മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാനിരിക്കെ ടീമുകളെല്ലാം വലിയ പ്രതീക്ഷയിലാണ്. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ താരങ്ങളുടെ പ്രകടനത്തിലേക്ക് ഉറ്റുനോക്കുകയാണ് ഐപിഎല്‍ ടീമുകള്‍. തങ്ങളുടെ താരങ്ങളുടെ പ്രകടനം വിലയിരുത്തി പ്ലേയിങ് 11 തീരുമാനിക്കാനടക്കം ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനം ഐപിഎല്‍ ടീമുകളെ സഹായിച്ചേക്കും. ഇത്തവണ മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യത്തെ സീസണാണ്.
അതുകൊണ്ടുതന്നെ ടീമുകളുടെ പ്രകടനം എങ്ങനെയാവുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ഐപിഎല്ലിലെ കരുത്തരുടെ നിരയാണ് മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കി മുംബൈ കളിക്കുന്ന രണ്ടാമത്തെ സീസണാണ് വരാനിരിക്കുന്നത്. കഴിഞ്ഞ സീസണിലെ തിരിച്ചടികള്‍ മറന്ന് ശക്തമായ തിരിച്ചുവരവാണ് മുംബൈ ഇത്തവണ പ്രതീക്ഷിക്കുന്നത്. പ്രതിഭാശാലികളായ ചില താരങ്ങളെ മുംബൈ ലേലത്തിലൂടെ ഒപ്പം കൂട്ടിയിട്ടുണ്ട്.
ഇത്തവണ മുംബൈ ടീമിലുള്ള താരങ്ങളിലെ ചിലര്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മാച്ച് വിന്നര്‍മാരായി മാറാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ മുംബൈ ടീമില്‍ നിന്ന് ചാമ്പ്യന്‍സ് ട്രോഫിയിലെ ഹീറോകളായി മാറാന്‍ കെല്‍പ്പുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
എഎം ഖസന്‍ഫാര്‍
അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ നിന്നുള്ള പുതിയ വിസ്മയമാണ് എഎം ഖസന്‍ഫാര്‍. 18 കാരനായ താരം ഇതിനോടകം എല്ലാവരുടേയും ശ്രദ്ധ നേടിയെടുത്തുകഴിഞ്ഞു. ലെഗ് സ്പിന്നുകൊണ്ടു വിസ്്മയിപ്പിക്കുന്ന ഖസന്‍ഫാര്‍ ഇത്തവണ മുംബൈ വലിയ പ്രതീക്ഷയോടെ കാണുന്ന താരമാണ്. ഐപിഎല്ലില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ശേഷിയുള്ളവനാണ് ഖസന്‍ഫാറെന്ന് പറയാം. എന്നാല്‍ താരത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ വലിയ ടീമുകള്‍ക്കെതിരായ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്ഗാന്റെ തുറുപ്പുചീട്ടായി മാറാന്‍ ശേഷിയുള്ളവനാണ് ഖസന്‍ഫാര്‍. ഇതുവരെയുള്ള താരത്തിന്റെ കണക്കുകളെല്ലാം ഗംഭീരമാണ്. 11 മത്സരത്തില്‍ നിന്ന് 21 വിക്കറ്റുകള്‍ നേടിയ താരത്തിന്റെ ഇക്കോണമി 4.5 ആണ്. 26 റണ്‍സിന് ആറ് വിക്കറ്റ് നേടിയതാണ് ഖസന്‍ഫാറിന്റെ മികച്ച പ്രകടനം. ലിസ്റ്റ് എ ക്രിക്കറ്റിലും മികച്ച റെക്കോഡാണ് താരത്തിനുള്ളത്. 15 മത്സരത്തില്‍ നിന്ന് 25 വിക്കറ്റാണ് അദ്ദേഹം നേടിയത്. ചാമ്പ്യന്‍സ് ട്രോഫിയിലും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ഖസന്‍ഫാറിന് സാധിച്ചേക്കും.

ഹാര്‍ദിക് പാണ്ഡ്യ
പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിന്റെ നായകനാണ്. ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ കപ്പടിപ്പിക്കുകയും തൊട്ടടുത്ത സീസണില്‍ ഫൈനലിലേക്കെത്തിക്കുകയും ചെയ്ത ഹാര്‍ദിക് പാണ്ഡ്യക്ക് മുംബൈയുടെ നായകനായുള്ള മടങ്ങിവരവില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ ഹാര്‍ദിക്കിന് കീഴില്‍ കസറാനൊരുങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ്. ഹാര്‍ദിക് ഇന്ത്യയുടേയും തുറുപ്പുചീട്ടാണ്.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ വിശ്വസ്തനാണ് ഹാര്‍ദിക്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാട്ടുന്ന ഹാര്‍ദിക്കിന് ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കും. 61 ഏകദിനത്തില്‍ നിന്ന് 1769 റണ്‍സും 84 വിക്കറ്റും ഹാര്‍ദിക് നേടിയിട്ടുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 97 മത്സരത്തില്‍ നിന്ന് 103 വിക്കറ്റും 2114 റണ്‍സും ഹാര്‍ദിക്കിന്റെ അക്കൗണ്ടിലുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയിലെ ഹാര്‍ദിക്കിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.
ജസ്പ്രീത് ബുംറ
മുംബൈ ഇന്ത്യന്‍സിന്റേയും ഇന്ത്യയുടേയും തുറുപ്പു ചീട്ടാണ് ജസ്പ്രീത് ബുംറ. സ്റ്റാര്‍ പേസര്‍ എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്നവനാണ്. നിലവില്‍ പരിക്കിന്റെ പിടിയിലുള്ള ബുംറ ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. 88 ഏകദിനത്തില്‍ നിന്ന് 149 വിക്കറ്റാണ് ബുംറ നേടിയത്. അവസാന ഏകദിന ലോകകപ്പില്‍ നാല് മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. മുംബൈക്കൊപ്പം സ്ഥിരതയോടെ കളിക്കുന്ന ബുംറ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കൊപ്പം നടത്തുന്ന പ്രകടനം നിര്‍ണ്ണായകമായി മാറും.