ലഖ്‌നൗ: ഐപിഎല്ലില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം മോഹിച്ചിറങ്ങിയ ശുഭ്മന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സിനെ മലര്‍ത്തിയടിച്ച് റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഏകാനയിലെ ഹോംഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ ജിടിയെ ആറു വിക്കറ്റിനാണ് എല്‍എസ്ജി തകര്‍ത്തുവിട്ടത്. ടൂര്‍ണമെന്റില്‍ അവരുടെ ഹാട്രിക്ക് വിജയം കൂടിയാണിത്.
ആദ്യം മികച്ച ബൗളിങിലൂടെ ജിടിയെ വലിയ ടോട്ടലില്‍ നിന്നും തടഞ്ഞ എല്‍എസ്ജി പിന്നീട് റണ്‍ചേസില്‍ ആറു വിക്കറ്റുകളും മുന്നു ബോളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയും ചെയ്തു. 181 റണ്‍സിന്റെ വിജയലക്ഷ്യമാണ് എല്‍എസ്ജിക്കു മുന്നില്‍ ജിടി വച്ചത്. 200ന് മുകളില് പോവേണ്ടിയിരുന്ന അവരെ ആറു വിക്കറ്റിനു 180ലൊതുക്കിയത് എല്‍എസ്ജിയുടെ മിടുക്കാണ്. കളിയിലെ ടേണിങ് പോയിന്റും ഇതു തന്നെയാണ്.

കരുത്തുകാട്ടി എല്‍എസ്ജി
മിന്നുന്ന ഫോമിലുള്ള ഓപ്പണര്‍ മിച്ചെല്‍ മാര്‍ഷിനെ നഷ്ടമായിട്ടും റണ്‍ചേസില്‍ ഇതു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ബാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. നിക്കോളാസ് പൂരന്‍ (61), എയ്ഡന്‍ മാര്‍ക്രം (58), എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സലുകളാണ് എല്‍എസ്ജിയുടെ വിജയം എളുപ്പമാക്കി മാറ്റിയത്. 34 ബോളില്‍ ഏഴു സിക്‌സര്‍ വാരിക്കൂട്ടിയ പൂരന്‍ ഒരു ഫോറും പായിച്ചു. 31 ബോളില്‍ ഒമ്പതു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് മാര്‍ക്രമിന്റെ ഇന്നിങ്‌സ്.
എയ്ഡന്‍ മാര്‍ക്രമിനൊപ്പം ക്യാപ്റ്റന്‍ റിഷഭ് പന്താണ് ഈ കളിയില്‍ ഓപ്പണിങില്‍ ഇറങ്ങിയത്. മുന്‍ മല്‍സരങ്ങളെ അപേക്ഷിച്ച് മോശമല്ലാത്ത പ്രകടനം നടത്താന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. 18 ബോളില്‍ നാസു ഫോറടക്കം 21 റണ്‍സാണ് റിഷഭ് നേടിയത്. ഓപ്പണിങ് വിക്കറ്റില്‍ മാര്‍ക്രം- റിഷഭ് ജോടി 65 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു.
തുടര്‍ന്ന് മാര്‍ക്രമിനു കൂട്ടായി പൂരനെത്തിയതോടെ വെടിക്കെട്ടിനാണ് സ്‌റ്റേഡിയം സാക്ഷിയായത്. രണ്ടാം വിക്കറ്റില്‍ ഈ ജോടി 58 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിതോടെ മല്‍സരം ജിടിയില്‍ നിന്നും വഴുതിപ്പോയിരുന്നു. ടീം ടോട്ടല്‍ 123ല്‍ നില്‍ക്കെ മാര്‍ക്രം പുറത്തായങ്കിലും പൂരന്‍ ടീമിന്റെ വിജയമുറപ്പാക്കി. ടീമിന്റെ ഫിനിഷിങ് ചുമതല ആയുഷ് ബദോനിക്കായിരുന്നു (20 ബോളില്‍ 28*).
