ലഖ്‌നൗ: വീണ്ടുമൊരു വെടിക്കെട്ട് ഇന്നിങ്‌സുമായി അഭിഷേക് ശര്‍മ അഴിഞ്ഞാടിയപ്പോള്‍ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ കഥ കഴിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. എല്‍എസ്ജിയെ അവരുടെ തട്ടകത്തില്‍ ആറു വിക്കറ്റിനാണ് ഓറഞ്ച് ആര്‍മി തീര്‍ത്തത്. ഈ പരാജയത്തോടെ റിഷഭ് പന്തിന്റെ എല്‍എസ്ജി ടീം പ്ലേഓഫ് കാണാതെ പുറത്താവുകയും ചെയ്തു. സീസണില്‍ ഇനിയും രണ്ടു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കവെയാണ് എല്‍എസ്ജിയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തിച്ചത്.
206 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് എസ്ആര്‍എച്ചിനു എല്‍എസ്ജി നല്‍കിയത്. ഇത്രയും വലിയൊരു സ്‌കോര്‍ ഇവിടെ ഒരു ടീമും വിജയകരായി ചേസ് ചെയ്തിട്ടില്ലെങ്കിലും ഓറഞ്ച് ആര്‍മി ചരിത്രം തിരുത്തുകയായിരുന്നു. 18.2 ഓവറില്‍ നാലു വിക്കറ്റുകള്‍ നഷ്ടത്തില്‍ എസ്ആര്‍എച്ച് ലക്ഷ്യം മറികടക്കുകയും ചെയ്തു.

അഭിഷേക് (59) ഇടിവെട്ട് ഫിഫ്റ്റിയോടെ ജയത്തിനു ചുക്കാന്‍ പിടിച്ചപ്പോള്‍ ഹെന്‍ട്രിച്ച് ക്ലാസെന്‍ (47), ഇഷാന്‍ കിഷന്‍ (35), കമിന്ദു മെന്‍ഡിസ് (32) എന്നിവരെല്ലാം വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. വെറും 20 ബോളിലാണ് അഭിഷേക് 59ലെത്തിയത്. ആറു സിക്‌സറും നാലു ഫോറുമടക്കമാണിത്. മികച്ച കൂട്ടുകെട്ടുകളാണ് എസ്ആര്‍എച്ചിന്റെ വിജയം എളുപ്പമാക്കിയതെന്നു കാണാം. രണ്ടാം വിക്കറ്റില്‍ അഭിഷേക്- ഇഷാന്‍ സഖ്യം നേടിയ 82 റണ്‍സ് അവരുടെ വിജയത്തില്‍ നിര്‍ണായകമായി മാറി.
ഓപ്പണിങ് കരുത്തില്‍ എല്‍എസ്ജി
ടോസ് നഷ്ടപ്പെട്ട് സ്വന്തം ഗ്രൗണ്ടില്‍ ബാറ്റിങിനിറങ്ങിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഏഴു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 205 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടലിലെത്തിയത്. ഓപ്പണിങ് ജോടികളായ മിച്ചെല്‍ മാര്‍ഷിന്റെയും (65) എയ്ഡന്‍ മാര്‍ക്രമിന്റെയും (61) ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് എല്‍എസ്ജി ഇന്നിങ്‌സിനു കരുത്തായത്. ഇവരെക്കൂടാതെ രണ്ടക്കിലെത്തിയ ഏക താരം നിക്കോളാസ് പൂരനാണ് (45).
എല്‍എസ്ജി ഇന്നിങ്‌സിനു ശക്തമായ അടിത്തറയിട്ടത് മാര്‍ഷ്- മാര്‍ക്രം ജോടിയായിരുന്നു. നാലാം ഓവറില്‍ വെറും ആറു റണ്‍സില്‍ വച്ച് മാര്‍ക്രം മടങ്ങേണ്ടതായിരുന്നു. എന്നാല്‍ ഇഷാന്‍ കിഷന്റെ വലിയൊരു പിഴവ് അദ്ദേഹത്തിനു ആയുസ് നീട്ടിക്കൊടുത്തു. ഹര്‍ഷ് ദുബെയ്‌ക്കെതിരേ ്ക്രീസിനു പുറത്തക്കിറങ്ങി ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിച്ച മാര്‍മ്രിനു പാളിയെങ്കിലും വിക്കറ്റിനു പിന്നില്‍ അതു പിടിച്ചെുത്ത് സ്റ്റംപിങ് നടത്താന്‍ ഇഷാന് കഴിഞ്ഞില്ല.
