ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന്റെ മെഗാ ലേലത്തിന്റെ ആദ്യ ദിനം പൂര്‍ത്തിയായപ്പോള്‍ പ്രധാന മാര്‍ക്യു താരങ്ങളെല്ലാം ഇതിനോടകം ടീമുകളിലേക്കെത്തിയിട്ടുണ്ട്. ചില സര്‍പ്രൈസ് അണ്‍സോള്‍ഡുകളുണ്ടായെങ്കിലും ആദ്യ ദിനത്തില്‍ വാശിയേറിയ പോരാട്ടമാണ് നടന്നത്. ആരാധക പ്രതീക്ഷ തെറ്റിക്കാതെ റിഷഭ് പന്ത് മെഗാ ലേലത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന താരമായി റെക്കോഡിട്ടു. 27 കോടിക്കാണ് റിഷഭിനെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ടീമിലെത്തിച്ചത്.
ശ്രേയസ് അയ്യരെ 26.75 കോടിക്ക് പഞ്ചാബ് കിങ്‌സും സ്വന്തമാക്കി. വെങ്കടേഷ് അയ്യരെ 23.75 കോടിക്ക് കെകെആര്‍ ടീമിലേക്ക് തിരികെ എത്തിക്കുകയും ചെയ്തു. എന്തായാലും പ്രതീക്ഷിച്ച താരങ്ങള്‍ക്കെല്ലാം വലിയ പ്രതിഫലം മെഗാ ലേലത്തില്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ചില താരങ്ങള്‍ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ പ്രതിഫലമാണ് ലഭിച്ചിരിക്കുന്നത്. ഇതില്‍ പേസ് ബൗളര്‍മാരായ ചിലര്‍ക്ക് വമ്പന്‍ ലോട്ടറിയാണ് മെഗാ ലേലത്തിലൂടെ ലഭിച്ചിരിക്കുന്നത്. ഇത്തരത്തില്‍ സര്‍പ്രൈസ് പ്രതിഫലം ലഭിച്ചവര്‍ ആരൊക്കെയാണെന്ന് നോക്കാം.
പ്രസിദ്ധ് കൃഷ്ണ
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളുടെ ഭാഗമായിട്ടുള്ള പേസറാണ് പ്രസിദ്ധ് കൃഷ്ണ. തല്ലുകൊള്ളി ബൗളറെന്ന വിളിക്കാവുന്ന പ്രസിദ്ധ് കൃഷ്ണ കഴിഞ്ഞ കുറച്ച് മാസങ്ങളായി പരിക്കിന്റെ പിടിയിലായിരുന്നു. അവസാന സീസണില്‍ പരിക്കിനെത്തുടര്‍ന്ന് താരം കളിക്കുന്നില്ലായിരുന്നു. തുടര്‍ പരിക്കുകളോടൊപ്പം മോശം ഫോമും താരത്തെ വേട്ടയാടി. ടി20യില്‍ മികച്ച ഇക്കോണമിയില്‍ പന്തെറിയുന്ന താരമല്ല പ്രസിദ്ധ്.
ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പം ഓസീസ് പര്യടനത്തിലാണ് പ്രസിദ്ധ് കൃഷ്ണയുള്ളത്. ഇത്തവണ രണ്ട് കോടി അടിസ്ഥാന വിലയില്‍ ലേലത്തിലേക്കെത്തിയ പ്രസിദ്ധ് കൃഷ്ണ നേടിയത് 9.5 കോടിയാണ്. ഗുജറാത്ത് ടൈറ്റന്‍സാണ് പ്രസിദ്ധിനെ ഇത്രയും ഉയര്‍ന്ന തുകയ്ക്ക് വാങ്ങിയത്. സമീപകാലത്തൊന്നും ടി20 കളിക്കാത്ത പ്രസിദ്ധിനെ ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ടീമിലെടുത്തത് മണ്ടന്‍ തീരുമാനമാണെന്ന് തന്നെ വിലയിരുത്താം. താരത്തിന് മികവ് കാട്ടാന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

ആവേശ് ഖാനും ഞെട്ടിക്കുന്ന പ്രതിഫലം
ടി20യില്‍ തല്ലുകൊള്ളി ബൗളര്‍മാരിലൊരാളാണ് ആവേശ് ഖാന്‍. ന്യൂബോളിലും ഡെത്തോവറിലുമെല്ലാം റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്ത ആവേശം തല്ലുകൊള്ളി ബൗളറാണെന്ന് കണക്കുകള്‍ നിന്ന് വ്യക്തം. ഇന്ത്യ ടീമിലേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും കളിപ്പിക്കുന്ന മത്സരങ്ങളിലെല്ലാം നന്നായി അടിവാങ്ങുന്നുണ്ട്. അശോക് ഡിന്‍ഡയുടെ ചെണ്ട അക്കാദമിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ബൗളറാണ് ആവേശ് ഖാന്‍. രണ്ട് കോടി അടിസ്ഥാന വിലയില്‍ എത്തിയ ആവേശിനെ 9.75 കോടിക്കാണ് ലഖ്‌നൗ ഒപ്പം കൂട്ടിയത്.
ആവേശിനെ ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ഒപ്പം കൂട്ടിയത് മണ്ടന്‍ തീരുമാനമാണെന്ന് പറയാം. കോടികള്‍ മുടക്കി ടീമിലെത്തിച്ചതിന്റെ ഗുണം ആവേശില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ല. ആവേശ് ഖാനെ വാങ്ങിയത് ലഖ്‌നൗവിനെ സംബന്ധിച്ച് വലിയ ബാധ്യതയാണെന്ന് തന്നെ പറയാം. എന്തായാലും ആവേശിന് ലോട്ടറിയാവുന്ന തീരുമാനമാണ് ലഖ്‌നൗവിന്റേതെന്ന് നിസംശയം പറയാം.
ജിതേഷിന് സര്‍പ്രൈസ് തുക
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ജിതേഷ് ശര്‍മക്ക് അപ്രതീക്ഷിത തുകയാണ് ലേലത്തില്‍ ലഭിച്ചത്. ഒരു കോടി അടിസ്ഥാന വിലയിലെത്തിയ ജിതേഷിനെ 11 കോടിക്കാണ് ആര്‍സിബി വാങ്ങിയത്. ഇത്തവണ മികച്ചൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ആര്‍സിബിക്ക് ആവശ്യമായിരുന്നു. എന്നാല്‍ ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ജിതേഷിനെ വാങ്ങിയത് വലിയ ഗുണം ചെയ്യാന്‍ സാധ്യതയില്ല.
എന്തായാലും ജിതേഷിനെ സംബന്ധിച്ച് ഈ തുക വലിയ ലോട്ടറിയാണ്. അഞ്ച് കോടിയില്‍ താഴെയാണ് ജിതേഷിന് പ്രതിഫലം പ്രതീക്ഷിച്ചതെങ്കിലും തീര്‍ത്തും അപ്രതീക്ഷിത നേട്ടമാണ് ജിതേഷ് സ്വന്തമാക്കിയതെന്ന് പറയാം. ഈ പ്രതിഫലത്തോടെ നീതി കാട്ടാന്‍ താരത്തിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.