തുടക്കം മുതലാക്കാതെ ജിടി
ഈ മല്‍സരത്തില്‍ ലഭിച്ച മികച്ച തുടക്കം മുതലാക്കാന്‍ സാധിക്കാതെ പോയതതാണ് ഗുജറാത്ത് ടൈറ്റന്‍സിനു ക്ഷീണമായത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും (60) ഓപ്പണിങ് പങ്കാളി സായ് സുദര്‍ശനും (56) ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയെങ്കിലും മറ്റാരില്‍ നിന്നും കാര്യമായ സംഭാവന ലഭിച്ചില്ല.
ജോസ് ബട്‌ലര്‍ (16), വാഷിങ്ടണ്‍ സുന്ദര്‍ (2), ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ് (22), ഷാരൂഖ് ഖാന്‍ (11*), രാഹുല്‍ തെവാത്തിയ (0), റാഷിദ് ഖാന്‍ (4*) എന്നിവരെല്ലാം നിരാശപ്പെടുത്തി. 12 ഓവറുകള്‍ കഴിയുമ്പോള്‍ ജിടി വിക്കറ്റ് നഷ്ടമില്ലാതെ 120 റണ്‍സെടുത്തിരുന്നു. പക്ഷെ അടുത്ത എട്ടോവറില്‍ വെറും 60 റണ്‍സ് മാത്രമേ അവര്‍ക്കു ലഭിച്ചുള്ളൂ. ഇതിനിടെ ആറു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു.

ഏകാന സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ടോസിനു ശേഷം ലഖ്‌നൗ ക്യാപ്റ്റന്‍ റിഷഭ് പന്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓരോ മാറ്റങ്ങളുമായാണ് ഇരുടീമുരളും ഈ ല്‍സരത്തില്‍ ഇറങ്ങിയത്. ഓപ്പണര്‍ മിച്ചെല്‍ മാര്‍ഷിനു പകരം ഹിമ്മത്ത് സിങ് എല്‍എസ്ജി ടീമിലെത്തി. മറുഭാഗത്തു കുല്‍വന്ത് കെജ്രോളിയക്കു വാഷിങ്ടണ്‍ സുന്ദറിനെ ജിടി കളിപ്പിക്കുകയായിന്നു.
അതേസമയം, ആദ്യ കളിയില്‍ പഞ്ചാബ് കിങ്‌സിനോടു 11 റണ്‍സിനു തോറ്റു കൊണ്ടു തുടങ്ങിയ ജിടി അതിനു ശേഷം തുടരെ നാലു കളികളും ജയിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സിനെ 36 റണ്‍സിനും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ എട്ടു വിക്കറ്റിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴു വിക്കറ്റിനും രാജാസ്ഥാന്‍ റോയല്‍സിനെ 58 റണ്‍സിനുമാണ് ജിടി തുരത്തിയത്.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു ഒരു വിക്കറ്റിനു പൊരുതിത്തോറ്റു കൊണ്ട് തുടങ്ങിയ ഡിസി രണ്ടമങ്കത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ചു വിക്കറ്റിനു തോല്‍പ്പിച്ച് വിജയവഴിയില്‍ തിരിച്ചെത്തി. എന്നാല്‍ മൂന്നാം റൗണ്ടില്‍ പഞ്ചാബ് കിങ്‌സിനോടു എല്‍എസ്ജിക്കു എട്ടു വിക്കറ്റിന്റെ വന്‍ പരാജയം നേരിട്ടു.
ഈ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് തിരിച്ചുവന്ന ഡിസി അതിനു ശേഷമുള്ള രണ്ടു കളിയിലും വിജയം കൊയ്തു. മുംബൈ ഇന്ത്യന്‍സിനെ 12 റണ്‍സിനു മറികടന്ന അവര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ത്രില്ലറില്‍ നാലു റണ്‍സിനും മറികടക്കുകയായിരുന്നു.
ഇന്നത്തെ കളിയിലെ പ്ലെയിങ് 11
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പൂരന്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹിമ്മത്ത് സിങ്, ആയുഷ് ബദോനി, ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ഷര്‍ദുല്‍ ടാക്കൂര്‍, ആകാശ് ദീപ്, ആവേശ് ഖാന്‍, ദിഗ്വേഷ് റാട്ടി, രവി ബിഷ്നോയ്.
ഗുജറാത്ത് ടൈറ്റന്‍സ്- സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, അര്‍ഷദ് ഖാന്‍, റാഷിദ് ഖാന്‍, ആര്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടണ്‍ സുന്ദര്‍.