വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ വലിയ പ്രതീക്ഷയോടെ ഇറങ്ങിയ ടീമാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. കെ എല്‍ രാഹുലിനെ പുറത്താക്കി പകരം റിഷഭ് പന്തിനെ നായകനാക്കിയാണ് ഇത്തവണ ലഖ്‌നൗവിന്റെ വരവ്. വലിയ പ്രതീക്ഷയോടെ ഇറങ്ങിയ ലഖ്‌നൗവിന് ആദ്യ മത്സരത്തില്‍ നാണംകെട്ട തോല്‍വി നേരിട്ടിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത് എട്ട് വിക്കറ്റിന് 209 റണ്‍സടിച്ചിട്ടും മൂന്ന് പന്തും ഒരു വിക്കറ്റും ബാക്കിയാക്കി ഡല്‍ഹി ജയിച്ചു.
ഡല്‍ഹിയുടെ നായകസ്ഥാനം ഉപേക്ഷിച്ച് ലഖ്‌നൗവിലേക്ക് പോയ റിഷഭിന് വലിയ നാണക്കേടാവുന്ന തോല്‍വിയാണ് നേരിട്ടത്. ക്യാപ്റ്റനെന്ന നിലയില്‍ റിഷഭിന് തൊട്ടതെല്ലാം പിഴച്ചു. ആറ് പന്ത് നേരിട്ട് ഡെക്കിന് പുറത്താവുകയും ചെയ്തു. റിഷഭ് പന്തിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തിയത് ലഖ്‌നൗവിന്റെ തോല്‍വിക്ക് കാരണമായിട്ടുണ്ടെന്ന് തന്നെ പറയാം. മത്സരത്തിന് ശേഷം റിഷഭ് പന്തുമായി ലഖ്‌നൗ ടീം ഉടമ സഞ്ജീവ് ഗോയങ്കെ സംസാരിച്ചിരുന്നു.
അവസാന സീസണില്‍ ലഖ്‌നൗവിന്റെ തോല്‍വിയില്‍ നായകനായിരുന്ന കെ എല്‍ രാഹുലിനെ സഞ്ജീവ് ഇത്തരത്തില്‍ പരസ്യമായി ശകാരിച്ചിരുന്നു. ഇതാണ് രാഹുല്‍ ടീം വിടാന്‍ കാരണമായതും. ഇത് വലിയ വിവാദമായി മാറിയിരുന്നു. ഇപ്പോള്‍ റിഷഭിനോട് സഞ്ജീവ് സംസാരിച്ചതും വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ റിഷഭിനോട് പറഞ്ഞ കാര്യം സഞ്ജീവ് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.
ടീമിന്റെ പ്രകടനത്തില്‍ സംതൃപ്തിയാണുള്ളത്
ഡല്‍ഡിയോട് വിജയിക്കേണ്ട കളിയാണ് തോറ്റതെങ്കിലും ആദ്യ മത്സരത്തിലെ ടീമിന്റെ പ്രകടനത്തില്‍ സംതൃപ്തിയുണ്ടെന്നാണ് സഞ്ജീവ് പറയുന്നത്. മത്സര ശേഷം താരങ്ങളുടെ പ്രകടനത്തെ അഭിനന്ദിക്കുകയാണ് ചെയ്തത്. പോസിറ്റീവായ പല കാര്യങ്ങളും മത്സരത്തിലുണ്ടായി. ആദ്യ മത്സരമെന്ന നിലയില്‍ ടീമിന്റെ ആകെയുള്ള പ്രകടനം സംതൃപ്തി നല്‍കുന്നതാണെന്നാണ് സഞ്ജീവ് പറയുന്നത്. നായകന്‍ റിഷഭ് പന്തിനോടും ഇതേ കാര്യമാണ് സംസാരിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.