തുടക്കത്തില്‍ തന്നെ ജീവന്‍ തിരിച്ചുകിട്ടിയ മാര്‍ക്രം ഇതു ശരിക്കം മുതലെടുത്ത് മികച്ച ബാറ്റിങുമായി എസ്ആര്‍എച്ച് ബൗളര്‍മാരെ ശിക്ഷിക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ സെഞ്ച്വറി കൂട്ടട്ടുകെട്ട് പടുത്തുയര്‍ത്താന്‍ മാര്‍ഷ്- മാര്‍ക്രം ജോടിക്കു കഴിഞ്ഞു. 115 റണ്‍സാണ് ഇരുവരും വാരിക്കൂട്ടിയത്. 11ാം ഓവറില്‍ മാര്‍ഷിനെ എഷാന്‍ മലിങ്കയുടെ കൈകളിലെത്തിച്ച് ഹര്‍ഷാണ് എസ്ആര്‍എച്ചിനു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത്.

വണ്‍ഡൗണായി ക്രീസിലെത്തിയ നായകന്‍ റിഷഭ് പന്ത് ഈ കളിയിലെങ്കിലും ക്ലിക്കാവുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. വെറും ആറു ബോളുകളുടെ ആയുസ് മാത്രമേ അദ്ദേഹത്തിനുണ്ടായുള്ളൂ. ഒര ഫോറടക്കം ഏഴു റണ്‍സെടുത്ത റിഷഭിനെ സ്വന്തം ബൗളിങില്‍ എഷാന്‍ മലിങ്ക മികച്ചൊരു ക്യാച്ചിലൂടെ മടക്കുകയായിരുന്നു. പിന്നീട് മികച്ച ബൗളിങിലൂടെ എല്‍എസ്ജിയുടെ സ്‌കോറിങിനു വേഗത കുറയ്ക്കാന്‍ എസ്ആര്‍എച്ചിനു കഴിഞ്ഞു.
പൂരന്‍ ക്രീസിന്റെ ഒരു ഭാഗത്തു ഉറച്ചു നിന്നെങ്കിലും ടീമിനു തുടരെ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ആയുഷ് ബദോനി (3), അബ്ദുള്‍ സമദ് (3), ശര്‍ദ്ദുല്‍ ടാക്കൂര്‍ (4) എന്നിവരെല്ലാം ഫ്‌ളോപ്പായി. 26 ബോൡ ആറു ഫോറും ഒരു സിക്‌സറുമടക്കം 45 റണ്‍സെടുത്ത പൂരന്റെ പ്രകടനമാണ് ടീമിനെ 200 കടത്തിയത്. എസ്ആര്‍എച്ചിനായി എഷാന്‍ മലിങ്ക രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.
ടോസിനു ശേഷം എസ്ആര്‍എച്ച് നായകന്‍ പാറ്റ് കമ്മിന്‍സ് ബൗളിങ് തിരഞ്ഞടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളോടെയാണ് എസ്ആര്‍എച്ച് ഇറങ്ങിയത്. ട്രാവിസ് ഹെഡും ജയദേവ് ഉനാട്കട്ടും ടീമിലില്ല. പകരം അതര്‍വ്വ ടെയ്‌ഡേയും ഹര്‍ഷ് ദുബെയും ടീമിലെത്തി. മറുഭാഗത്തു എല്‍എസ്ജി ഒരു മാറ്റം വരുത്തി. ന്യൂസിലാന്‍ഡ് പേസര്‍ വില്‍ ഒറൂക്കി ടീമിനായി അരങ്ങേറി.
പ്ലെയിങ് 11
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- മിച്ചെല്‍ മാര്‍ഷ്, ഐഡന്‍ മാര്‍ക്രം, നിക്കോളാസ് പൂരന്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ആയുഷ് ബഡോനി, ആകാശ്ദീപ്, ദിഗ്വേഷ് സിംഗ് റാട്ടി, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍, വില്‍ ഒറൂക്കി.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, കമിന്ദു മെന്‍ഡിസ്, ഹെന്‍ട്രിച്ച് ക്ലാസന്‍, അനികേത് വര്‍മ, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ഹര്‍ഷ് ദുബെ, സീഷന്‍ അന്‍സാരി, എഷാന്‍ മലിങ്ക.