാലും അത്ഭുതപ്പെടാനാവില്ല. ഒറ്റക്ക് മത്സരത്തെ മാറ്റിമറിക്കാന്‍ ശേഷിയുള്ള താരമാണ് സൂര്യകുമാര്‍ യാദവ്. നിലവിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാന്‍മാരിലൊരാളായ സൂര്യയെ നായകസ്ഥാനത്തേക്കാണ് കെകെആര്‍ പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ തുക തന്നെ അദ്ദേഹത്തിന് നല്‍കി ടീമിലേക്കെത്തിച്ചേക്കും. സൂര്യക്കായി എത്ര കോടി മുടക്കിയാലും അത് നഷ്ടമാവില്ല. അതുകൊണ്ടുതന്നെ സൂര്യ റെക്കോഡുകള്‍ ഭേദിക്കാന്‍ സാധ്യതയുണ്ട്.
രോഹിത് ശര്‍മ
മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടം ചൂടിച്ച ക്യാപ്റ്റനാണ് രോഹിത് ശര്‍മ. എന്നാല്‍ അവസാന സീസണില്‍ രോഹിത്തിനെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ക്യാപ്റ്റനാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ രോഹിത് മുംബൈ വിടുമെന്നുറപ്പാണ്. ലേലത്തിലേക്കെത്തിപ്പെട്ടാല്‍ രോഹിത്തിനായി പഞ്ചാബ് കിങ്‌സും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും രംഗത്തെത്താന്‍ സാധ്യതയുണ്ട്. അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിച്ചെങ്കിലും രോഹിത്തിന്റെ വെടിക്കെട്ട് ബാറ്റിങ് കഴിവ് നഷ്ടമായിട്ടില്ല.
കടന്നാക്രമിച്ച് കളിക്കാന്‍ കഴിവുള്ള താരമെന്നതിലുപരിയായി രോഹിത്തിന്റെ നായക മികവിനാണ് പ്രതിഫലം നല്‍കേണ്ടത്. പഞ്ചാബിനും ലഖ്‌നൗവിനും നായകനെയാണ് ആവശ്യം. രോഹിത് ശര്‍മക്കായി 25 കോടിവരെ മുടക്കാന്‍ ഈ രണ്ട് ടീമുകളും ശ്രമിക്കാനാണ് സാധ്യത. രോഹിത് ലേലത്തിലേക്കെത്തിയാല്‍ വമ്പന്‍ തുക തന്നെ അദ്ദേഹത്തിന് ലഭിച്ചേക്കും.

ജസ്പ്രീത് ബുംറ
ജസ്പ്രീത് ബുംറ മുംബൈ വിട്ട് ഗുജറാത്ത് ടൈറ്റന്‍സിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുണ്ട്. ബുംറ നിലവിലെ ഏറ്റവും മികച്ച ടി20 പേസര്‍മാരിലൊരാളാണ്. ബുംറ മുംബൈ വിട്ടാല്‍ കോടികളുടെ പ്രതിഫലം നല്‍കി സ്വന്തമാക്കാന്‍ പല ടീമുകളും ശ്രമിക്കുമെന്നുറപ്പാണ്. 30 കോടിയിലേക്ക് ബുംറയുടെ പ്രതിഫല തുക എത്തിയാലും അത്ഭുതപ്പെടാനാവില്ല. ബൗളിങ്ങുകൊണ്ട് മത്സരഫലത്തെ മാറ്റി എഴുതാന്‍ കെല്‍പ്പുള്ള ബുംറ ടീം വിട്ടാല്‍ മുംബൈക്കത് വലിയ നഷ്ടമാവും.
കെ എല്‍ രാഹുല്‍
കെ എല്‍ രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകനാണ്. ലഖ്‌നൗ വിട്ട് രാഹുല്‍ ആര്‍സിബിയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. രാഹുലിനെ ആര്‍സിബി വമ്പന്‍ പ്രതിഫലത്തില്‍ വാങ്ങുമോയെന്നതാണ് കണ്ടറിയേണ്ടത്. 20 കോടിയെങ്കിലും പ്രതിഫലം രാഹുലിന് ലഭിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. താരത്തിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമായതിനാല്‍ ലേലത്തില്‍ വലിയ പ്രതിഫലം ലഭിക്കാതിരിക്കാനുള്ള സാധ്യതയുമുണ്ട്.