'ഈ മത്സരത്തില്‍ ലഖ്‌നൗവിനെ സംബന്ധിച്ച് പോസിറ്റീവായ പല കാര്യങ്ങളുമുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും പവര്‍പ്ലേ നമ്മള്‍ മനോഹരമായി ഉപയോഗിച്ചു. ഇതെല്ലാം സംഭവിക്കുന്ന കാര്യങ്ങളാണ്. ഞങ്ങളൊരു ചെറിയ ടീമാണ്. ഈ മത്സരത്തിലെ പോസിറ്റീവുകള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാനും അടുത്ത് മത്സരം ജയിക്കാനുമുള്ള പദ്ധതികളാണ് മനസിലുള്ളത്. നിരാശപ്പെടുത്തുന്ന മത്സരഫലമാണ് എന്നാല്‍ മികച്ചൊരു മത്സരമായിരുന്നു' സഞ്ജീവ് പറഞ്ഞു.
ലഖ്‌നൗവിന്റേത് നിരാശപ്പെടുത്തുന്ന തോല്‍വി
ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ പ്രകടനം നോക്കുമ്പോള്‍ ടീമിന്റെ തോല്‍വി തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. എട്ട് വിക്കറ്റിന് 209 എന്ന മികച്ച സ്‌കോര്‍ അടിച്ചെടുക്കാന്‍ ലഖ്‌നൗവിനായി. ബൗളിങ്ങിനിറങ്ങി 65 റണ്‍സിനിടെ ഡല്‍ഹിയുടെ അഞ്ച് പ്രധാന വിക്കറ്റുകള്‍ വീഴ്ത്താനും ലഖ്‌നൗവിനായി. ഇതിന് ശേഷമാണ് ടീം കളി കൈവിട്ടത്. ഡെത്തോവറുകളിലെ ലഖ്‌നൗവിന്റെ ഗെയിം പ്ലാന്‍ പാളിയെന്നതാണ് വസ്തുത. അശുതോഷ് ശര്‍മയുടെ പ്രകടനമാണ് ഡല്‍ഹിക്ക് അത്ഭുത ജയമൊരുക്കിയത്.
ആദ്യത്തെ 20 പന്തില്‍ 20 റണ്‍സാണ് താരം നേടിയത്. പിന്നീട് ഗിയര്‍ മാറ്റിയ താരം 31 പന്തില്‍ അഞ്ച് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 66 റണ്‍സോടെ പുറത്താവാതെ നില്‍ക്കുകയായിരുന്നു. വിപ്രജ് നിഗം 15 പന്തില്‍ അഞ്ച് ഫോറും 2 സിക്‌സും ഉള്‍പ്പെടെ 39 റണ്‍സ് നേടിയതും മത്സരത്തില്‍ വഴിത്തിരിവായി. നായകനെന്ന നിലയില്‍ റിഷഭ് പന്തിന് കാര്യമായൊന്നും ചെയ്യാനില്ലാത്ത അവസ്ഥയായിരുന്നു. മികച്ചൊരു ക്യാച്ച് നേടിയത് മാറ്റിനിര്‍ത്തിയാല്‍ ലഖ്‌നൗവിന്റെ ആകെയുള്ള പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു.
റിഷഭിന് വരുന്ന മത്സരം നിര്‍ണ്ണായകം
ഡല്‍ഹിയോടേറ്റ തോല്‍വി റിഷഭിന് വലിയ നാണക്കേട് സൃഷ്ടിച്ചിട്ടുണ്ടെന്നുറപ്പാണ്. അതുകൊണ്ടുതന്നെ വരുന്ന മത്സരം റിഷഭിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ലഖ്‌നൗവിന്റെ അടുത്ത എതിരാളികള്‍. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ പഞ്ഞിക്കിട്ട ഹൈദരാബാദ് രണ്ടാം മത്സരത്തില്‍ ലഖ്‌നൗവിന് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്. എന്തായാലും റിഷഭിന് വരുന്ന മത്സരം വളരെ പ്രധാനപ്പെട്ടതാണെന്ന് നിസംശയം പറയാം.