ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി മുന്നോട്ട് പോവുകയാണ്. ഇത്തവണ ഇതുവരെ കപ്പ് നേടാത്ത ടീമുകളുടെ മുന്നേറ്റം കാണാനാവുമ്പോള്‍ ചാമ്പ്യന്മാരായ സിഎസ്‌കെയും മുംബൈ ഇന്ത്യന്‍സുമെല്ലാം അല്‍പ്പം പിന്നിലാണുള്ളത്. ഇത്തരത്തില്‍ നിരാശപ്പെടുത്തിയ ടീമുകളിലൊരാളാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. ഇത്തവണ വലിയ പ്രതീക്ഷവെച്ചിട്ടും നിലവാരം കാട്ടാന്‍ രാജസ്ഥാന് സാധിച്ചിട്ടില്ല.
സഞ്ജു സാംസണും സംഘവും ഏഴ് മത്സരത്തില്‍ നിന്ന് അഞ്ചിലും തോല്‍വി നേരിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ടീമിന്റെ പ്ലേ ഓഫ് സാധ്യതകളും പരുങ്ങലിലാണെന്ന് പറയാം. ഇതിനിടെ രാജസ്ഥാന് എട്ടിന്റെ പണിയായി സഞ്ജു സാംസണിന്റെ പരിക്ക് മാറിയിരിക്കുകയാണ്. സീസണിന്റെ തുടക്കത്തിലേ പരിക്ക് രാജസ്ഥാന് വലിയ തലവേദനായിരുന്നു. ഇപ്പോള്‍ തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കവെ വീണ്ടും പരിക്ക് വില്ലനായി മാറിയിരിക്കുന്നു.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സഞ്ജുവിന്റെ ഇടുപ്പിന് പരിക്കേറ്റിരിക്കുകയാണ്. സഞ്ജുവിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രണ്ടാം തവണയും പരിക്കേല്‍ക്കുന്ന സഞ്ജുവിന് വിശ്രമം വേണ്ടിവരികയും സീസണില്‍ നിന്ന് പുറത്താവുകയും ചെയ്താല്‍ ആരെ പകരക്കാരനാക്കും?. പരിഗണിക്കാന്‍ സാധിക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
മായങ്ക് അഗര്‍വാള്‍
രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ മാത്രമല്ല ഓപ്പണറും വിക്കറ്റ് കീപ്പറുമാണ് മായങ്ക് സഞ്ജു സാംസണ്‍. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ ഉത്തമ പകരക്കാരനെ കണ്ടെത്തുക രാജസ്ഥാന് എളുപ്പമാവില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പരിഗണിക്കാവുന്ന താരങ്ങളിലൊരാള്‍ മായങ്ക് അഗര്‍വാളാണ്. സീനിയര്‍ താരമായ മായങ്കിനെ വാങ്ങാന്‍ ഇത്തവണ ആളുണ്ടായില്ല. ഭേദപ്പെട്ട സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനാണ് മായങ്ക്. ഓപ്പണര്‍ റോളില്‍ മിന്നിച്ചിട്ടുള്ള മായങ്കിന് ഇത്തവണ ആരും അവസരം നല്‍കാത്തതിനാല്‍ പുറത്തിരിക്കുകയാണ്. സഞ്ജു സാംസണ്‍ പുറത്തായാല്‍ പകരം രാജസ്ഥാന് പരിഗണിക്കാവുന്ന താരങ്ങളിലൊരാള്‍ മായങ്കാണെന്ന് പറയാം.

പൃഥ്വി ഷാ
വെടിക്കെട്ട് ബാറ്റിങ്ങിന്റെ കാര്യത്തില്‍ സഞ്ജുവിനോടൊപ്പം നില്‍ക്കുന്ന താരമാണ് പൃഥ്വി ഷാ. ഇന്ത്യയെ അണ്ടര്‍ 19 കിരീടം ചൂടിച്ച ക്യാപ്റ്റനാണ് പൃഥ്വി ഷാ. എന്നാല്‍ താരത്തിനെ ഇപ്പോള്‍ ആര്‍ക്കും വേണ്ടാത്ത അവസ്ഥയാണ്. വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തി പല തവണ ഞെട്ടിച്ചിട്ടുള്ള താരമാണ് പൃഥ്വി ഷാ. എന്നാല്‍ ഇത്തവണ ആര്‍ക്കും പൃഥ്വി ഷായെ വേണ്ടായിരുന്നു. സഞ്ജുവിന്റെ അഭാവത്തില്‍ പരിഗണിക്കാവുന്ന താരമാണ് പൃഥ്വി ഷാ. സ്ഥിരത പ്രശ്‌നമാണെങ്കിലും ഫോമിലേക്കെത്തിയാല്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ പൃഥ്വിക്കാവും. പവര്‍പ്ലേയില്‍ നേരിടുന്ന കുറച്ച് പന്തുകള്‍ക്കൊണ്ടുതന്നെ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ പൃഥ്വിക്ക് കഴിവുണ്ട്. അതുകൊണ്ടുതന്നെ പൃഥ്വി പരിഗണിക്കാവുന്ന പകരക്കാരനാണ്.
സര്‍ഫറാസ് ഖാന്‍
സര്‍ഫറാസ് ഖാനാണ് പരിഗണിക്കാവുന്ന മറ്റൊരു. മുംബൈയുടെ ആഭ്യന്തര താരമായ സര്‍ഫറാസ് ഇന്ത്യക്കായി ടെസ്റ്റ് കളിച്ചിട്ടുള്ള താരമാണ്. ഐപിഎല്ലില്‍ ഫിനിഷര്‍ റോളില്‍ തിളങ്ങിയിട്ടുള്ള സര്‍ഫറാസിനെ ഇത്തവണ ആരും വാങ്ങിയിട്ടില്ല. സര്‍ഫറാസിനെ സഞ്ജുവിന്റെ പകരക്കാരനായി പരിഗണിക്കാവുന്നതാണ്. ഓപ്പണര്‍ റോളില്‍ കളിപ്പിക്കാന്‍ സാധിക്കില്ലെങ്കിലും വിക്കറ്റ് കീപ്പര്‍ റോളില്‍ സഞ്ജുവിന്റെ പകരക്കാരനാവാന്‍ സര്‍ഫറാസ് ഖാന് സാധിച്ചേക്കും.