ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ദിനം സൂപ്പര്‍ താരങ്ങളെല്ലാം തന്നെ വിറ്റുപോയിട്ടുണ്ട്. ഇനി ശേഷിക്കുന്നവരില്‍ ആര്‍ക്കൊക്കെയാവും വിളി ലഭിക്കുകയെന്നത് രണ്ടാം ദിനം അറിയാം. 10 ടീമുകളും ആദ്യ ദിനത്തിലെ ലേലം വിലയിരുത്തി രണ്ടാം ദിനത്തിനായുള്ള പദ്ധതികള്‍ മെനയുകയാണ്. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് അഞ്ച് താരങ്ങളെയാണ് ആദ്യ ദിവസം ടീമിലെത്തിച്ചത്.
രണ്ടാം ദിനം 17.35 കോടി പേഴ്‌സില്‍വെച്ചാണ് രാജസ്ഥാന്‍ ലേലത്തിനിറങ്ങുന്നത്. മോശമല്ലാത്ത ടീമിനെത്തന്നെ ഇതിനോടകം സൃഷ്ടിക്കാന്‍ രാജസ്ഥാന് സാധിച്ചിട്ടുണ്ട്. എന്നാല്‍ നായകന്‍ സഞ്ജു സാംസണ്‍ ആഗ്രഹിച്ച മൂന്ന് താരങ്ങളെ ടീമിലേക്കെത്തിക്കാന്‍ രാജസ്ഥാന് സാധിക്കാതെ പോയിരിക്കുകയാണ്. ഇത് രാജസ്ഥാന്റെ വരുന്ന സീസണിലെ പ്രകടനത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്. രാജസ്ഥാന്‍ കൈവിട്ട് കളഞ്ഞവര്‍ ആരൊക്കെയാണെന്ന് നോക്കാം.
ജോസ് ബട്‌ലര്‍
ജോസ് ബട്‌ലര്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള താരമാണ്. ഒരു സീസണില്‍ നാല് സെഞ്ച്വറി ഉള്‍പ്പെടെ അത്ഭുത പ്രകടനങ്ങള്‍ നടത്താന്‍ ബട്‌ലര്‍ക്ക് സാധിച്ചിട്ടുണ്ട്. സഞ്ജു സാംസണ്‍ രാജസ്ഥാന്റെ നായകനായ ശേഷം ടീം നടത്തിയ മുന്നേറ്റങ്ങള്‍ക്ക് പ്രധാന കരുത്തായത് ജോസ് ബട്‌ലറാണെന്ന് നിസംശയം പറയാം.
മെഗാ ലേലത്തിന് മുമ്പ് ഒഴിവാക്കപ്പെട്ട ബട്‌ലറെ ലേലത്തില്‍ തിരികെ എത്തിക്കണമെന്ന് സഞ്ജു സാംസണ്‍ ആഗ്രഹിച്ചിരുന്നു. ലേലത്തില്‍ രാജസ്ഥാന്‍ ഇതിനായി കഠിനമായി ശ്രമിക്കുകയും ചെയ്‌തെങ്കിലും ബട്‌ലറെ ടീമിലെത്തിക്കാനായില്ല. അതുകൊണ്ടുതന്നെ ബട്‌ലറെ കൈവിട്ടതില്‍ രാജസ്ഥാനും സഞ്ജുവിനും കടുത്ത നിരാശയുണ്ടാവുമെന്ന് തന്നെ പറയാം.

അശ്വിനേയും സഞ്ജു ആഗ്രഹിച്ചു
സ്പിന്‍ ഓള്‍റൗണ്ടറും സീനിയര്‍ താരവുമായ ആര്‍ അശ്വിനെ രാജസ്ഥാന്‍ ഒഴിവാക്കിയിരുന്നു. അശ്വിന്‍ സിഎസ്‌കെയിലേക്ക് തിരികെ പോകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അശ്വിനെ ലേലത്തിലൂടെ തിരികെ എത്തിക്കാന്‍ രാജസ്ഥാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ സിഎസ്‌കെ അശ്വിനായി വ്യക്തമായ പദ്ധതികളോടെയാണ് ഇറങ്ങിയത്. ഇതോടെ അശ്വിനെ സിഎസ്‌കെ കൊണ്ടുപോയി. സഞ്ജുവിന് ടീമിനുള്ളില്‍ വലിയ പിന്തുണ നല്‍കിയിരുന്ന താരമാണ് അശ്വിന്‍. നിര്‍ണ്ണായക സമയത്ത് സഞ്ജുവിന് ഉപദേശങ്ങളടക്കം നല്‍കി പിന്തുണക്കുന്ന അശ്വിന്റെ വിടവ് രാജസ്ഥാന്‍ നായകന് തിരിച്ചടിയാണ്.
മിച്ചല്‍ മാര്‍ഷ്
ഓസീസ് പേസ് ഓള്‍റൗണ്ടറായ മിച്ചല്‍ മാര്‍ഷിനെയോ മാര്‍ക്കസ് സ്‌റ്റോയിണിസിനെയോ ടീമില്‍ വേണമെന്ന് സഞ്ജു ആവശ്യപ്പെട്ടിരുന്നു. ഇതില്‍ മിച്ചല്‍ മാര്‍ഷിനെയാണ് സഞ്ജു കൂടുതല്‍ ആഗ്രഹിച്ചത്. കഴിഞ്ഞ സീസണുകളിലെല്ലാം മികച്ച പേസ് ഓള്‍റൗണ്ടറുടെ അഭാവം രാജസ്ഥാനെ വേട്ടയാടിയിരുന്നു. അതുകൊണ്ടുതന്നെ മിച്ചല്‍ മാര്‍ഷിനെപ്പോലൊരാളെ രാജസ്ഥാനും സഞ്ജുവും ആഗ്രഹിച്ചെങ്കിലും ടീമിലേക്കെത്തിക്കാന്‍ സാധിക്കാതെ പോയി.