Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ലഖ്നൗ നായകന്‍ പുരാനല്ല, അത് ഇഷാന്‍! സഞ്ജു സൂക്ഷിച്ചോ; വമ്പന്‍ നീക്കം വരുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള നിലനിര്‍ത്തലുകള്‍ പുറത്തുവന്നിരിക്കുകയാണ്. 10 ടീമുകളും നിലനിര്‍ത്തലുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പല സൂപ്പര്‍ താരങ്ങളും മെഗാ ലേലത്തിലേക്ക് എത്തിപ്പെട്ടിരിക്കുകയാണെന്ന് പറയാം. ഇത്തവണത്തെ മറ്റൊരു പ്രധാന സവിശേഷത പല ടീമുകള്‍ക്കും പുതിയ നായകന്മാരെത്തുമെന്നതാണ്. രാജസ്ഥാന്‍ റോയല്‍സിനെ സഞ്ജു സാംസണും മുംബൈ ഇന്ത്യന്‍സിനെ ഹാര്‍ദിക് പാണ്ഡ്യയും സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പാറ്റ് കമ്മിന്‍സും നയിക്കും.

സിഎസ്‌കെയെ റുതുരാജ് ഗെയ്ക് വാദും ഗുജറാത്തിനെ ശുബ്മാന്‍ ഗില്ലും നയിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ആര്‍സിബി, പഞ്ചാബ് കിങ്സ്, ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സ്, കെകെആര്‍, ഡല്‍ഹി ടീമുകള്‍ക്കെല്ലാം പുതിയ നായകന്മാരെ ആവശ്യമാണ്. അതുകൊണ്ടുതന്നെ ആരാവും ഈ സ്ഥാനങ്ങളിലേക്കെത്തുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിന്റെ ടീമുമായി ബന്ധപ്പെട്ടുള്ള കൗതുകകരമായ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

ലഖ്നൗ നിലവില്‍ 21 കോടിക്ക് നിക്കോളാസ് പുരാനെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ നായകനായി പുരാനാവില്ലെന്നാണ് ഇപ്പോള്‍ ടീമില്‍ നിന്ന് വരുന്ന വിവരം. കെ എല്‍ രാഹുലിന് പകരക്കാരനായി ലഖ്നൗ നോട്ടമിടുന്നത് ഇഷാന്‍ കിഷനെയാണെന്നും താരത്തെ നായകനാക്കാനാണ് നീക്കമെന്നുമാണ് സൂചനകള്‍.

ഇഷാന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക്?

മികച്ച റെക്കോഡുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണ് ഇഷാന്‍ കിഷന്‍. കടന്നാക്രമിച്ച് കളിക്കാന്‍ ശേഷിയുള്ള ഇഷാന് നായകസ്ഥാനം നല്‍കാന്‍ ഐപിഎല്ലില്‍ ആരും തയ്യാറായിട്ടില്ല. എന്നാല്‍ ഇത്തവണ ലഖ്നൗ ഈ അവസരം ഇഷാന് നല്‍കുമെന്നാണ് വിവരം. ഇഷാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇതിനോടകം നായകനായിട്ടുള്ള താരമാണ്. ഐപിഎല്ലില്‍ അവസരം നല്‍കിയാല്‍ ഇഷാന് മികവ് കാട്ടാന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ഇഷാന്‍ നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള താരമാണ്. എന്നാല്‍ നായകസ്ഥാനത്തേക്കെത്തിയാല്‍ ഇഷാന് മികവ് കാട്ടി ദേശീയ ടീമിലേക്ക് തിരിച്ചുവരാന്‍ അവസരം ലഭിക്കും. പുരാനുണ്ടെങ്കിലും നായകനായാല്‍ ലഖ്നൗവിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഇഷാന് ലഭിക്കുകയും ചെയ്യും. ഇതും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റോളില്‍ ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ ഇഷാനെ സഹായിക്കുമെന്ന് പറയാം. എന്തായാലും ഇഷാനെ കാത്തിരിക്കുന്നത് സുവര്‍ണ്ണാവസരമാണെന്ന് തന്നെ പറയാം.

ishan kishan

സഞ്ജുവിന് വലിയ ഭീഷണി

ഇഷാന്‍ കിഷന് നായകസ്ഥാനം ലഭിച്ചാല്‍ സഞ്ജു സാംസണിനെയാവും അത് കൂടുതല്‍ പ്രതികൂലമായി ബാധിക്കുക. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള താരമാണ് ഇഷാന്‍. സഞ്ജു സാംസണിന് ടി20യില്‍ ഓപ്പണറായി അവസരവും ലഭിക്കുന്നുണ്ട്. എന്നാല്‍ ഇഷാന്‍ കിഷന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. ഐപിഎല്ലില്‍ നായകസ്ഥാനത്തേക്ക് അവസരം ലഭിക്കുകയും തിളങ്ങുകയും ചെയ്താല്‍ ഇഷാന് ദേശീയ ടീമിലേക്ക് വേഗത്തില്‍ തിരിച്ചെത്താന്‍ സാധിച്ചേക്കും.

ഇത് സഞ്ജുവിന് തിരിച്ചടിയാവാനാണ് സാധ്യത കൂടുതല്‍. ഇടം കൈയന്‍ ബാറ്റ്സ്മാനായ ഇഷാന്‍ കിഷന് ഇന്ത്യ കൂടുതല്‍ മുന്‍തൂക്കം നല്‍കിയേക്കും. ഇഷാന് കീഴില്‍ ഇറങ്ങുന്ന ലഖ്നൗവിനോട് സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ തോല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ ഇഷാന് കൂടുതല്‍ പിന്തുണ ലഭിക്കുകയും ഇന്ത്യന്‍ ടീമിലേക്ക് വേഗത്തില്‍ തിരിച്ചുവരാന്‍ അത് സഹായിക്കുകയും ചെയ്യും. ഇഷാന്റെ പ്രകടനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാവില്ല.

ലഖ്നൗ കന്നി കിരീടം നേടുമോ?

മൂന്ന് സീസണില്‍ രണ്ട് തവണയും പ്ലേ ഓഫ് കളിച്ച ടീമാണ് ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സ്. എന്നാല്‍ അവസാന സീസണില്‍ കെ എല്‍ രാഹുലും ടീം ഉടമയും തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസമുണ്ടായി. മൈതാനത്ത് വെച്ച് ഉടമ രാഹുലിനെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ഈ സാഹചര്യത്തിലാണ് ലഖ്നൗ വിടാന്‍ രാഹുല്‍ തീരുമാനിച്ചത്.

രാഹുല്‍ ടീമിന് പുറത്തായ ശേഷവും വലിയ വിമര്‍ശനം ഉയര്‍ത്തി ടീം ഉടമ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഒഴികെ ടീമിന്റെ പ്രധാനികളായ താരങ്ങളെയെല്ലാം നിലനിര്‍ത്തിയാണ് ലഖ്നൗ പുതിയ സീസണിന് ഇറങ്ങുന്നത്. ഇഷാനെ ക്യാപ്റ്റനായി ലഖ്നൗ മുന്നോട്ട് പോകുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Sunday, November 3, 2024, 18:35 [IST]
Other articles published on Nov 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+