മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഈ മാസം അവസാനം വരാനിരിക്കുകയാണ്. ഇതിനോടകം ടീമുകളെല്ലാം തങ്ങളുടെ നിലനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പല വമ്പന്‍ താരങ്ങളും ഇത്തവണ മെഗാ ലേലത്തിലേക്ക് എത്തിപ്പെട്ടുവെന്നതാണ് എടുത്തു പറയേണ്ടത്. റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ജോസ് ബട്‌ലര്‍ എന്നിവരെല്ലാം മെഗാ ലേലത്തിലേക്ക് എത്തിപ്പെടുന്നവരാണ്.
അതുകൊണ്ടുതന്നെ മെഗാ ലേലത്തില്‍ വാശിയേറിയ പോരാട്ടം ഇത്തവണ പ്രതീക്ഷിക്കാം. എന്നാല്‍ ഇത്തവണ നിലനിര്‍ത്തപ്പെട്ട താരങ്ങളിലേക്ക് വരുമ്പോള്‍ ചില താരങ്ങള്‍ക്ക് അപ്രതീക്ഷിത പ്രതിഫലം ലഭിച്ചിട്ടുണ്ട്. വിരാട് കോലിക്ക് 21 കോടി ലഭിച്ചപ്പോള്‍ നിക്കോളാസ് പുരാനും 21 കോടി പ്രതിഫലം ലഭിച്ചു. റിങ്കു സിങ്ങിന് 13 കോടിയും മായങ്ക് യാദവിന് 11 കോടിയും ടീമില്‍ തുടരാന്‍ ലഭിച്ചു. എന്നാല്‍ നിലനിര്‍ത്തിയ ചിലരുടെ പ്രതിഫലം കുറഞ്ഞുപോയി.
ടീമില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഇതില്‍ കൂടുതല്‍ പ്രതിഫലത്തിലേക്കെത്താന്‍ ഇവര്‍ക്ക് സാധിക്കുമായിരുന്നു. എന്നാല്‍ നിലവിലെ ടീമില്‍ തുടരാന്‍ പ്രതിഫലം നോക്കാതെ നിന്ന ചില താരങ്ങളുണ്ട്. ഇത്തരത്തില്‍ ത്യാഗം ചെയ്ത താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
എംഎസ് ധോണി
ഇത്തവണയും എംഎസ് ധോണി സിഎസ്‌കെയിലുണ്ടാവും. നാല് കോടിക്ക് അണ്‍ക്യാപ്പ്ഡ് താരമായാണ് ധോണിയെ സിഎസ്‌കെ നിലനിര്‍ത്തിയിരിക്കുന്നത്. ധോണിയെപ്പോലൊരു താരത്തിന് ടീമില്‍ തുടരാന്‍ എത്ര കോടി വേണമെങ്കിലും ആവശ്യപ്പെടാം. സിഎസ്‌കെയുടെ മൂല്യത്തെ പിടിച്ചുനിര്‍ത്തുന്നത് ധോണിയാണ്. അതുകൊണ്ടുതന്നെ ധോണി പറയുന്നതാണ് അദ്ദേഹത്തിന്റെ പ്രതിഫലമെന്ന് പറയാം. അങ്ങനെ വരുമ്പോള്‍ നാല് കോടിക്ക് ധോണി സിഎസ്‌കെയില്‍ തുടരുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ താല്‍പര്യംകൊണ്ടാണ്. ടീമിനൊപ്പം തുടരാന്‍ ധോണി ആഗ്രഹിക്കുന്നതിനാലാണ് ഇതിഹാസ താരം പ്രതിഫലത്തില്‍ വന്‍ വെട്ടിക്കുറവ് നടത്തി ഇത്തവണയും ടീമില്‍ തുടരുന്നത്.
രാഹുല്‍ തെവാത്തിയ
ഐപിഎല്ലില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് രാഹുല്‍ തെവാത്തിയ. സ്പിന്‍ ഓള്‍റൗണ്ടറായിരുന്ന താരം ഇപ്പോള്‍ ബാറ്റിങ്ങിലാണ് കൂടുതല്‍ മികവ് കാട്ടുന്നത്. ഫിനിഷര്‍ റോളിലാണ് ഇപ്പോള്‍ തെവാത്തിയ കൂടുതല്‍ കൈയടി വാങ്ങുന്നത്. ഗുജറാത്ത് ടൈറ്റന്‍സ് തെവാത്തിയയെ വാങ്ങിയത് 9 കോടിക്കാണ്. ഇത്തവണ വെറും നാല് കോടിയാണ് തെവാത്തിയയുടെ പ്രതിഫലം. അണ്‍ക്യാപ്പ്ഡ് താരമായാണ് തെവാത്തിയ ടീമില്‍ തുടരുന്നത്.
ലേലത്തിലേക്കെത്തിയിരുന്നെങ്കില്‍ ഇതിലും കൂടുതല്‍ പ്രതിഫലം നേടാന്‍ തെവാത്തിയക്ക് സാധിക്കുമായിരുന്നു. എന്നാല്‍ ഗുജറാത്തില്‍ തുടരാനുള്ള താല്‍പര്യത്താല്‍ തെവാത്തിയ പ്രതിഫലം വെട്ടിക്കുറക്കുകയായിരുന്നു. ഇത് അദ്ദേഹത്തിന് ടീം നല്‍കുന്ന പിന്തുണകൊണ്ടാണെന്നും പറയാം.

ഷാരൂഖ് ഖാന്‍
ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന ഷാരൂഖ് ഖാനെ ഇത്തവണ നാല് കോടിക്കാണ് ഗുജറാത്ത് നിലനിര്‍ത്തിയത്. അണ്‍ക്യാപ്പ്ഡ് താരമായ ഷാരൂഖ് അവസാന സീസണില്‍ 7.75 കോടിക്കാണ് ഗുജറാത്തിനായി കളിച്ചത്. എന്നാല്‍ ഇത്തവണ നാല് കോടി മാത്രമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. തമിഴ്‌നാട് താരം ലേലത്തിലേക്കെത്തിയിരുന്നെങ്കില്‍ കുറഞ്ഞത് എട്ട് കോടിയെങ്കിലും ലഭിക്കുമായിരുന്നു. എന്നാല്‍ ഇതിന് തയ്യാറാവാതെ അദ്ദേഹം ഗുജറാത്തിനൊപ്പം നാല് കോടിക്ക് തുടരാന്‍ തയ്യാറാവുകയായിരുന്നു.
പാറ്റ് കമ്മിന്‍സ്
ഓസ്‌ട്രേലിയന്‍ നായകനായ പാറ്റ് കമ്മിന്‍സ് അവസാന സീസണില്‍ 20.5 കോടിക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തിയത്. നായകനായി ഹൈദരാബാദിനെ റണ്ണറപ്പാക്കാനും കമ്മിന്‍സിനായി. എന്നാല്‍ ഇത്തവണ 18 കോടിക്കാണ് താരം നിലനിര്‍ത്തപ്പെട്ടത്. വേണമെങ്കില്‍ കമ്മിന്‍സിന് 20 കോടിയിലധികം ചോദിക്കാമായിരുന്നു. എന്നാല്‍ 18 കോടിക്ക് ടീമില്‍ തുടരാന്‍ തീരുമാനിച്ചതിന് കാരണം ഹൈദരാബാദിനോടുള്ള താല്‍പര്യമായിരുന്നു.